|    Jun 24 Sun, 2018 10:18 pm
FLASH NEWS
Home   >  National   >  

ജെഎന്‍യു; ഉമര്‍ ഖാലിദിനെ മാധ്യമങ്ങള്‍ വേട്ടയാടുന്നത് മുസ്‌ലിം ആയതിനാല്‍: പിതാവ്

Published : 19th February 2016 | Posted By: swapna en

UMAR

ന്യൂഡല്‍ഹി: തന്റെ മകനെ തീവ്രവാദിയായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ വേട്ടയാടാന്‍ കാരണം അവന്‍ മുസ്‌ലിമായതിനാലെന്നാണ്  പിതാവ് സെയ്ദ് ഖാസിം ഇല്ല്യാസ്. കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും മാധ്യമങ്ങളും പോലിസ് വിചാരണ ചെയ്യുന്നത് രണ്ടുതരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ തന്റെ മകനെ തീവ്രവാദിയായി ചിത്രീകരിക്കുകയാണ്. സര്‍ക്കാര്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് സ്വീകരിക്കുന്നത്. തന്റെ മകന്‍ ഇടത് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തി ജീവിക്കുന്ന മിടുക്കനായ വിദ്യാര്‍ത്ഥിയാണ്. പോലിസ് അവരുടെ കേസിന് ബലം വയ്ക്കാന്‍ ഒരു മുസ്‌ലിം മുഖത്തെ തേടുകയാണ്. ആ മുഖം തന്റെ മകനെ ആക്കാനുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തുന്നത്-സാമൂഹിക പ്രവര്‍ത്തകനും വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ഇല്ല്യാസ് പറഞ്ഞു.
നമ്മള്‍ എല്ലാവരും കനയ്യക്കും ഉമറിനും ഒപ്പമുണ്ട്.എന്നാല്‍ മാധ്യമങ്ങളും പോലിസും ഇതിന്് രണ്ടു മുഖമാണ് നല്‍കുന്നത്. കനയ്യ കുമാറിനെതിരേ രാജ്യദ്രോഹക്കുറ്റവും തന്റെ മകനെതിരേ തീവ്രവാദി പ്രയോഗവുമാണ് പോലിസ് ചാര്‍ത്തിയിരിക്കുന്നത്. ഇരുവരും അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് എതിരായ സംസാരിച്ചവരാണ്. പക്ഷേ രണ്ടുപേര്‍ക്കുമെതിരേ വ്യത്യസ്ത കുറ്റങ്ങളാണ് പോലിസ് ചാര്‍ത്തിയിരിക്കുന്നത്. തന്റെ മകന് യാതൊരു തീവ്രവാദ പ്രസ്താനങ്ങളുമായി ബന്ധമില്ല. എന്നിട്ടും അവന്റെ മേല്‍ തീവ്രവാദി എന്ന മുദ്രകുത്തി. തന്റെ മകനോട് തിരിച്ചുവരാനും കേസിനെ നിയമപരമായി നേരിടാനും  ആവശ്യപ്പെടുന്നു. കീഴടങ്ങനുള്ള ഒരു അന്തരീക്ഷം അവര്‍ക്ക് നല്‍കണം.മകന്റെ സുരക്ഷയെചൊല്ലി താന്‍ ആകുലനാണ്. രാജ്യദ്രോഹപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കില്‍ മകന്‍ വിചാരണ നേരിടണം. കശ്മീര്‍ വിഭജനവുമായി ബന്ധപ്പെട്ട് നിരവധി എഴുത്തുകാരും രാഷ്ട്രീയ നേതാക്കന്‍മാരും വിവാദപരമായ പ്രസ്താവനങ്ങള്‍ നടത്തുന്നു. അവര്‍ക്കെതിരേയൊന്നും രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ലേയെന്നും പിതാവ് പൊട്ടിത്തെറിച്ചുകൊണ്ട് ചോദിച്ചു.

ILYASതാന്‍ മുമ്പ് ഒരു സിമി പ്രവര്‍ത്തകനായിരുന്നു. ആ ബന്ധത്തിന്റെ പേരില്‍ തന്റെ മകനെ വേട്ടയാടരുതെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികാചരണ പരിപാടിക്കിടെ രാജ്യദ്രോഹമുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് കനയ്യ കുമാര്‍ , ഉമര്‍ ഖാലിദ് എന്നിവരടക്കം 10ത്തോളം വിദ്യാര്‍ത്ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇതില്‍ കനയ്യ ഒഴികെയുള്ളവര്‍ ഒളിവിലാണ്. ഇതില്‍ ഒളിവില്‍ കഴിയുന്ന ഉമര്‍ ഖാലിദ് ജെഎന്‍യുവിലെ ഇടതുപക്ഷ സംഘടനയായ ഡമോക്രാറ്റിക് സ്റ്റുഡന്‍സ് യൂണിയന്റെ മുന്‍ നേതാവാണ്. ബീഹാര്‍ സ്വദേശിയാണ്. ഇവര്‍ക്കുമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതു മുതലാണ് ഇവരെ കാണാതാവുന്നത്.  ബീഹാര്‍ സ്വദേശിയായ ഖാലിദിന്റെ  മൊബൈല്‍ ഫോണ്‍ സംഭവത്തിന് ശേഷം സ്വിച്ച് ഓഫ് ആണ്. ഖാലിദിന് വേണ്ടി വെസ്റ്റ്ബംഗാല്‍, കേരള, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവടങ്ങളിലും പോലിസ് അന്വേഷണം നടത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss