|    Apr 21 Sat, 2018 5:23 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജെഎന്‍യു: അക്രമം ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍; കോടതിയില്‍ അക്രമം

Published : 16th February 2016 | Posted By: SMR

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു. ജെഎന്‍യുവില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രക്ഷോഭം തുടരുന്നതിനിടെ കനയ്യകുമാറിനെ കോടതിയില്‍ ഹാജരാക്കുന്നത് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ പാട്യാല ഹൗസ് കോടതിയില്‍ അഭിഭാഷക വേഷത്തിലെത്തിയവരുടെ ആക്രമണം. ബിജെപി എംഎല്‍എ ഒ പി ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനുപിന്നില്‍.
പോലിസ് നോക്കിനില്‍ക്കെ അമ്പതോളം പേരടങ്ങുന്ന സംഘം മര്‍ദ്ദിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ ബലംപ്രയോഗിച്ച് കോടതിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സന്നാഹമായിരുന്നു ഇന്നലെ ഇന്ത്യാഗേറ്റിനു സമീപത്തെ കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്നത്. എന്നാല്‍, ഈ സമയമത്രയും ഇടപെടാതെ പോലിസ് നോക്കിനിന്നു. മര്‍ദ്ദനത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റു. കൈരളി ടിവി റിപോര്‍ട്ടര്‍ മനുശങ്കറിന്റെ കൈക്കും കാലിനും പരിക്കേറ്റു. അക്രമികള്‍ മനുശങ്കര്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി തകര്‍ക്കാന്‍ ശ്രമിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ടര്‍ സാവിത്രി തെക്കുമ്പാട്ടിനു നേരെയും കൈയേറ്റശ്രമമുണ്ടായി. പകര്‍ത്തിയ ദൃശ്യങ്ങള്‍ മായ്ച്ചുകളയണമെന്നാവശ്യപ്പെട്ട് കാമറ പിടിച്ചുവാങ്ങാനും ശ്രമം നടന്നു. കോടതി പരിസരത്തുണ്ടായിരുന്ന മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വവും ആക്രമണത്തിനിരയായി. മറ്റൊരു സിപിഐ നേതാവ് അമീഖ് ജമാഇനെ അക്രമിസംഘം മര്‍ദ്ദിച്ചവശനാക്കി. കനയ്യകുമാറിനെ കോടതിയില്‍ ഹാജരാക്കിയ സമയത്താണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. വിദ്യാര്‍ഥികള്‍ കോടതി നടപടി സ്തംഭിപ്പിച്ചെന്ന് അഭിഭാഷകര്‍ ആരോപിച്ചു. തുടര്‍ന്ന്, കോടതിമുറിയില്‍ കയറിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റത്.
ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ജെഎന്‍യു തുലയട്ടെ, ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇന്ത്യ വിടുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഘം നിങ്ങള്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ അല്ലേയെന്നു ചോദിച്ചാണ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. ഇതിനിടെ ചിലര്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. പുറത്തുപോവാന്‍ വിസമ്മതിച്ച മാധ്യമപ്രവര്‍ത്തകരെ അഭിഭാഷക വേഷത്തിലുള്ളവര്‍ തള്ളിപ്പുറത്താക്കി. ഈ സമയം അഞ്ചു വനിതകളടക്കം ഏഴ് അധ്യാപകരാണ് കോടതിയിലുണ്ടായിരുന്നത്.
അതേസമയം, ഇതൊരു നിസ്സാര സംഭവമാണെന്നായിരുന്നു ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബിഎസ് ബസിയുടെ പ്രതികരണം. എന്നാല്‍, യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കോടതി നടപടി തടസ്സപ്പെടുത്തുകയായിരുന്നുവെന്നും എഐഎസ്എഫ് പ്രസിഡന്റ് വലിയുല്ലാ ഖാദിരി പറഞ്ഞു. പത്രപ്രവര്‍ത്തകര്‍ ഇന്ന് സുപ്രിംകോടതിയിലേക്ക് മാര്‍ച്ച് നടത്തും. ആക്രമണത്തെ കേരള വര്‍ക്കിങ് ജേണലിസ്റ്റ് യൂനിയനും ഡല്‍ഹി പത്രപ്രവര്‍ത്തക യൂനിയനും അപലപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ജാവേദ് രാജിവച്ചു.
അതേസമയം, കനയ്യകുമാറിനെ രണ്ടുദിവസത്തേക്കു കൂടി കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. ജെഎന്‍യു സംഭവം എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രഞ്ജന അഗ്നിഗോത്രി എന്ന യുവതി ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss