|    Jan 23 Mon, 2017 10:41 pm

ജെഎന്‍യുവില്‍ ഇടതുപക്ഷ സംഘടനകള്‍ കൈകോര്‍ത്തത് ദലിതുകളെ തോല്‍പിക്കാന്‍

Published : 16th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ പരമശത്രുക്കളായിരുന്ന എസ്എഫ്‌ഐയും ഓള്‍ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷനും (ഐസ) കൈകോര്‍ത്തുപിടിച്ചത് ദലിത് വിദ്യാര്‍ഥിസംഘടനയായ ബപ്‌സയെ തോല്‍പിക്കാന്‍. ജനാധിപത്യം ചൂഷണവ്യവസ്ഥയാണെന്നു കരുതുന്ന സിപിഐ(എംഎല്‍)യുടെ വിദ്യാര്‍ഥിസംഘടനയാണ് ഐസ.
തിരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനത്തു വന്ന ബിര്‍സ അംബേദ്കര്‍ ഫുലേ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ബപ്‌സ) നവ ദലിത് ജാഗരണത്തിന്റെ പ്രതീകമാണ്. ജയിച്ച സ്ഥാനാര്‍ഥി മോഹിത് പാണ്ഡെക്ക് 1,954 വോട്ട് കിട്ടിയപ്പോള്‍ ബപ്‌സയുടെ രാഹുല്‍ സണ്‍സിംപ്ള്‍ 1,545 വോട്ട് നേടി സര്‍വകലാശാലയില്‍ തങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടെന്നു തെളിയിച്ചു. എബിവിപിയെ തടയാനാണ് ഇതുവരെ പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്ന തങ്ങള്‍ സഹകരിച്ചതെന്നാണ് ഇരുവിദ്യാര്‍ഥിസംഘടനകളുടെയും നേതാക്കള്‍ അവകാശപ്പെടുന്നതെങ്കിലും ബപ്‌സയെ തടയുകയാണ് ബ്രാഹ്മണ നിയന്ത്രണത്തിലുള്ള ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ യഥാര്‍ഥ ലക്ഷ്യമെന്ന് രാഹുല്‍ സണ്‍സിംപ്ള്‍ പറയുന്നു. അംബേദ്കര്‍ ബൂര്‍ഷ്വാ പിന്തിരിപ്പനാണെന്നാണ് ഇരുകൂട്ടരും ഇപ്പോഴും വാദിച്ചുകൊണ്ടിരിക്കുന്നത്. ജെഎന്‍യുവില്‍ ദലിതുകള്‍ക്കോ പാര്‍ശ്വവല്‍കൃതവിഭാഗങ്ങള്‍ക്കോ ന്യൂനപക്ഷങ്ങള്‍ക്കോ മതിയായ പ്രാതിനിധ്യമില്ലെന്നും അതിനെതിരേ ഇടതുപക്ഷം മൗനംപാലിക്കാറാണു പതിവെന്നും സണ്‍സിംപ്ള്‍ പറയുന്നു. ഇടത്-വലത് സമവാക്യത്തിലാണ് അവര്‍ക്ക് താല്‍പര്യം. അതില്‍ ദലിതുകള്‍ക്കിടമില്ല.
ദലിത്-ഇടതുപക്ഷ ഐക്യമെന്നത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലമുണ്ടായതാണ്. അതിലൂടെ അംബേദ്കറെ കൈവശപ്പെടുത്താനുള്ള ശ്രമമാണു നടക്കുന്നത്. ബപ്‌സയുടെ പ്രവര്‍ത്തനങ്ങള്‍ അന്തിമമായി ബ്രാഹ്മണ സാമൂഹികക്രമത്തിന് എതിരാണെന്നു മനസ്സിലാക്കിയതുകൊണ്ടാണ് എസ്എഫ്‌ഐയും ഐസയും സഹകരിച്ചത്. ഇരുകൂട്ടരും പല പ്രശ്‌നങ്ങളിലും ഭരണവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ പങ്കുവയ്ക്കുന്നവരാണ്. മുന്‍ യൂനിയന്‍ ചെയര്‍മാന്‍ കനയ്യകുമാറും സിപിഐയും കശ്മീര്‍ വിഷയത്തില്‍ അംബേദ്കറുടെ വീക്ഷണങ്ങള്‍ക്കെതിരാണ്. കശ്മീരില്‍ ഹിതപരിശോധന വേണമെന്നായിരുന്നു അംബേദ്കറുടെ നിലപാട്- രാഹുല്‍ സണ്‍സിംപ്ള്‍ തുടര്‍ന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക