|    Jul 21 Sat, 2018 11:24 am
FLASH NEWS

ജുവനൈല്‍ ജസ്റ്റിസ് ആക്ട് ജില്ലയില്‍ നടപ്പായില്ല; കേസുകള്‍ അട്ടിമറിക്കപ്പെടുന്നായി ആക്ഷേപം

Published : 7th September 2017 | Posted By: fsq

 

തൃശൂര്‍: ഓരോ ജില്ലയിലും കുട്ടികളുമായി ബന്ധപ്പെടുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി ജുവനൈല്‍ പോലിസ് യൂനിറ്റ് സജ്ജമാക്കണമെന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ട് ജില്ലയില്‍ ഇനിയും നടപ്പായില്ല. പോലിസ് മുറയില്‍ കൈകാര്യം ചെയ്യപ്പെടുന്ന കേസുകള്‍ പലതും അട്ടിമറിക്കപ്പെടുന്നതായും ആക്ഷേപം. കഴിഞ്ഞ എട്ടു വര്‍ഷമായി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന പി ഒ ജോര്‍ജാണ് ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്. കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ അപാകത മൂലം പല കേസുകളും താളം തെറ്റുന്നതായും അട്ടിമറിക്കപ്പെടുന്നതായും ഇദ്ദേഹം വെളിപ്പെടുത്തുന്നു. 2015ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലാണ് ഓരോ ജില്ലയിലും പ്രത്യേക ജുവനൈല്‍ പോലിസ് യൂണിറ്റ് സജ്ജമാക്കണമെന്ന സുപ്രധാന നിര്‍ദ്ദേശമുള്ളത്. എന്നാല്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് പ്രത്യേക ജുവനൈല്‍ പോലിസ് വിഭാഗം ആരംഭിക്കാനായിട്ടുള്ളത്. കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍ പ്രത്യേക പരിശീലനം ലഭിച്ച ജുവനൈല്‍ പോലിസ് ഓഫിസര്‍മാര്‍ കൈകാര്യം ചെയ്യണമെന്നാണ് ആക്ടില്‍ ശിപാര്‍ശ ചെയ്തിട്ടുള്ളത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ജുവനൈല്‍ പോലിസ് യൂണിറ്റിന്റെ ചുമതല വഹിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശം തൃശൂരടക്കമുള്ള ജില്ലകളില്‍ ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഏറെ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പോലിസ് സേനയില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് ചൂണ്ടിക്കാട്ടി ജുവനൈല്‍ പോലിസ് യൂണിറ്റ് ആരംഭിക്കാത്തത് കുട്ടികളോടുള്ള അനീതിയാണെന്നാണ് ആക്ഷേപം.  ജില്ലയില്‍ ഒരു ഡിവൈ.എസ്.പി.യേയും സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരേയും ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറായി നിയോഗിച്ചിട്ടുണ്ടെങ്കിലും മറ്റ് ജോലി തിരക്കുകളില്‍പെട്ട് കുട്ടികളുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്നാണ് ആക്ഷേപം. കാലാവധി പൂര്‍ത്തിയായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കുന്ന നടപടികള്‍ നീണ്ടു പോകുന്നതും പ്രതിസന്ധിയായി മാറുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss