|    Jun 25 Sun, 2017 10:46 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജുബൈല്‍ ഫൈസല്‍ വധം: ഒന്നാം പ്രതി ഭരതന് വധശിക്ഷ; രണ്ടാം പ്രതി എല്‍ദോക്ക് 10 വര്‍ഷം തടവ്

Published : 1st December 2016 | Posted By: SMR

ജുബൈല്‍: സൗദി അറേബ്യയിലെ വ്യവസായ നഗരമായ ജുബൈലില്‍ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഫൈസലിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി തമിഴ്‌നാട് കടലൂര്‍ കാമപുരം സ്വദേശി ഭരതന് വധശിക്ഷ. രണ്ടാംപ്രതി എറണാകുളം മൂവാറ്റുപുഴ നെല്ലാട് മുഴുവന്നൂര്‍ എല്‍ദോ വര്‍ഗീസിന് പത്ത് വര്‍ഷം തടവും ജുബൈല്‍ ശരീഅത്ത് കോടതി ശിക്ഷിച്ചു.
കേസ് വിചാരണ ചെയ്ത പ്രാഥമിക കോടതി ഭരതന് വധശിക്ഷയും എല്‍ദോ വര്‍ഗീസിന് അഞ്ച് വര്‍ഷം കഠിന തടവും വിധിച്ചിരുന്നു. ഭരതന് വധശിക്ഷ സ്ഥിരീകരിച്ച കോടതി എല്‍ദോക്ക് അഞ്ച് വര്‍ഷം കൂടി ശിക്ഷ വര്‍ധിപ്പിച്ചു. ശിക്ഷയില്‍ ഇളവുതേടി പ്രതികള്‍ക്കും കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് ഫൈസലിന്റെ കുടുംബത്തിനും മേല്‍കോടതിയില്‍ മുപ്പത് ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാമെന്ന് കോടതി വ്യക്തമാക്കി.
എട്ട് വര്‍ഷം മുമ്പാണ് ജുബൈല്‍ ജനറല്‍ ആശുപത്രിയി ല്‍ ജോലി ചെയ്തിരുന്ന ഫൈസലിനെ കുടിവെള്ളം പോലും നല്‍കാതെ കൂരമായി വധിച്ചത്. വ്യാഴാഴ്ച രാത്രി കാണാതായ ഫൈസലിന്റെ മൃതദേഹം ശനിയാഴ്ച പുലര്‍ച്ചെയാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി മുതല്‍ തന്റെ മുറിയില്‍ വായില്‍ ടേപ്പ് ഒട്ടിച്ച് കെട്ടിയിട്ട ഫൈസലിനെ കഴുത്തില്‍ വയര്‍ കുരുക്കിയാണ് ഭരതന്‍ കൊലപ്പെടുത്തിയത്. രണ്ട് ദിവസത്തെ പീഡനത്തിന് ശേഷം നടത്തിയ കൊലപാതകത്തിലെ ക്രൂരത കണക്കിലെടുത്താണ് ഭരതന് വധശിക്ഷ വിധിച്ചത്. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും താനാണെന്ന് ഭരതന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
കൊലപാതകം മൂടിവച്ചതിനും കൊല നടത്തുന്നതിന് സാഹചര്യം ഒരുക്കിക്കൊടുത്തതിനുമാണ് എല്‍ദോ വര്‍ഗീസിന് ശിക്ഷ. സൗദിയില്‍ ജോലിക്കെത്തി മാസങ്ങള്‍ മാത്രം പിന്നിട്ട താന്‍ ഭയം മൂലമാണ് കൃത്യത്തില്‍ പങ്കാളിയായതെന്ന് എല്‍ദോ പറഞ്ഞു. അബ്ദുല്‍ കരീം ഖാസിമി, അബ്ദുല്‍ ഖാദര്‍ ബാഖവി എന്നിവര്‍ പരിഭാഷകരായി ഹാജരായി. ഫൈസലിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് മുഹമ്മദ് മാട്ടൂല്‍ നേരിട്ട് ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക