|    Oct 15 Mon, 2018 6:42 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജുഡീഷ്യല്‍ പരിഷ്‌കാരങ്ങള്‍ : ഡല്‍ഹിയിലെ നിരവധി കീഴ്‌ക്കോടതികള്‍ ഇല്ലാതായി

Published : 11th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജുഡീഷ്യറിയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനുള്ള നടപടികളുമായി ഡല്‍ഹി ഹൈക്കോടതി. രാജ്യതലസ്ഥാനത്തെ കീഴ്‌കോടതികളില്‍ കാര്യക്ഷമമായ രീതിയില്‍ ഭരണനിര്‍വഹണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 87 ജുഡീഷ്യല്‍ ഓഫിസര്‍മാരെ സ്ഥലംമാറ്റുകയും 15 കീഴ്‌കോടതികള്‍ നിര്‍ത്തലാക്കുകയം ചെയ്തു. ഡല്‍ഹി ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 13 ട്രാഫിക് കോടതികളും 15 കീഴ്‌കോടതികളുമാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. മറ്റു പല കോടതികളും പുനര്‍നിര്‍ണയിച്ചിട്ടുമുണ്ട്. ഈമാസം ഏഴിന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മാറ്റങ്ങള്‍ തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തില്‍വരുക. ജസ്റ്റിസ് മിത്തലും മറ്റു അഞ്ച് ഹൈക്കോടതി ജഡ്ജിമാരും അടങ്ങിയ സംഘം ഡല്‍ഹിയിലെ വിവിധ ജില്ലാ കോടതികളില്‍ രണ്ടാഴ്ച മുമ്പ് മുന്നറിയിപ്പില്ലാതെ സന്ദര്‍ശനം നടത്തി കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക തീരുമാനം വന്നിരിക്കുന്നത്. ഓട്ടോറിക്ഷയിലെത്തിയായിരുന്നു ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ പരിശോധിച്ചിരുന്നത്. തീസ്ഹസാരിയിലെ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതി, രണ്ട് മെട്രോപൊളിറ്റിയന്‍ മജിസ്‌ട്രേറ്റ്, നാലു സിവില്‍ കോടതികള്‍ എന്നിവയും നിര്‍ത്തലാക്കി. ഈസ്റ്റ്, സൗത്ത്, സൗത്ത് ഈസ്റ്റ് ജില്ലകളിലെ ഓരോ മജിസ്‌ട്രേറ്റ് കോടതികളും സൗത്ത് വെസ്റ്റ് ജില്ലയിലെ മൂന്ന് മജിസ്‌ട്രേറ്റ് കോടതികളും അടച്ചുപൂട്ടി. 13 ട്രാഫിക് കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഇവ മെട്രോപൊളിറ്റിയന്‍ മജിസ്‌ട്രേറ്റ് കോടതികളായി പുനര്‍ നിര്‍ണയിച്ചിട്ടുണ്ട്. അതേസമയം, ദേശീയ തലസ്ഥാന നഗരിയിലെ ട്രാഫിക് കോടതികള്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ത്തലാക്കി. ഇന്ന് മുതല്‍ അവ പ്രവര്‍ത്തിക്കില്ല. ഡല്‍ഹിയില്‍ 13 ട്രാഫിക് കോടതികളാണ് ഉണ്ടായിരുന്നത്. ഗതാഗത നിയന്ത്രണ ചട്ടങ്ങള്‍ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളാണ് ട്രാഫിക് കോടതികള്‍ കൈകാര്യം ചെയ്തിരുന്നത്. 55,000 കേസുകള്‍ ഈ കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. അവ ഇനി മജിസ്‌ട്രേറ്റ് കോടതികള്‍ കൈകാര്യം ചെയ്യും. ദീര്‍ഘകാലം ട്രാഫിക് കോടതികളില്‍ നിയമിക്കപ്പെട്ട ചില മജിസ്‌ട്രേറ്റുമാരുടെ പരാതി കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍, ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ സുതാര്യമാക്കുന്നതിനും ട്രാഫിക്കുമായി ബന്ധപ്പെട്ട കേസുകളില്‍ കൂടുതല്‍ കക്ഷി സൗഹൃദം സൃഷ്ടിക്കുന്നതിനുമാണ് കോടതി നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss