|    Dec 11 Tue, 2018 3:12 am
FLASH NEWS
Home   >  Editpage  >  Editorial  >  

ജുഡീഷ്യല്‍ നിയമന കമ്മീഷന്‍: പ്രതീക്ഷ മങ്ങുന്നുവോ?

Published : 3rd December 2018 | Posted By: kasim kzm

ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനുമായി ബന്ധപ്പെട്ട പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളിയതോടെ അക്കാര്യത്തിലുള്ള പ്രതീക്ഷയ്ക്കു മങ്ങലേറ്റിരിക്കുകയാണ്. ഹൈക്കോടതികളിലെയും സുപ്രിംകോടതിയിലെയും ജഡ്ജിമാരെ നിയമിക്കാന്‍ നിലവിലുള്ള കൊളീജിയം സംവിധാനത്തിനു പകരമായാണ് ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. എന്നാല്‍, അതു റദ്ദാക്കി കൊളീജിയം പുനസ്ഥാപിച്ച 2015ലെ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേ നല്‍കിയ പുനപ്പരിശോധനാ ഹരജിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്.
ജനങ്ങളോട് കണക്കുപറയാനുള്ള ഉത്തരവാദിത്തം എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ഉണ്ടായിരിക്കുകയെന്നതാണ് ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കുന്ന രീതി. ലെജിസ്‌ലേച്ചറിലും എക്‌സിക്യൂട്ടീവിലും ഉടലെടുക്കുന്ന അനീതികളും അധാര്‍മികതകളും അഴിമതിയുമെല്ലാം ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ അവലംബമാക്കുന്നത് ജുഡീഷ്യറിയെ ആണ്. ജുഡീഷ്യറിയുടെ നിഷ്പക്ഷതയും അവസരോചിതമായ ഇടപെടലുകളുമാണ് ലെജിസ്‌ലേച്ചറിനെയും എക്‌സിക്യൂട്ടീവിനെയും അഥവാ, പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളുമായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും നേര്‍വഴി നടത്താന്‍ ജനങ്ങള്‍ക്കു ധൈര്യമേകുന്നത്. എന്നാല്‍, ജുഡീഷ്യറിയും കൂടി ഇത്തരമൊരു അക്കൗണ്ടബിലിറ്റിക്കു വിധേയമാവേണ്ടതുണ്ട്. അപ്പോഴേ നീതിന്യായ സംവിധാനം സുതാര്യവും കുറ്റമറ്റതുമാണെന്ന് ഉറപ്പുവരുത്താനാവൂ.
ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ മാത്രമല്ല, അതിനു കേന്ദ്രസര്‍ക്കാര്‍ അധികാരം നല്‍കുന്ന 99ാം ഭരണഘടനാ ഭേദഗതിയും 2015ലെ വിധിയില്‍ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. തങ്ങളുടെ അധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തുന്നു എന്ന ആക്ഷേപമാണ് ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്നത്. എന്നാല്‍, സൂക്ഷ്മതലത്തില്‍ പരിശോധിക്കുമ്പോള്‍ ഈ ആരോപണം അടിസ്ഥാനരഹിതവും യുക്തിദീക്ഷ ഇല്ലാത്തതുമാണെന്ന് കാണാം. മുതിര്‍ന്ന ന്യായാധിപന്മാര്‍, പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും ചേര്‍ന്നു തിരഞ്ഞെടുക്കുന്ന രണ്ടു നിയമജ്ഞര്‍, നിയമമന്ത്രി എന്നിവര്‍ അടങ്ങുന്നതാണ് ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍. സാമൂഹിക ശാസ്ത്രജ്ഞരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ സുതാര്യമായ സ്വഭാവത്തോടെ നിയമന കമ്മീഷന്‍ രൂപവല്‍ക്കരിക്കാനായാല്‍ എത്ര നന്നായേനെ. എന്നാല്‍, സുപ്രിംകോടതി വിധി ഈ ചിന്തകളെയെല്ലാം അസാധ്യമാക്കിതീര്‍ത്തിരിക്കുകയാണിപ്പോള്‍.
അസൂയാവഹമായ ഒരു സുരക്ഷിതവലയത്തിലാണ് ഇപ്പോള്‍ ജുഡീഷ്യറിയുള്ളത്. അതിനുള്ളിലെ നിയമനങ്ങളില്‍ തീരുമാനമെടുക്കുന്നത് അവര്‍ മാത്രമാണ്. അടുത്തകാലത്ത് ചീഫ് ജസ്റ്റിസിനെതിരേ ഉയര്‍ന്നുവന്ന സഹന്യായാധിപന്മാരുടെ വിമര്‍ശനങ്ങളും പത്രസമ്മേളനങ്ങളുമെല്ലാം ജുഡീഷ്യറിയെ ബാധിച്ച ചില ദുഷ്പ്രവണതകളുടെ ദൃഷ്ടാന്തങ്ങളാണ്. അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്തുന്നതടക്കമുള്ള വിധികളുമെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമായി എഴുതിത്തള്ളാനുമാവില്ല. സ്വതന്ത്രവും സുതാര്യവുമായ നീതിന്യായ സംവിധാനം നമുക്ക് അപ്രാപ്യമാവാതിരിക്കാനുള്ള ജാഗ്രത വേണ്ടതുണ്ട്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss