|    Dec 15 Sat, 2018 1:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജുഡീഷ്യല്‍ നിയമന കമ്മീഷന്‍: പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി

Published : 2nd December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തെ ഹൈക്കോടതികളിലെയും സുപ്രിംകോടതിയിലെയും ജഡ്ജിമാരെ നിയമിക്കാന്‍ അധികാരമുള്ള ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ (എന്‍ജെഎസി) റദ്ദാക്കി കൊളീജിയം പുനസ്ഥാപിച്ചുള്ള 2015ലെ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെതിരായ പുനപ്പരിശോധനാ ഹരജി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് നടപടി. പുനപ്പരിശോധനാ ഹരജി മുഴുവനായി പരിശോധിച്ചെന്നും അന്നത്തെ ഉത്തരവ് പുനപ്പരിശോധിക്കേണ്ട യാതൊരു ആവശ്യവും ഇപ്പോഴില്ലെന്നും വ്യക്തമാക്കിയാണ് കോടതിയുടെ നടപടി.
നിയമന കമ്മീഷന്‍ കേസിലെ വിധി പുറത്തുവന്ന് 470 ദിവസങ്ങള്‍ കഴിഞ്ഞാണ് പുനപ്പരിശോധനാ ഹരജി നല്‍കിയതെന്നും കോടതി വ്യക്തമാക്കി.
നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ പുനപ്പരിശോധനാ ഹരജി നല്‍കണമെന്ന വ്യവസ്ഥ തെറ്റിച്ചതിന് ഹരജിക്കാര്‍ തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. പുനപ്പരിശോധനാ ഹരജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യവും ബെഞ്ച് പരിഗണിച്ചില്ല. സാധാരണ പുനപ്പരിശോധനാ ഹരജികള്‍ ജഡ്ജിമാര്‍ അവരുടെ ചേംബറില്‍ വച്ചാണ് പരിഗണിക്കാറുള്ളത്. ചീഫ് ജസ്റ്റിസിനു പുറമെ, ജഡ്ജിമാരായ മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ്, എ എം ഖാന്‍വില്‍കര്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഭരണഘടനാ വിരുദ്ധവും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവുമാണെന്നു ചൂണ്ടിക്കാട്ടി അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജെ എസ് ഖേഹാര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് 2015 ഒക്ടോബറിലാണ് ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ റദ്ദാക്കി കൊളീജിയം പുനസ്ഥാപിച്ചത്.
ബെഞ്ചിലെ ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ വിയോജിപ്പുണ്ടായിരുന്നെങ്കിലും ഭൂരിപക്ഷ വിധിയോടെയായിരുന്നു തീരുമാനം. നിയമന കമ്മീഷന്‍ രൂപീകരിക്കാനായി കൊണ്ടുവന്ന 99ാം ഭരണഘടനാ ഭേദഗതിയും സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരണത്തിനെതിരേയുള്ള പരാതികള്‍ വിപുലമായ ബെഞ്ചിനു വിടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു.
ജഡ്ജിമാരെ നിയമിക്കുന്നതില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതിനു നിയമമന്ത്രിയെ കൂടി ഉള്‍പ്പെടുത്തി ഭരണഘടനയുടെ 124ാം വകുപ്പ് ഭേദഗതി ചെയ്താണ് നരേന്ദ്രമോദി സര്‍ക്കാര്‍ 2015 ഏപ്രിലില്‍ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിച്ചത്. രണ്ടു മുതിര്‍ന്ന ജഡ്ജിമാര്‍, കേന്ദ്ര നിയമമന്ത്രി എന്നിവരും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ചേര്‍ന്നു തിരഞ്ഞെടുക്കുന്ന രണ്ടു പ്രമുഖ നിയമജ്ഞരും അടങ്ങുന്ന അഞ്ചംഗ കമ്മീഷനാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss