|    Sep 22 Fri, 2017 5:04 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജുഡീഷ്യറിയെ വരുതിയിലാക്കാന്‍ കേന്ദ്രനീക്കം; ജഡ്ജിമാരെക്കുറിച്ച് ഐബി അന്വേഷിക്കും

Published : 11th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഹൈക്കോടതികളിലേക്കും സുപ്രിംകോടതിയിലേക്കും ജഡ്ജിമാര്‍ക്കു സ്ഥാനക്കയറ്റം നല്‍കാന്‍ കൊളീജിയം തയ്യാറാക്കുന്ന പട്ടികയിലുള്ളവരെക്കുറിച്ചു രഹസ്യാന്വേഷണ ബ്യൂറോ അന്വേഷിക്കും. ഇതുസംബന്ധിച്ച് ഐബിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കെ നീതിന്യായ മേഖലയെ വരുതിയിലാക്കാനാണു സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് ആരോപണമുണ്ട്. ആത്മാര്‍ഥതയില്‍ സംശയമുള്ള ആരും നിയമിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് കൊളീജിയം ശുപാര്‍ശചെയ്തവരെക്കുറിച്ച് അന്വേഷണം നടത്താന്‍ ഐബിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നിലവിലുള്ളതോ വിരമിച്ചതോ ആയ ജഡ്ജിമാരുമായി ശുപാര്‍ശ ചെയ്യപ്പെട്ട ജഡ്ജിമാര്‍ക്കുള്ള ബന്ധവും ഐബി അന്വേഷിക്കും.
നിലവില്‍ ഐബി നടത്തുന്നതു നാമമാത്ര പരിശോധനയാണ്. ജഡ്ജിമാരായി നിയമിക്കപ്പെടുന്ന അഭിഭാഷകരുടെ ബയോഡാറ്റ പോലും ഐബിക്ക് ലഭിക്കാറില്ല. ഈ സാഹചര്യം മാറ്റുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ പത്രം റിപോര്‍ട്ട് ചെയ്തു. സത്യസന്ധത, വ്യക്തിബന്ധങ്ങള്‍ എന്നിവ ഇനി സൂക്ഷ്മമായി പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐബി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും നിയമനം സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുക. പ്രതികൂലമായ റിപോര്‍ട്ടാണ് ലഭിക്കുന്നതെങ്കില്‍ തീരുമാനം പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെട്ടു വിഷയം കൊളീജിയത്തിനു സമര്‍പ്പിക്കും. അലഹബാദ്, ഡല്‍ഹി, പഞ്ചാബ്-ഹരിയാന, ചെന്നൈ എന്നീ ഹൈക്കോടതികളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം ശുപാര്‍ശ ചെയ്ത ജഡ്ജിമാരെക്കുറിച്ചാവും ഐബിയുടെ ആദ്യ വിശദപരിശോധന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക