|    Jan 21 Sat, 2017 11:54 am
FLASH NEWS

ജുഡീഷ്യറിയില്‍ മുസ്ലീം പ്രാതിനിധ്യം കുറവെന്ന് കണക്കുകള്‍

Published : 14th January 2016 | Posted By: G.A.G

supremecourtന്യൂഡല്‍ഹി : രാജ്യത്ത് ജുഡീഷ്യറിയുടെ ഉയര്‍ന്ന മേഖലകളില്‍ മുസ്ലീം പ്രാതിനിധ്യം ജനസംഖ്യാ അനുപാതത്തിലല്ലെന്ന് കണക്കുകള്‍. കേന്ദ്ര നീതിന്യായ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു.
2011 സെന്‍സസ് പ്രകാരം മുസ്ലീങ്ങളുടെ എണ്ണം ജനസംഖ്യയുടെ 14.2 ശതമാനമാണ്. രാജ്യത്തെ 24 ഹൈക്കോടതികളിലായി 1044 സിറ്റിങ് ജഡ്ജിമാരുടെ പദവികളാണുള്ളത്. ഇതില്‍ 443 പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ബാക്കിയുള്ള 601 ജഡ്ജിമാരില്‍ 26 പേര്‍മാത്രമാണ് മുസ്ലീങ്ങള്‍. അതായത്, 4.3 ശതമാനം മാത്രം. ജനസംഖ്യയുമായി തട്ടിച്ചുനോക്കിയാല്‍ 86 മുസ്ലീം ജഡ്ജിമാരെങ്കിലും ഉണ്ടാകേണ്ടിടത്താണ് 26 പേര്‍. ഇവരില്‍ എട്ടുപേര്‍ ഈ വര്‍ഷം റിട്ടയര്‍ ചെയ്യും. അടുത്തവര്‍ഷം മൂന്നുപേര്‍ കൂടി വിരമിക്കുന്നതോടെ ഈ സംഖ്യ 20 ആയി ചുരുങ്ങും.
സംസ്ഥാനം തിരിച്ച്് നോക്കുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവുമധികം മുസ്ലീങ്ങളുള്ള സംസ്ഥാനമായ ആസാമിലെ ഗുവാഹതി ഹൈക്കോടതിയില്‍ 16 സിറ്റിങ് ജഡ്ജിമാരുള്ളതില്‍ ഒരാള്‍ പോലും മുസ്ലീമല്ല.
ജനസംഖ്യയുടെ 68.3 ശതമാനത്തിലേറെ മുസ്ലീങ്ങളുള്ള ജമ്മു കശ്മീരില്‍ 10 സിറ്റിങ് ജഡ്ജിമാരുള്ളതില്‍ 3 പേര്‍ മാത്രമാണ് മുസ്ലീങ്ങള്‍. ഇവര്‍ മൂന്നുപേരും അടുത്ത ജനുവരിയില്‍ വിരമിക്കുകയും ചെയ്യും. ഹൈദരാബാദിലെയും രാജസ്ഥാനിലെയും ഹൈക്കോടതികളില്‍ ഓരോ സിറ്റിങ് ജഡ്ജിമാര്‍ മാത്രമാണ് മുസ്ലീങ്ങള്‍. ജനസംഖ്യയുടെ പത്തുശമാനത്തോളം മുസ്ലീങ്ങളാണിവിടെ എന്നോര്‍ക്കേണ്ടതുണ്ട്്്.
കേരള ഹൈക്കോടതിയിലാണ് ഏറ്റവുമധികം മുസ്ലീം ജഡ്ജിമാരുള്ളത്്.-അഞ്ചുപേര്‍. എങ്കിലും ഇതും ജനസംഖ്യാ അനുപാതത്തിലല്ല. സംസ്ഥാനത്തെ 26 ശതമാനം പേര്‍ മുസ്ലീങ്ങളാണെന്നിരിക്കേ 35ല്‍ ഒന്‍പത് പേരെങ്കിലും മുസ്ലീങ്ങളാകേണ്ടിടത്താണ് അഞ്ചുപേര്‍ എന്നതാണ് വസ്തുത.
രാജ്യത്തെ 24 ഹൈക്കോടതികളില്‍ 12 എണ്ണത്തിലും മുസ്ലീം ജഡ്ജിമാരേയില്ല. ആസാം, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്-ഹരിയാന, ഉത്തരാഖണ്ഡ്, മണിപൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ മുസ്ലീങ്ങള്‍ ജനസംഖ്യയില്‍ ശ്രദ്ധേയ സാന്നിധ്യമാണെങ്കിലും ഇവിടങ്ങളിലെ ഹൈക്കോടതികളില്‍ മുസ്ലീം ജഡ്ജിമാരേയില്ല. മുസ്ലീങ്ങള്‍ താരതമ്യേന കുറവായ ഹിമാചല്‍പ്രദേശ്, ചത്തീസ്ഗഡ്, മേഖാലയ, ഒഡിഷ എന്നിവിടങ്ങളിലെ സ്ഥിതിയും ഇതുതന്നെ.
സുപ്രീം കോടതിയിലെ സ്ഥിതി ഇതിനേക്കാള്‍ കഷ്ടമാണ്. 26 സിറ്റിങ് ജഡ്ജിമാരില്‍ രണ്ട് മുസ്ലിങ്ങള്‍ മാത്രമാണ് രാജ്യത്തെ പരമോന്നത കോടതിയിലുള്ളത്്. ഇവര്‍ രണ്ടുപേരും ഈ വര്‍ഷം തന്നെ വിരമിക്കും.
ഒഴിവുള്ള തസ്തികകളിലേക്ക്് നിയമനം നടത്തുമ്പോള്‍ മുസ്ലീങ്ങളുള്‍പ്പടെയുള്ള എല്ലാ പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കും ആനുപാതികമായ പ്രാതിനിധ്യം നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാനാവുമെന്ന്് ഇതേക്കുറിച്ച്് പഠനം നടത്തിയ നാഷണല്‍ ലോയേഴ്‌സ് നെറ്റ് വര്‍ക്ക്് ജോയന്റ് കണ്‍വീനര്‍ അഡ്വ. എ മുഹമ്മദ് യുസുഫ് പറയുന്നു. ഇതോടൊപ്പം സമര്‍ഥരായ മുസ്ലീം അഭിഭാഷകരെ ജഡ്ജിസ്ഥാനത്തേക്ക്്് ഉയരാന്‍ ആവശ്യമായ പ്രോല്‍സാഹനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകവഴിയും സ്ഥിതിയില്‍ മാറ്റമുണ്ടാക്കാം എന്ന്് അദ്ദേഹം അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 101 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക