|    Nov 17 Sat, 2018 4:07 am
FLASH NEWS
Home   >  National   >  

ജുഡീഷ്യറിയില്‍ പൊട്ടിത്തെറി : സുപ്രീംകോടതി കുത്തഴിഞ്ഞുവെന്ന് 4 ജഡ്ജിമാരുടെ പ്രഖ്യാപനം

Published : 12th January 2018 | Posted By: G.A.G

ന്യൂഡല്‍ഹി : ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തില്‍ ഇതുവരെയുണ്ടായിട്ടില്ലാത്ത നാടകീയ സംഭവങ്ങള്‍. ചീഫ് ജസ്റ്റീസിനെതിരെ പ്രതിഷേധിച്ച നാല്  മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നിറുത്തിവച്ച് വാര്‍ത്താസമ്മേളനം നടത്തി സുപ്രീംകോടതി പ്രവര്‍ത്തനം കുത്തഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചു.
ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ കോടതികള്‍ നിറുത്തിവച്ച് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു. ജുഡീഷ്യറിയിലെ അസാധാരണ സംഭവമാണിതെന്ന് വിശേഷിപ്പിച്ച ജ. ചെലമേശ്വര്‍ പ്രതിഷേധം കോടതിയുടെ മഹത്വം ഉയര്‍ത്തിപ്പിക്കാന്‍ വേണ്ടിയാണെന്നും പറഞ്ഞു.
കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വേണം, സുതാര്യതയില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും ചെലമേശ്വര്‍ പറഞ്ഞു.

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇടപെടണമെന്ന് തങ്ങള്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അത് വേണ്ട രീതിയില്‍ പരിഗണിച്ചില്ല എന്നുമാണ് ജഡ്ജിമാര്‍ ആരോപിച്ചത്. “ഒരു കാര്യം ശരിയായ രീതിയില്‍ ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് അദ്ദേഹം തയാറായില്ല”-ജഡ്ജിമാര്‍ ആരോപിച്ചു.
ജസ്റ്റിസ് ബി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് തര്‍ക്കങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്.

UPDATING :

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് രാജ്യം തീരുമാനിക്കട്ടേ എന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ കൊളീജിയം അംഗങ്ങളായ ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ്,എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

“കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും.”
“ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി രാവിലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു”
“സുപ്രീംകോടതിയുടെ ഭരണസംവിധാനം ക്രമത്തില്ല”
“എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്കു മുന്നിലെത്തുന്നത്.”
കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ തീരുമാനിക്കുന്നതില്‍ വിവേചനമുണ്ടെന്നും ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ അധികാരം പരമമല്ലെന്നുമാണ് ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍  കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്്.
സമന്‍മാരിലെ മുമ്പന്‍ മാത്രമാണ് ചീഫ് ജസ്റ്റിസ്. അദ്ദേഹത്തിന് ഭരണച്ചുമതല മാത്രമെയുള്ളൂ. കീഴ്‌വഴക്കങ്ങള്‍ കാറ്റില്‍ പറത്തുന്നത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കും. തോന്നിയപോലെ ബെഞ്ചുകള്‍ മാറ്റിമറിക്കാന്‍ ആര്‍ക്കും അധികാരമില്ല. സുപ്രീം കോടതി ഉത്തരവുകള്‍ നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നു. ഹൈക്കോടതികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം പോലും തടസ്സപ്പെടുന്നു എന്നുള്ള ആരോപണങ്ങളും ജഡ്ജിമാര്‍ ഉന്നയിച്ചു.

നാല് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത് തേജസിന് ലഭിച്ചു
ഇവിടെ വായിക്കാം :

View Fullscreen

സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സിബിഐ പ്രത്യേക ജഡ്ജി ബി എച്ച് ലോയയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കേയാണ് രാജ്യത്തെ ഞെട്ടിച്ച നാടകീയ സംഭവങ്ങള്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ ആരോപണം ഉയര്‍ന്ന സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകനാണു ഹരജി നല്‍കിയത്.
2014ലെഡിസംബര്‍ ഒന്നിനാണ് സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെ ലോയ മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ലോയയുടെ സഹോദരി കഴിഞ്ഞവര്‍ഷം രംഗത്തെത്തിയതോടെയാണ് കേസ് വീണ്ടും ശ്രദ്ധാകേന്ദ്രമായത്.

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss