|    Sep 21 Fri, 2018 1:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജീവിതസാഫല്യ നിറവില്‍ തീര്‍ത്ഥാടകര്‍ മിനായില്‍

Published : 22nd August 2018 | Posted By: kasim kzm

സലീം ഉളിയില്‍

മക്ക: ജീവിതസാഫല്യ നിറവില്‍ തീര്‍ത്ഥാടകര്‍ ഹജ്ജിന്റെ അവസാനവട്ട കര്‍മങ്ങളില്‍. ഇന്നലെ പുലര്‍ച്ചെയോടെ തന്നെ മുസ്ദലിഫയില്‍ നിന്ന് പിശാചിന്റെ പ്രതീകമായ ജംറയില്‍ കല്ലെറിയുന്നതിനായി കല്ലുകള്‍ ശേഖരിച്ച് മിനായിലേക്ക് തിരിച്ചിരുന്നു. അറഫാസംഗമത്തിനുശേഷം മഷാഇര്‍ ട്രെയിന്‍, ബസ്സുകള്‍ എന്നിവ ഉപയോഗപ്പെടുത്തിയാണ് ഹാജിമാര്‍ മുസ്ദലിഫയിലേക്ക് എത്തിയത്. ചിലര്‍ കാല്‍നടയായും മുസ്ദലിഫയിലേക്ക് തിരിച്ചിരുന്നു. വന്‍ തിരക്കാണ് അറഫ-മുസ്ദലിഫ റോഡില്‍ അനുഭവപ്പെട്ടത്. കല്ലേറുകര്‍മം നടക്കുന്ന ജംറയില്‍ കനത്ത തിരക്ക് നിയന്ത്രിക്കുന്നതിന് വിവിധ മുത്വവിഫുകള്‍ക്ക് വ്യത്യസ്ത സമയം ക്രമീകരിച്ചുനല്‍കിയിരുന്നു. ജംറത്തുല്‍ അഖബ, ജംറത്തുല്‍ വുസ്ത, ജംറത്തുല്‍ സുഹ്‌റ എന്നിവിടങ്ങളിലാണ് കല്ലേറുകര്‍മം നടത്തേണ്ടത്. ഇന്നലെ ജംറകളില്‍ കല്ലേറുകര്‍മം നടത്തിയ ഹാജിമാര്‍ മസ്ജിദുല്‍ ഹറമിലെത്തി ത്വവാഫും സഅയും ചെയ്തശേഷം തല മുണ്ഡനം ചെയ്ത് ഇഹ്‌റാമില്‍ നിന്ന് ഭാഗികമായി വിരമിക്കും. തുടര്‍ന്ന് രണ്ടു ദിവസം കൂടി മിനായില്‍ താമസിച്ച് ബാക്കി ദിവസങ്ങളിലെ കല്ലേറുകര്‍മം കൂടി നിര്‍വഹിച്ച് അവര്‍ മിനാ താഴ്‌വരയോട് വിടപറയും. ഇന്ത്യന്‍ ഹാജിമാരുടെ മിനായിലെ ടെന്റ് സൂഖുല്‍ അറബ്, ഷാര ജൗഹറ, ഷാര ജദീദ് എന്നിവിടങ്ങളിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ താല്‍ക്കാലിക ഓഫിസ് ടെന്റ് 33ല്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് അടുത്തായാണ് മെഡിക്കല്‍ വിഭാഗവും പ്രവര്‍ത്തിക്കുന്നത്. അറഫാസംഗമത്തിനുശേഷം ഹാജിമാര്‍ മിനായില്‍ എത്തിയതോടെ കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ സേവനത്തിന് ഇറങ്ങിയിട്ടുണ്ട്. കെഎംസിസി, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, ഹജ്ജ് വെല്‍ഫെയര്‍ ഫോറം, ആര്‍എസ്‌സി, വിഖായ, സവാ, കെസിഎഫ് എന്നീ സംഘടനകളുടെ ബാനറുകളിലാണ് സേവനം. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയിട്ടുള്ളത്. അവസാന ഹാജിയും മിനായില്‍ നിന്ന് തിരിച്ചു പോവുന്നതോടെ വോളന്റിയര്‍മാരും മിനായില്‍ നിന്ന് മടങ്ങും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss