ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് വെല്‍നെസ് സെന്ററുകള്‍
Published : 24th July 2016 | Posted By: sdq
ദോഹ: ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കുകയെന്ന ലക്ഷ്യവുമായി വെല്‍നെസ് സെന്ററുകള്‍. ആരോഗ്യകരമായ ജീവിതശൈലി പ്രോല്‍സാഹിപ്പിക്കുന്നതിന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ കീഴിലുള്ള വെല്‍നെസ് സെന്ററുകള്‍ നിര്‍ണായകമാവുകയാണ്. ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കുകയെന്നതാണ് ഇത്തരം കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നത്.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന് ജനങ്ങളെ പ്രേരിപ്പിക്കുന്നതില്‍ ഈ കേന്ദ്രങ്ങള്‍ വലിയ പങ്കുവഹിക്കുമെന്ന് അധികൃതര്‍ പറയുന്നു. ജനങ്ങള്‍ക്ക് ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് അനുയോജ്യമായ വിധത്തിലാണ് വെല്‍നെസ് കേന്ദ്രങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന്(പിഎച്ച്സിസി) മാനേജിങ് ഡയറക്ടര്‍ ഡോ.മറിയം അബ്ദുല്‍ മാലിക് പറഞ്ഞു. ഉം സലാലിലെ പുതിയ വെല്‍നെസ് കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിലാണ് ഡോ.മറിയം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
വെല്‍നെസ് കേന്ദ്രങ്ങളിലെ സേവനങ്ങളിലൂടെയും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പോഷകാഹാര വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ പ്രതിരോധ നടപടികളിലൂടെയും ആരോഗ്യകരമായ ജീവിതം രൂപപ്പെടുത്താന്‍ സമൂഹത്തിന് കഴിയും. ഇതിനുള്ള സഹായങ്ങള്‍ വെല്‍നെസ് കേന്ദ്രങ്ങള്‍ നല്‍കും. അടുത്തിടെ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ 17 ശതമാനം മുതിര്‍ന്നവരും പ്രമേഹ ബാധിതരാണ്. കൂടാതെ അമിതവണ്ണം മൂലം പ്രയാസം അനുഭവിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ ആവശ്യമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ വെല്‍നെസ് കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കാനാവും. അല്‍ വക്റ ഹെല്‍ത്ത് സെന്ററിലും പ്രമേഹ ചികില്‍സയ്ക്കായി പുതിയ സ്മാര്‍ട് ക്ലിനിക്ക് ആരംഭിച്ചിട്ടുണ്ട്. 2015 ഡിസംബറില്‍ ലഅ്ബീബിലാണ് ആദ്യത്തെ വെല്‍നെസ്സ് കേന്ദ്രം തുടങ്ങിയത്. അതിനുശേഷം ജൂലൈ ആദ്യം റൗദത്ത് അല്‍ ഖെയ്ലിലും പിന്നീട് ഉംസലാലിലും വെല്‍നെസ് കേന്ദ്രങ്ങള്‍ തുടങ്ങി. പൂര്‍ണമായും ആരോഗ്യകരമായ ജീവിതം നയിക്കാന്‍ രോഗികളേയും സന്ദര്‍ശകരേയും സഹായിക്കുകയെന്നതാണ് ഈ കേന്ദ്രങ്ങള്‍ വിഭാവനം ചെയ്യുന്നത്. മതിയായ സംവിധാനങ്ങളോടു കൂടിയാണ് മൂന്ന് വെല്‍നെസ് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. എ ക്ലാസ് വിഭാഗത്തിലാണ് ഈ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായും ആധുനിക സൗകര്യങ്ങളും ഉപകരണങ്ങളുമുണ്ട്. ഈ സൗകര്യങ്ങള്‍ ഡോക്ടറുടേയോ മെഡിക്കല്‍ ജീവനക്കാരുടേയോ അനുമതി പ്രകാരം സന്ദര്‍ശകര്‍ക്കും ഉപയോഗിക്കാം. കൂടാതെ ഭക്ഷണക്രമത്തെകുറിച്ച് സന്ദര്‍ശകര്‍ക്ക് വിശദീകരിക്കുന്നതിനായി പോഷകാഹാര വിദഗ്ധരും വെല്‍നെസ്സ് കേന്ദ്രങ്ങളിലുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.