|    Jan 17 Tue, 2017 10:56 pm
FLASH NEWS

ജീവിതപാച്ചിലിനിടെ സുനിലിനെ മരണം കവര്‍ന്നു

Published : 2nd July 2016 | Posted By: SMR

തൊടുപുഴ: വെങ്ങല്ലൂര്‍ മങ്ങാട്ടുകവല ബൈപാസില്‍ ലോറി ബൈക്കിന് പിന്നിലിടിച്ച് മരിച്ച ഉപ്പുതോട് മുപ്പാത്ത് കുഞ്ഞപ്പന്റെ മകന്‍ എം കെ സുനില്‍ ജീവിതം കരുപ്പിടിപ്പിക്കാനായാണ് ഹൈറേഞ്ചില്‍ നിന്നു തൊടുപുഴയിലേക്കെത്തിയത്. വരുമാനത്തിനായി തുടങ്ങിയ ഹോസ്റ്റലില്‍ നിന്നും ആദായം ലഭിച്ചു തുടങ്ങും മുമ്പേയാണ് സുനില്‍ യാത്രയായത്. മൂന്ന് മാസം മാത്രമേയായുളളൂ സുനില്‍ തൊടുപുഴയിലെത്തിയിട്ട്. അതിനും മുമ്പ് സുനിലും ഭാര്യ രാജിയും ഹൈദരാബാദിലെ സ്‌കൂളില്‍ അധ്യാപകരായിരുന്നു. എന്നാല്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് സുനിലിന്റെ മാതാപിതാക്കള്‍ക്ക് വാര്‍ധക്യ സഹജമായ അവശതയേറിയതിനാല്‍ സുനിലും കുടുംബവും ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നു. നാട്ടില്‍ മറ്റ് ജോലികളൊന്നും കിട്ടാതായതോടെയാണ് തൊടുപുഴയില്‍ കെട്ടിടം വാടകക്കെടുത്ത് ഹോസ്റ്റല്‍ തുടങ്ങിയത്. ഹോസ്റ്റല്‍ നടത്തുമ്പോള്‍ താമസക്കാരില്‍ നിന്നു ലഭിക്കുന്ന വാടകക്കു പുറമേ താമസക്കാര്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കുന്നതിലൂടെയും സുനില്‍ വരുമാനം പ്രതീക്ഷിച്ചിരുന്നു. സഹായിയായി സുനിലിന്റെ ജ്യേഷ്ഠന്റെ മകന്‍ ശ്രീജിത്തും തൊടുപുഴയിലേക്ക് എത്തി. ശ്രീജിത്ത് കുടുംബ സമേതം സുനിലിനും കുടുംബത്തിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ ദിവസം ശ്രീജിത്തിനും കുടുംബത്തിനും താമസിക്കുന്നതിനായി നാഗപ്പുഴയില്‍ ഒരു വീട് വാടകക്കെടുത്തിരുന്നു. ഇന്ന് ഈ വീടിന്റെ പാലുകാച്ചല്‍ കര്‍മം നിശ്ചയിച്ചിരിക്കുകയായിരുന്നു. അതിനിടെയായിരുന്നു അപ്രതീക്ഷിതമായി സുനിലിനെ മരണം തട്ടിയെടുത്തത്. താമസം തൊടുപുഴയിലേക്ക് മാറുന്നതിന്റെ ഭാഗമായി ഏക മകന്‍ ശങ്കറിനെ തൊടുപുഴയിലെ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു. പ്രായമായ അച്ഛനെയും അമ്മയെയും തൊടുപുഴയില്‍ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിനും സുനിലിന് പദ്ധതിയുണ്ടായിരുന്നതായി ബന്ധുവായ സതീഷ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക