|    Jan 22 Sun, 2017 1:41 pm
FLASH NEWS

ജീവിതദുരിതത്തിന്റെ നിലയില്ലാക്കയത്തില്‍ കാലിടറി നിര്‍ധന കുടുംബം

Published : 29th June 2016 | Posted By: SMR

കാട്ടാക്കട: പ്രാരബ്ധത്തിന്റെയും ജീവിതദുരിതങ്ങളുടെയും നിലയില്ലാക്കയത്തില്‍പ്പെട്ട് ഉഴറുകയാണ് ഒരു നിര്‍ധന കുടുംബം. ദുരന്തങ്ങളുമായി ജീവിതത്തോട് മല്ലിടുമ്പോള്‍ അപ്രതീക്ഷിതമായ വീഴ്ച ഒരു കുടുംബത്തെയാകെ തളര്‍ത്തി. പൂവച്ചല്‍ പാറമുകള്‍ ഷെറിന്‍ ഭവനില്‍ സ്റ്റാന്‍ലി-പുഷ്പലീല ദമ്പതികള്‍ ഇനി ജീവിതത്തില്‍ ദുരിതം അനുഭവിക്കാന്‍ ബാക്കിയില്ല. കെട്ടിടംപണിക്കിടെ രണ്ടാം നിലയില്‍ നിന്നു നിലത്തുവീണു സ്റ്റാന്‍ലിയുടെ വാരിയെല്ലുകളും വലതുകാലും തകര്‍ന്നു. മൂന്നു മാസം മുമ്പുണ്ടായ സംഭവത്തെ തുടര്‍ന്നു പട്ടിണിയും പരിവട്ടവുമായി കുടുംബം ജീവിതം തള്ളിനീക്കുകയാണ്. അപകടത്തിനു ശേഷം ആദ്യ ആഴ്ചകളില്‍ പരിശോധനയ്ക്കു പോകാന്‍ കോണ്‍ട്രാക്ടറും സഹജോലിക്കാരും ചില സുമനസ്സുകളും സഹായിച്ചു.
എന്നാല്‍, ഇപ്പോള്‍ പരിശോധനയ്ക്കു പോവാന്‍ വഴിച്ചെലവിനു പോലും നിവൃത്തിയില്ലാതെ ചികില്‍സ മുടങ്ങി. സഹായിച്ചവരോടൊന്നും തനിക്കു തുടര്‍പരിശോധനയ്ക്കുള്ള കാര്യം പറഞ്ഞിരുന്നില്ലെന്നതാണ് സത്യം. മരുന്നുകള്‍ മുടങ്ങിയതോടെ ശാരീരിക ബുദ്ധിമുട്ട് സ്റ്റാന്‍ലിയെ വലയ്ക്കുകയാണ്. ജീവിതത്തിന്റെ നല്ല നാളുകള്‍ എന്തെന്ന് സ്റ്റാന്‍ലിയും കുടുംബവും അറിഞ്ഞിട്ടില്ല. മൂന്ന് മക്കളില്‍ ഒരാള്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ മരണപ്പെട്ടു. ഒരാള്‍ വിവാഹം കഴിച്ച് മറ്റൊരു സ്ഥലത്തു താമസിക്കുന്നു. ഇതിനെല്ലാം പുറമെ കുടുംബത്തെ ഏറെ ദുഃഖത്തിലാക്കിയിരിക്കുന്നത് ജന്മനാ അംഗവൈകല്യം സംഭവിച്ചു ഞരക്കം മാത്രമായി 19 വര്‍ഷമായി കിടക്കുന്ന ഇളയ മകന്‍ രഞ്ജിത്തിന്റെ അവസ്ഥയാണ്. കാഴ്ചയില്‍ നാലു വയസ്സു പ്രായമുള്ള കുഞ്ഞിന്റെ വളര്‍ച്ചയേ രഞ്ജിത്തിന് ഉള്ളൂ. വെള്ളവും ബ്രെഡും മാത്രമാണ് രഞ്ജിത്തിന് ആഹാരം. മകന്റെ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതിനാല്‍ രോഗിയായ മാതാവിന് അത്യാവശ്യം ജോലി ചെയ്തു കുടുംബം പോറ്റാന്‍ പോലുമാവില്ല. സ്തനത്തില്‍ മുഴ വന്ന് അതിന്റെ ശസ്ത്രക്രിയ കഴിഞ്ഞു മാസങ്ങളേയായുള്ളൂ.
മൂന്നു തവണയാണ് ശാസ്ത്രക്രിയക്ക് വിധേയയായത്. ഇതിനു പുറമെ മറ്റ് അസുഖങ്ങള്‍ വേറെ. രണ്ടേകാല്‍ സെന്റ് ഭൂമിയില്‍ പച്ചക്കട്ട അടുക്കി ഉണ്ടാക്കിയ കൂര മേയാന്‍ സാമ്പത്തികനില അനുവദിക്കാത്തതിനാല്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വാങ്ങിയ ടാര്‍പോളിനാണ് കെട്ടിയിരിക്കുന്നത്. തുണികള്‍ വലിച്ചുകെട്ടി പൊളിഞ്ഞ ഭാഗങ്ങള്‍ മറച്ചിട്ടുണ്ടെങ്കിലും ശക്തമായ കാറ്റോ മഴയോ വന്നാല്‍ എല്ലാം അവസാനിക്കുമോ എന്ന ഭയത്താല്‍ ഉറങ്ങാന്‍ പോലുമാവാറില്ല.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നുംതന്നെ എത്തിക്കാന്‍ ആരും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. പട്ടിണിയും പ്രാരബ്ധവും ശാരീരിക-മാനസിക തളര്‍ച്ചയുമൊക്കെയായി ജോലിക്കു പോവാന്‍ കഴിയാതായതോടെ പ്രതീക്ഷകള്‍ അസ്തമിച്ചു ജീവിതം തള്ളിനീക്കുകയാണ് ഈ കുടുംബം. ഈ കുടുംബത്തെ സഹായിക്കാനും സംരക്ഷിക്കാനും സുമനസ്സുകള്‍ മനസ്സുവച്ചാലേ സാധിക്കൂ. ഇതിനായി പുഷ്പലീലയുടെ പേരില്‍ പൂവച്ചല്‍ എസ്ബിടിയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67229731172. ഐഎഫ്എസ്‌സി കോഡ്: എസ്ബിടിആര്‍ 0000302, പൂവച്ചല്‍ ശാഖ. സ്റ്റാന്‍ലിയുടെ ഫോണ്‍ നമ്പര്‍: 9539942349.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക