|    Sep 20 Thu, 2018 12:35 pm
FLASH NEWS

ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ദൃശ്യവല്‍ക്കരിച്ച് നാടകോല്‍സവം

Published : 2nd December 2015 | Posted By: SMR

മാനന്തവാടി: സ്ഥലകാലബദ്ധമായ രംഗകലയിലൂടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ദൃശ്യവല്‍ക്കരിച്ച നാടകോല്‍സവം വ്യത്യസ്തമായ പ്രമേയവും അവതരണരീതിയും കൊണ്ട് ശ്രദ്ധേയമായി. വീരപഴശ്ശിയുടെ 211ാം ബലിദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളുടെ ഭാഗമായി മാനന്തവാടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച നാടകോല്‍സവത്തില്‍ നാടകത്തെയും കലയെയും സ്‌നേഹിക്കുന്ന ധാരാളം ആളുകളാണ് പങ്കെടുത്തത്. മാനന്തവാടി നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, സംസ്ഥാന പുരാവസ്തുവകുപ്പ്, പഴശ്ശി ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പഴശ്ശിദിനാചരണ പരിപാടികള്‍ നടക്കുന്നത്.
മനുഷ്യരെപ്പോലെ തന്നെ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും മണ്ണിന്റെ അവകാശികളാണെന്ന സന്ദേശം നല്‍കുന്ന മൂന്നു നാടകങ്ങളാണ് അരങ്ങിലെത്തിയത്.
പഴമയുടെ ഓര്‍മപ്പെടുത്തലിലൂടെ ചെറിയ കാര്യങ്ങള്‍ പോലും വലുതാക്കി പറയുന്ന ഇന്നത്തെ മനുഷ്യന്റെ അവസ്ഥകള്‍ കാണിച്ച എലി-കെണി, കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ട് സ്വയംബോധം നഷ്ടപ്പെട്ട് നായായും നരിയായും മനുഷ്യപരിണാമ കഥയിലെ കുരങ്ങായും ജീവിക്കാന്‍ ആഗ്രഹിച്ചതും ജീവിക്കേണ്ടി വരുന്നതുമായ വേഷങ്ങളാടിത്തീര്‍ക്കാന്‍ വിധിക്കപ്പെട്ട മാധവന്റെ കഥ പറഞ്ഞ കുട, മാജിക്കിന്റെ വിസ്മയക്കാഴ്ചകളിലൂടെ മാലിന്യപ്രശ്‌നങ്ങളെയും മറ്റു ജീവികളുടെ ആവാസവ്യവസ്ഥയില്‍ മനുഷ്യന്റെ സ്വാര്‍ഥ താല്‍പര്യങ്ങളുടെ കൈകടത്തലും ആവിഷ്‌കരിച്ച കടല്‍ എന്നീ നാടകങ്ങളായിരുന്നു അരങ്ങില്‍. 30 മിനിറ്റോളം ദൈര്‍ഘ്യമുള്ള നാടകത്തില്‍ ആറു പേരാണ് വേദിയിലെത്തിയത്. ഗ്രാന്റ് ഡ്രേപ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് നാടകം അവതരിപ്പിച്ചത്.
മാനന്തവാടിയില്‍ ജനിച്ചുവളര്‍ന്ന് കലയോടുള്ള താല്‍പര്യം കൊണ്ട് പഠനമേഖല നാടകമാണെന്നു തിരിച്ചറിഞ്ഞ യുവാക്കളുടെ കൂട്ടായ്മയാണ് ഗ്രാന്റ് ഡ്രേപ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, ന്യൂഡല്‍ഹി നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, ഹൈദരാബാദ് എസ്എന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കിയ ഇവരില്‍ ജിജോ കെ മാത്യു, ഫിറോസ് ഖാന്‍ എന്നിവരാണ് ഗ്രാന്റ് ഡ്രേപ്പിന്റെ പ്രധാന സാരഥികള്‍. പ്രാദേശികതലത്തില്‍ വിവിധ മേഖലകളില്‍പെടുന്ന കലാകരന്മാരെ ഉള്‍പ്പെടുത്തിയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.
ചുരുങ്ങിയ ചെവലില്‍ ജില്ലയിലെ മുഴുവന്‍ ഉള്‍നാടന്‍ പ്രദേശങ്ങളിലും നാടകം അവതരിപ്പിച്ച് ജനങ്ങളില്‍ നാടകത്തോടുള്ള താല്‍പര്യം വര്‍ധിപ്പിച്ച് യുവജനോല്‍സവ വേദികളിലും മല്‍സരങ്ങളിലും മാത്രമൊതുങ്ങിക്കൊണ്ടിരിക്കുന്ന നാടകത്തെ ജനകീയ കലയാക്കി മാറ്റുകയെന്നതാണ് പ്രധാന ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ പൈലി ഉദ്ഘാടനം ചെയ്തു. പഴശ്ശി ഗ്രന്ഥാലയം ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ജോസ് അധ്യക്ഷനായിരുന്നു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രദീപ ശശി, വി കെ പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ മുരുകാനന്ദന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss