|    Jan 18 Wed, 2017 3:43 pm
FLASH NEWS

ജീവിതം വ്യര്‍ഥമായോ എന്നു തോന്നിപ്പോവുന്ന ചിലത്

Published : 20th June 2016 | Posted By: SMR

slug-vettum-thiruthumഇന്നലെ വായനദിനം. നഗരത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു. ചടങ്ങുകള്‍ ആരംഭിക്കുന്നതിനു മുമ്പ് വീല്‍ചെയറില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയെ യോഗസ്ഥലത്തേക്കു കൊണ്ടുവന്നു. ഒന്നനങ്ങാന്‍പോലും പരസഹായമാവശ്യമുള്ള പാവം സുന്ദരിയായ പെണ്‍കുട്ടി. സംഘാടകര്‍ വീല്‍ചെയര്‍ ഉന്തിവന്ന ചെറുപ്പക്കാരന്റെ സഹായത്തോടെ അവളെ വേദിയില്‍ ഉപവിഷ്ടയാക്കി. എന്നില്‍ കൗതുകമുണര്‍ന്നു. സംഘാടകരിലൊരാളായ സുഹൃത്തിനോട് അന്വേഷിച്ചു. അയാള്‍ക്ക് അദ്ഭുതം. ”അറിയില്ലാ… ഇതാണ് ശബ്‌ന പൊന്നാട്. വാഴക്കാട് അടുത്താണ്.”
ഉദ്ഘാടനഭാഷണം എന്റെ വകയായിരുന്നു. തുടര്‍ന്ന് ശബ്‌ന സംസാരിച്ചു. ‘ആരാമം’ വനിതാ മാസികയില്‍ ശബ്‌നയുടെ ചില സാഹിത്യസൃഷ്ടികള്‍ ഞാന്‍ പണ്ട് എഡിറ്റ് ചെയ്തു ചേര്‍ത്തത് പെട്ടെന്ന് ഓര്‍ത്തെടുത്തു. നേരിട്ട് ആദ്യം കാണുകയാണ്. ശബ്‌ന സ്വന്തം ജീവിതം പറഞ്ഞുതുടങ്ങിയപ്പോള്‍ സദസ്സ് വികാരഭരിതമായി. സ്ത്രീസദസ്സ് കണ്ണുനിറച്ച് ശബ്‌നയുടെ വാക്കുകള്‍ക്ക് കാതുകൂര്‍പ്പിച്ചു.
”ഒന്നരവയസ്സില്‍ പനിയെ തുടര്‍ന്ന് ദേഹമാകെ തളര്‍ന്നു. മാതാപിതാക്കളുടെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രം ഇന്നു നിങ്ങള്‍ക്ക് മുമ്പാകെ എനിക്ക് വരാന്‍ സാധിച്ചു. പഠിച്ചു. എഴുത്തുകാരിയായി. ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു.” ശബ്‌നയുടെ വാക്കുകള്‍ ഞാന്‍ ചുരുക്കി എഴുതിയതാണ്. ജീവിതത്തിലെ അപൂര്‍വ നിമിഷങ്ങള്‍ ഈ കാലയളവില്‍ പലതും ഞാന്‍ നേരിട്ടു. ഒട്ടേറെ കാഴ്ചകള്‍, കേള്‍വികള്‍, ദുരന്തങ്ങള്‍… പക്ഷേ, ശബ്‌നയുടെ ജീവിതം എന്നെ വല്ലാതെ ആകുലപ്പെടുത്തി. എങ്ങനെ ഈ കുട്ടി വിധിയുടെ ഈ ക്രൂര ദംശനത്തെ നേരിട്ട് ഇന്നു കാണുന്ന അവസ്ഥയില്‍ ഒരു കഥാകാരിയായി കേരളീയ സമൂഹത്തെ അഭിമുഖീകരിക്കാന്‍ പ്രാപ്തയായി. അവളെ എല്ലാ കുറവുകളോടെയും സ്വീകരിച്ച ഒട്ടേറെ മുഖങ്ങളുണ്ടാവാം. മാതാപിതാക്കള്‍, ഗുരുക്കന്മാര്‍, സഹപാഠികള്‍, അയല്‍വാസികള്‍… വിധിയോട് പടപൊരുതിയ ആ പെണ്‍കുട്ടി കുട്ടികളോട് ഏറെ ആര്‍ജവത്തോടെ പറഞ്ഞു: ”നിങ്ങള്‍ വായിക്കുക എന്നതു മാത്രം ശീലിക്കുക. എന്റെ ജീവിതം ഇത്രമേല്‍ ഞാന്‍ കരുപ്പിടിപ്പിച്ചത് വായന ഒന്നുകൊണ്ടു മാത്രം.” കുറവുകളുള്ള ഇതുപോലൊരു ജീവിതത്തെ സ്വീകരിക്കാന്‍ നമുക്ക് എത്രപേര്‍ക്കാവും?
ഇത് ഒരു ശബ്‌നയുടെ മാത്രം കഥയല്ല. പത്രങ്ങളിലും ആനുകാലികങ്ങളിലും മിനിസ്‌ക്രീനിലും പതിവു വാര്‍ത്തയാണ് ‘ജീവിതത്തോടു പൊരുതിനേടിയവര്‍.’ പക്ഷേ, കൈയോ കാലോ ഒന്നനക്കാന്‍ ഒട്ടുമേ ശേഷിയില്ലാത്ത ശബ്‌ന എന്ന പെണ്‍കുട്ടി ജീവിതത്തെ നേരിട്ടത് ഒട്ടേറെ പ്രതിബന്ധങ്ങള്‍ക്കു നടുവിലാണ്. ഒന്നനങ്ങാന്‍പോലും പരസഹായം ശബ്‌ന തേടുന്നു. അവളെ ഇതിനൊക്കെ പ്രാപ്തയാക്കിയത് പുസ്തകങ്ങളും, അവ അവളോടു സംസാരിച്ചപ്പോള്‍ കൈവന്ന അറിവുകളിലൂടെയുമാണ്. കുട്ടികളോട് ശബ്‌ന ചോദിച്ചു: ”വായന തളരുന്നുണ്ടോ?” കുട്ടികള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും ലജ്ജയില്‍ കുതിര്‍ന്ന് വിളിച്ചുപറഞ്ഞു: ”ഇല്ല.” ശബ്‌ന ഈ ഉത്തരത്തില്‍ പിടിച്ച് ”നിങ്ങള്‍ സദാസമയവും ശിരസ്സു താഴ്ത്തിയിരിക്കുന്നവരാവരുത്” എന്ന് ആവശ്യപ്പെട്ടു. സദസ്സ് അമ്പരന്നു ഒരുനിമിഷം; കാര്യം പിടികിട്ടിയപോലെ ഒരു മിടുക്കി കുട്ടി വിളിച്ചുപറഞ്ഞു:
”മൊബൈല്‍ ഫോണ്‍.” ശബ്‌ന ചിരിച്ചു. സദസ്സും. പള്ളിയിലും പള്ളിക്കൂടത്തിലും ബസ്‌സ്റ്റോപ്പിലും മണിയറയിലും ആശുപത്രിക്കിടക്കയില്‍പ്പോലും മൊബൈല്‍ ഫോണ്‍ എന്ന വെറ്റിലയില്‍ ചുണ്ണാമ്പു തേച്ചിരിക്കുന്ന ഒരു തലമുറ. ഫോണിന് പ്രായമാവാത്ത കൊച്ചുകുട്ടികള്‍ ‘ടാബ്’ എന്ന കളി ഉപകരണവുമായി.
ശബ്‌ന പറഞ്ഞു: ”നിങ്ങളൊരിക്കലും ഫോണുമായി തലതാഴ്ത്തി സദാ ഇരിക്കുന്നവരാവരുത്. സോഷ്യല്‍ മീഡിയയും വാട്‌സ്ആപ്പുമൊക്കെ നമ്മുടെ വായനശീലത്തെ പിറകോട്ടടിപ്പിക്കും.”
ശബ്‌നയോട് കുശലപ്രശ്‌നങ്ങള്‍ നടത്തി യാത്ര ചോദിച്ച് ഹാള്‍ വിട്ടിറങ്ങുമ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കി. ഒരു തെളിമയാര്‍ന്ന നക്ഷത്രംപോലെ വേദിയില്‍ ശബ്‌ന. അലസതയും സമയനിഷ്ഠ ഇല്ലായ്മയും താളംതെറ്റിക്കുന്ന ഞാനടക്കം എത്രയോ ജീവിതങ്ങള്‍ക്ക് ഈ ശബ്‌ന, അല്ലെങ്കില്‍ പരസഹായമില്ലാതെ ഒന്നിനും നിവൃത്തിയില്ലാത്ത ലക്ഷങ്ങള്‍ നാട്ടിലുണ്ട്. അവര്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിക്കുന്നു. എന്റെ പേരില്‍ ആദ്യം അച്ചടിമഷി പുരണ്ട ഫീച്ചര്‍ ഞാനോര്‍ത്തു. പത്രപ്രവര്‍ത്തനം പരിശീലിക്കുന്ന നാളുകളില്‍ ഒരു ഇംഗ്ലീഷ് ആനുകാലികത്തില്‍നിന്ന് മൊഴിമാറ്റി എഴുപതുകളില്‍ ‘ചന്ദ്രിക ആഴ്ചപ്പതിപ്പ്’ അച്ചടിച്ച ജയന്തിലാല്‍ ഷിഹോറ എന്ന ഇരുകൈകളുമില്ലാത്ത ചിത്രകാരനെപ്പറ്റി. വായകൊണ്ടാണ് ഷിഹോറ ചിത്രങ്ങള്‍ എഴുതിയത്. ബ്രഷ് കടിച്ചുപിടിച്ച്. എന്റെ ഇളയ സഹോദരന്‍ എന്‍ എം ഹുസയ്ന്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അവന്റെ ലാപ്‌ടോപ്പിലൊരു ജീവിതം കാണിച്ചുതന്നു. തുര്‍ക്കിയിലെ ഒരു മുഹമ്മദ് എര്‍ഷാദിനെ. അന്ധനാണ്. പക്ഷേ, ആരെയും അമ്പരപ്പിക്കുന്ന മനോഹര പെയിന്റിങുകള്‍. വലിയ ഒരു ചിത്രകലാപ്രപഞ്ചം തന്നെ എര്‍ഷാദിന്റേതായുണ്ട്.
ഇന്നലെ ശബ്‌നയെ പരിചയപ്പെട്ടു മടങ്ങവെ മനസ്സ് മന്ത്രിച്ചു. ”എന്റേതൊക്കെ സത്യത്തില്‍ ജീവിതം തന്നെയോ?”

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക