|    Oct 23 Mon, 2017 4:39 am
Home   >  Todays Paper  >  Page 4  >  

ജീവിച്ചിരുന്ന വ്യക്തി മരിച്ചതായി രേഖയുണ്ടാക്കി സ്ഥലം രജിസ്റ്റര്‍ ചെയ്തു

Published : 5th August 2017 | Posted By: fsq

 

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: ജീവിച്ചിരിക്കുന്ന വ്യക്തി മരിച്ചതായി വ്യാജരേഖയുണ്ടാക്കി കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവം വിവാദമായി. കൂഡ്‌ലു വില്ലേജിലെ ആര്‍എസ് നമ്പര്‍ 386 റീസര്‍വേ നമ്പര്‍ 499/1 ല്‍പെട്ട സ്ഥലമാണ് കര്‍ണാടക മൂഡുബിദ്രയില്‍ മതിയായ രേഖയില്ലാതെ രജിസ്റ്റര്‍ ചെയ്തത്. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിനടുത്തുള്ള 1.35 ഏക്കര്‍ സ്ഥലമാണ് റീസര്‍വേയുടെ മറവില്‍ കാസര്‍കോട് റീസര്‍വേ ഡെപ്യൂട്ടി തഹസില്‍ദാര്‍ സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതിക്കൊടുത്തത്. ഇതുസംബന്ധിച്ച് ഉടമ കലക്ടര്‍ക്ക് നല്‍കിയ പരാതി അന്വേഷിക്കാന്‍ കാസര്‍കോട് തഹസില്‍ദാറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, തഹസില്‍ദാര്‍ അറിയാതെ താലൂക്ക് ഓഫിസിലെ റീസര്‍വേ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഫയല്‍ കൈവശപ്പെടുത്തുകയായിരുന്നു. ഫോര്‍ട്ട് റോഡിലെ പരേതനായ കെ ബി ശെയ്ഖ് ഇബ്രാഹീമിന്റെ ഉടമസ്ഥതയില്‍ വിദ്യാനഗറിലുണ്ടായിരുന്ന സ്ഥലമാണ് കഴിഞ്ഞ ഫെബ്രുവരി 15നു ശേഷം കര്‍ണാടക മൂഡുബിദ്രയില്‍ രജിസ്റ്റര്‍ ചെയ്തത്. വിദ്യാനഗറിലെ മഞ്ചുനാഥ കാമത്ത്, ഭാര്യ നളിനി എന്നിവരുടെ പേരിലാണ് സ്ഥലം എഴുതിയെടുത്തത്. ഇതു സംബന്ധിച്ച് കഴിഞ്ഞ മാസം 6നു പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ വിശദ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് തഹസില്‍ദാറെ സ്ഥലം മാറ്റിയിരുന്നു. മരണപ്പെട്ട കെ ബി ശെയ്ഖ് ഇബ്രാഹീമിന്റെ ബന്ധുവായ ശെയ്ഖ് മൊയ്തീന്‍ അസീസ് മരിച്ചുവെന്ന രേഖയുണ്ടാക്കിയാണ് റീസര്‍വേ ഡെപ്യൂട്ടി തഹസില്‍ദാര്‍ സ്ഥലം മറിച്ചുനല്‍കാന്‍ ഒത്താശ ചെയ്തത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കര്‍ണാടക മുഡുബിദ്രയില്‍ സ്ഥലം ചില വ്യക്തികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയത്. മരിച്ച ശെയ്ഖ് ഇബ്രാഹീം ഭൂമി കൈമാറ്റം ചെയ്തപ്പോള്‍ എല്ലാ അവകാശികളും ഉള്‍പ്പെട്ടിട്ടില്ലെന്ന തടസ്സവാദം ഹാജരാക്കുന്നതിനു സമയം അനുവദിച്ചിരുന്നു. ഇവര്‍ കൂഡ്‌ലു വില്ലേജില്‍ നികുതി അടച്ചുവരുന്നതായും കണ്ടെത്തിയിരുന്നു. എന്നാല്‍, ഭൂമാഫിയക്കു വേണ്ടി റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ ഒത്താശ മൂലം റിട്ട. കോടതി ജീവനക്കാരന്റെ അനന്തരാവകാശികളുടെ സ്ഥലമാണ് നഷ്ടപ്പെട്ടത്. മാത്രവുമല്ല, സ്ഥലം ആര് എഴുതിക്കൊടുത്തുവെന്നു വ്യക്തവുമല്ല. ഭൂമാഫിയകളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. 1970 വരെ ഇവര്‍ കൈവശംവച്ചുവെന്നാണ് ഇന്നലെ കാസര്‍കോട് ഭൂരേഖാവിഭാഗം തഹസില്‍ദാര്‍ പി കുഞ്ഞിക്കണ്ണന്‍ നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കിയത്. ഇതിനു ശേഷവും ഈ കുടുംബം പ്രസ്തുത സ്ഥലത്തിന്റെ നികുതി അടച്ചതായി രേഖകളുണ്ട്. എല്ലാ രേഖകളും കാറ്റില്‍പ്പറത്തിയാണ് കാസര്‍കോട്ടെ വന്‍കിടക്കാരനായ ഭൂവുടമയ്ക്ക് നിര്‍ധന കുടുംബത്തിന് അവകാശപ്പെട്ട ഭൂമി മറിച്ചുനല്‍കാന്‍ ഒത്താശ ചെയ്തുകൊടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക