|    Oct 17 Wed, 2018 11:42 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ജീവിച്ചിരിക്കുന്നവര്‍ മരിച്ചതിനു തുല്യമാവുന്നത് ആശങ്കപ്പെടുത്തുന്നു : കെഇഎന്‍

Published : 9th September 2017 | Posted By: fsq

 

കോഴിക്കോട്: ഇന്ത്യയുടെ രാഷ്ട്രീയശരീരം കുറ്റവാളിശരീരമായി തിരുത്തിയെഴുതപ്പെടുന്ന ക്രൂര കാലത്തിലാണ് ഇന്ത്യന്‍ സമൂഹം ജീവിക്കുന്നത്. ഈ കാലത്ത് വെടിയുണ്ടയും വെടിയുണ്ടയാല്‍ അവസാനിക്കുന്ന ജീവിതവുമല്ല, ജീവിച്ചിരിക്കുന്നവര്‍ മരിച്ചതിനു തുല്യമായിപ്പോവുന്ന അവസ്ഥയാണ് ആശങ്കപ്പെടുത്തുന്നതെന്ന് രാഷ്ട്രീയനിരീക്ഷകന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ്. ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ)യുടെ 20ാം വാര്‍ഷികത്തോടനുന്ധിച്ചു സംഘടിപ്പിച്ച ഇന്ത്യന്‍ ഫാഷിസം, ഭരണകൂടം, മനുഷ്യാവകാശം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെടുന്നതും കൊല്ലുന്നതും നടുക്കമുണ്ടാക്കുന്നതാണ്. എന്നാല്‍, ജീവിച്ചിരിക്കെ പ്രതികരിക്കാനാവാതെ പോവുന്ന ഒരു ജനത വലിയ ആശങ്കയാണു സൃഷ്ടിക്കുന്നത്. ഫാഷിസ്റ്റ് ശക്തികള്‍ നടത്തുന്ന കൊലകളില്‍ ഉണ്ടാവുന്ന ഭീതിയുടെ ഓളങ്ങള്‍ പതുക്കെ പതുക്കെ ഭരണകൂട നിയന്ത്രിത സമൂഹത്തെയാണ് ഉണ്ടാക്കിയെടുക്കുന്നത്. ആള്‍ക്കൂട്ടത്തെ തങ്ങള്‍ക്ക് അനുകൂലമാക്കുന്ന സമാന്തര സേനയായി പരിവര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാരും സംഘപരിവാരവും. മനുഷ്യര്‍ തമ്മിലുള്ള അടുപ്പങ്ങളെ ഇവര്‍ അകലങ്ങളാക്കി രൂപാന്തരപ്പെടുത്തുന്നു. ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്നു എന്നതാണ് 2014നു ശേഷം ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത്. സാധാരണ മനുഷ്യരെപ്പോലും നിത്യസന്ദേഹത്തിന്റെ ലോകത്ത് നിലനിര്‍ത്തുന്നു എന്നതാണ് സംഘപരിവാരത്തിന്റെ പ്രവര്‍ത്തനരീതി. ഫാഷിസ്റ്റ് ഇടപെടലിനെതിരേ പ്രതികരിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നതിലൂടെ സമൂഹത്തെ ഭീതിയുടെ തടവിലാക്കുകയാണു ലക്ഷ്യം. നമ്മളെക്കൊണ്ടു തന്നെ നമ്മുടെ ജനാധിപത്യ പ്രതികരണങ്ങളെ തടവിലിടാന്‍ പ്രേരിപ്പിക്കുന്ന ആസൂത്രിത പദ്ധതികളാണ് സംഘപരിവാരം ലക്ഷ്യമിടുന്നതെന്നും കെഇഎന്‍ പറഞ്ഞു.ഭീകരവാദത്തിനെതിരേ നിലപാട് സ്വീകരിക്കേണ്ട സ്റ്റേറ്റ് തന്നെ വലിയ ഭീകരവാദിയായി മാറുന്ന സാഹചര്യമാണ് ഇന്ത്യയില്‍ കണ്ടുവരുന്നതെന്ന് എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി പ്രഫ. പി കോയ പറഞ്ഞു. ഭരണകര്‍ത്താക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ നിഷേധങ്ങളുടെ നീണ്ട തുടര്‍ച്ചകളിലൂടെയാണ് ഇന്ത്യ കടന്നുപോവുന്നത്. വലിയ ജനാധിപത്യ വാദിയായിരുന്ന നെഹ്‌റു തന്നെയാണ് സൈനികര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന പ്രത്യേക നിയമം കൊണ്ടുവന്നത്. താല്‍ക്കാലികമെന്നുപറഞ്ഞ് കൊണ്ടുവന്ന ഈ നിയമം ഇപ്പോഴും തുടരുകയാണ്. സ്‌റ്റേറ്റ് നടത്തുന്ന മനുഷ്യാവകാശ നിഷേധങ്ങള്‍ക്ക് തുടര്‍ച്ചകള്‍ ഉണ്ടാവുമ്പോഴും പൊതുബോധം മൗനംപാലിക്കുന്നു എന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നു.ആള്‍ദൈവങ്ങള്‍ ഉള്‍പ്പെടെയുള്ള ബിംബങ്ങളെ വിലക്കെടുത്താണ് സംഘപരിവാരം അവരുടെ അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുല്ല പറഞ്ഞു. ഭയപ്പെട്ട് പിന്‍മാറുകയല്ല, കൂട്ടായ പ്രതിരോധത്തിന്റെ മാര്‍ഗങ്ങള്‍ ആരായുകയാണു വേണ്ടത്.കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് ആദരാഞ്ജലി അര്‍പ്പിച്ചാണ് സെമിനാര്‍ ആരംഭിച്ചത്. വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. തേജസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി എ എം ഹാരിസ്, സിനിമാസംവിധായകന്‍ രൂപേഷ്‌കുമാര്‍, എ വാസു, ശീതള്‍ ശ്യാം, നാസറുദ്ദീന്‍ എളമരം, ടി കെ അബ്ദുസ്സമദ്, റെനി ഐലിന്‍, കെ പി ഒ റഹ്മത്തുള്ള സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss