|    Mar 30 Thu, 2017 6:20 am
FLASH NEWS

ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തെ രാജ്യദ്രോഹ കുറ്റമായി മുദ്രകുത്തരുത്: ചെന്നിത്തല

Published : 20th March 2017 | Posted By: fsq

 

പയ്യന്നൂര്‍: രാമന്തളിയിലെ ജനങ്ങള്‍ ശുദ്ധവായുവിനും നല്ല വെള്ളത്തിനും വേണ്ടി ജീവിക്കാന്‍ നടത്തുന്ന സമരത്തെ രാജ്യദ്രോഹ കുറ്റമായി മുദ്രകുത്തവാന്‍ ശ്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാമന്തളിയിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട ജനാരോഗ്യ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരപന്തല്‍ സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാവിക അക്കാദമിയുടെ മാലിന്യസംസ്‌കരണ പ്ലാന്റ് ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കണം. പ്രതിരോധ വകുപ്പ് ഇക്കാര്യത്തില്‍ പഠനം നടത്തി ഉടന്‍ നടപടിയെടുക്കണം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്ലാന്റിന്റെ പ്രവര്‍ത്തനം ഇനിയും മുന്നോട്ടു കൊണ്ടുപോയാല്‍ ഉണ്ടാവുന്ന ഭവിഷത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മനസ്സിലാക്കണം. പ്ലാന്റ് സ്ഥാപിക്കാന്‍ ചില നടപടിക്രമങ്ങളുണ്ട്. അതു പാലിക്കാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍നിന്ന് മാലിന്യം സമീപത്തെ കിണറുകളില്‍ നിറയുന്നുണ്ടെന്നത് സത്യമാണ്. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നാല്‍ അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവും.
ഈ പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍നിന്ന് മാറ്റിസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. വായുവും വെള്ളവും സംരക്ഷിക്കാന്‍ നടത്തുന്ന ഈ സമരം തികച്ചും ന്യായമാണ്. സമരം നടത്തുന്ന ജനങ്ങള്‍ ഒരിക്കലും നാവിക അക്കാദമിക്ക് എതിരല്ല. അവിടുത്തെ മാലിന്യസംസ്‌കരണ പ്ലാന്റ് നമ്മുടെ നാട്ടിലെ ജനങ്ങളെ എത്രമാത്രം ഗുരുതരമായി ബാധിക്കുന്നു എന്നതാണ് ഇവിടുത്തെ പ്രശ്‌നമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day