|    Oct 23 Mon, 2017 12:25 pm
FLASH NEWS

ജീവിക്കാന്‍ പൊന്‍മുടിയിലെ തൊഴിലാളികള്‍ കാട്ടുപഴങ്ങള്‍ വില്‍ക്കുന്നു

Published : 26th August 2016 | Posted By: SMR

നെടുമങ്ങാട്: തേയിലത്തോട്ടങ്ങളില്‍ ജോലി നിലച്ചതോടെ പൊന്‍മുടിയില്‍ തൊഴിലാളികള്‍ ജീവിതമാര്‍ഗം കണ്ടെത്താനായി പാതയോരങ്ങളില്‍ കാട്ടുപഴങ്ങള്‍ വില്‍ക്കുന്നു. മാങ്ങ, ചക്ക, ചാമ്പയ്ക്ക, കമ്പിളിനാരങ്ങ, പപ്പായ, പേരയ്ക്ക, മൂട്ടിപ്പഴം തുടങ്ങി പാതയോരങ്ങളില്‍ വില്‍പനയ്ക്കു വച്ച പഴവര്‍ഗങ്ങള്‍ നിരവധിയാണ്. പൊന്‍മുടിയുടെ തണുപ്പ് ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ ഏറിയതോടെ റോഡരികില്‍ നിരവധി താല്‍ക്കാലിക കച്ചവടകേന്ദ്രങ്ങള്‍ തുറന്നു.
തേയില കൊളുന്തുനുള്ളല്‍ നിലച്ചതോടെ പൊന്‍മുടി, കുളച്ചിക്കര എസ്‌റ്റേറ്റുകളില്‍ തൊഴിലാളികള്‍ക്കും തൊഴില്‍ സ്തംഭനം വലയ്ക്കുന്ന കല്ലാര്‍, ഇടിഞ്ഞാര്‍, മങ്കയം പ്രദേശങ്ങളിലെ ആദിവാസികള്‍ക്കും പഴ വില്‍പന മികച്ച വരുമാനമാര്‍ഗമായി. ദിവസവും തോട്ടത്തില്‍ ജോലിക്കു പോവുന്നതിനേക്കാള്‍ ലാഭകരമാണ് പഴവര്‍ഗങ്ങളുടെ കച്ചവടമെന്നു തൊഴിലാളികള്‍ പറഞ്ഞു.
ഓണക്കാലമായതോടെ പഴക്കച്ചവടം വലിയൊരാശ്വാസമാണ്. കോരിച്ചൊരിയുന്ന മഴയില്‍ ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ദൈനംദിന ചെലവുകള്‍ക്കു വക കണ്ടെത്താനും നാടന്‍ പഴങ്ങളുടെ വില്‍പന വഴിയൊരുക്കി. പൊ ന്‍മുടി അപ്പര്‍ സാനിറ്റേറിയം മുതല്‍ കല്ലാര്‍ വരെ റോഡരികില്‍ പഴവര്‍ഗങ്ങളുമായി സ്ഥലവാസികള്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. ഇത്രകാലവും കണ്ടിട്ടില്ലാത്ത കാഴ്ച കൗതുകത്തോടെ ആസ്വദിക്കുകയാണ് ന്യൂജെന്‍ വിനോദ സഞ്ചാരികള്‍. മലമുകളില്‍ തേയിലത്തോട്ടങ്ങളിലെ സ്വന്തം താമസസ്ഥലങ്ങളിലും കാട്ടിനുള്ളിലും വിളഞ്ഞ പഴങ്ങളാണു ഇവര്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക