|    Sep 26 Wed, 2018 3:19 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജീവഹാനി നേരിട്ടത് 3,38,502 വളര്‍ത്തു ജീവികള്‍ക്ക്‌

Published : 28th August 2018 | Posted By: kasim kzm

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: പ്രളയത്തില്‍ മനുഷ്യര്‍ക്കുണ്ടായ ജീവഹാനിക്കും നാശനഷ്ടങ്ങള്‍ക്കും പിന്നാലെ വളര്‍ത്തു ജീവികള്‍ക്കു നേരിട്ട നഷ്ടങ്ങളുടെ കണക്കും പുറത്തുവന്നു. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ആറു ജില്ലകളില്‍ 3,38,502 വളര്‍ത്തു ജീവികളുടെ ജീവന്‍ നഷ്ടപ്പെട്ടെന്ന കണക്കാണ് കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തുവിട്ടത്.
പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ വയനാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ കണക്കാണ് പുറത്തുവന്നത്. ഏറ്റവും കൂടുതല്‍ വളര്‍ത്തു ജീവികള്‍ ചത്തത് തൃശൂര്‍ ജില്ലയിലാണ്; 162089. ഇതില്‍ 160123 പക്ഷികളും 1966 വളര്‍ത്തു മൃഗങ്ങളുമാണ്. മറ്റു ജില്ലകളിലെ കണക്കെടുപ്പ് തുടരുകയാണ്.
മറ്റു അഞ്ചു ജില്ലകളുടെ കണക്ക് കൂടി പുറത്തുവരുന്നതോടെ ജീവഹാനി സംഭവിച്ച വളര്‍ത്തു ജീവികളുടെ എണ്ണം ഏകദേശം എട്ടുലക്ഷം കവിയുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഈ ഇനത്തില്‍ കോടികളുടെ നഷ്ടം തന്നെ ഉണ്ടായിട്ടുണ്ടാവുമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് വിലയിരുത്തുന്നത്.
ജീവഹാനി വന്ന മൃഗങ്ങളില്‍ മുഖ്യമായും പശു, പോത്ത്, എരുമ, ആട്, പന്നി, നായ, പൂച്ച, മുയല്‍ എന്നിവയാണ്. പക്ഷികളില്‍ കോഴി, താറാവ് എന്നിവയാണ് കൂടുതല്‍. വീടുകളില്‍ വളര്‍ത്തിയിരുന്ന അപൂര്‍വയിനം പക്ഷികള്‍ക്കും പ്രളയത്തില്‍ ജീവന്‍ നഷ്ടമായി.
ജീവഹാനിയില്‍ രണ്ടാംസ്ഥാനം പത്തനംതിട്ടയ്ക്കാണ്; 67102 പക്ഷികളും 86 മൃഗങ്ങളും. മൂന്നാംസ്ഥാനത്ത് എറണാകുളം; 63502 പക്ഷികളും 1562 മൃഗങ്ങളും. ആലപ്പുഴയില്‍ 8841 പക്ഷികളും 402 മൃഗങ്ങളും. കോട്ടയത്ത് 270 പക്ഷികളും 316 മൃഗങ്ങളും. വയനാട്ടില്‍ പക്ഷികള്‍ക്ക് ജീവഹാനിയില്ല. 78 പശുക്കള്‍ ചത്തു. മൃഗങ്ങളെയും പക്ഷികളെയും ശാസ്ത്രീയമായ രീതിയില്‍ മറവ് ചെയ്യണമെന്നും അതിനാവശ്യമായ ഫണ്ട് സ്ഥാപനങ്ങള്‍ വഹിക്കണമെന്നും ആവശ്യപ്പെട്ടു സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss