|    Oct 17 Wed, 2018 4:07 am
FLASH NEWS

ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍

Published : 6th December 2017 | Posted By: kasim kzm

എരുമേലി: ജോലി രാജിവെയ്‌ക്കേണ്ടി വന്ന ബാങ്ക് ജീവനക്കാരനായ യുവാവ് വീട്ടിലെത്തിയ ശേഷം കിടപ്പുമുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ആത്മഹത്യാശ്രമത്തിനിടയാക്കിയത് ബാങ്കിലെ പീഡനമാണെന്ന് ബന്ധുക്കള്‍.
അതേസമയം ജീവനൊടുക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് യുവാവ് എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിലും സുഹൃത്തുക്കള്‍ക്കയച്ച വാട്‌സ്ആപ് സന്ദേശത്തിലും ബാങ്ക് അധികൃതരെപ്പറ്റി പരാമര്‍ശങ്ങളൊന്നുമില്ല. മുന്‍ പഞ്ചായത്തംഗവും ഇയാളുടെ ബന്ധുവുമാണ് താന്‍ ജീവനൊടുക്കാന്‍ കാരണമെന്നാണ് കുറിപ്പിലുള്ളത്. സംഭവത്തില്‍ യുവാവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണം നടത്തുമെന്ന് പോലിസ് പറഞ്ഞു.
എരുമേലിയിലെ ഒരു ബാങ്കിലെ ജീവനക്കാരനും സമീപ പഞ്ചായത്തില്‍ താമസിക്കുന്നയാളുമായ യുവാവാണ് കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രായമായ അമ്മ ശബ്ദം കേട്ടുണര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് ഇപ്പോള്‍ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ഇന്നലെ ശബരിമല തീര്‍ത്ഥാടനത്തിന് പോകാനിരിക്കെയാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
താന്‍ ജീവനൊടുക്കുന്നതിന്റെ കാരണം ആരൊക്കെയാണെന്ന് വിവരിച്ച് യുവാവ് കത്ത് എഴുതി വച്ചിരുന്നു. കത്തില്‍  മുന്‍ പഞ്ചായത്തംഗത്തിന്റെയും ഇയാളുടെ ബന്ധുവായ യുവാവിന്റെയും പേരുകളും വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളും ഒപ്പം താന്‍ ജീവനൊടുക്കാന്‍ കാരണക്കാര്‍ ഇവരാണെന്നും അറിയിച്ച് സുഹൃത്തുക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ വാട്‌സ് ആപ് വഴി നല്‍കിയതിന് ശേഷമായിരുന്നു ആത്മഹത്യാശ്രമം.
വാട്‌സ്ആപിലെ   സന്ദേശം പിന്നീട് ചിലരുടെ ഫേസ്ബുക്ക് ഐഡിയിലൂടെ പ്രചരിക്കുകയും ചെയ്തു. ബാങ്കില്‍ പണയത്തിന് വയ്ക്കുന്ന ആഭരണങ്ങള്‍ സ്വര്‍ണമാണെന്നുറപ്പാക്കാന്‍ മാറ്റ് ഉരച്ചു നോക്കുന്ന ജോലിയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി യുവാവ് ചെയ്തിരുന്നത്.
പണയാഭരണങ്ങളില്‍ സ്വര്‍ണത്തിനൊപ്പം മുക്കുപണ്ടം ഉള്‍പ്പെട്ട ആഭരണങ്ങള്‍ ഉണ്ടെന്നറിഞ്ഞ ബാങ്ക് അധികൃതര്‍ ഇവ ഇടപാടുകാരെ കൊണ്ട് തിരിച്ചെടുപ്പിച്ചെന്ന് പറയുന്നു. ഇക്കാര്യങ്ങള്‍ യുവാവിന്റെ ബന്ധുക്കളെ അറിയിച്ചതിന് പിന്നാലെ നിര്‍ബന്ധപുര്‍വം ബാങ്ക് അധികൃതര്‍ രാജി എഴുതി വാങ്ങിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധമില്ലെന്നറിയിച്ച് മുന്‍ പഞ്ചായത്തംഗം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് യുവാവിന് മുന്‍ പഞ്ചായത്തംഗത്തിന്റെ ബന്ധുവായ യുവതിയുമായി അടുപ്പമുണ്ടായിരുന്നെന്നും അന്ന് ഇക്കാര്യം യുവാവിന്റെ വീട്ടിലെത്തി തിരക്കിയപ്പോള്‍ ഇരുവരും തമ്മില്‍ സൗഹൃദവും പണമിടപാടുമാണുള്ളതെന്ന് ബോധ്യമായെന്നും മുന്‍ പഞ്ചായത്തംഗം നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു മാസത്തിന് ശേഷം യുവതിയുടെ  വിവാഹം കഴിഞ്ഞു.
ഈ സംഭവം കഴിഞ്ഞ് ഒരു വര്‍ഷമായെന്നും യുവാവുമായി മറ്റ് യാതൊരുവിധ ഇടപെടലും പിന്നീട് താന്‍ നടത്തെയിട്ടില്ലെന്നുമാണ് മുന്‍ പഞ്ചായത്തംഗം പോലിസിനെ അറിയിച്ചിരിക്കുന്നത്. അതേസമയം ബാങ്കില്‍ യുവാവിന് നേരെ തൊഴില്‍ പീഡനങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി യുവാവിന്റെ മൊഴിയെടുക്കാന്‍ ആശുപത്രി അധികൃതരെ സമീപിച്ചിരിക്കുകയാണ് പോലിസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss