|    Sep 22 Sat, 2018 10:52 pm
FLASH NEWS

ജീവനക്കാര്‍ ശീതസമരത്തില്‍; ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക വികസന പദ്ധതികളിലേറെയും മുടങ്ങി

Published : 24th January 2017 | Posted By: fsq

ചെറുതോണി: ജില്ലാ പഞ്ചായത്തില്‍ ഭരണസമിതിയും ജീവനക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ ഈ വര്‍ഷത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഴവന്‍ മുടങ്ങി.മാര്‍ച്ചിന് മുമ്പ് ബില്ലുമാറേണ്ട 150 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മുടങ്ങിയത്.മാര്‍ച്ചിന് മുമ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ തുക ലാപ്‌സാകും.  2015-2016, 2016-2017 കാലഘട്ടങ്ങളില്‍ ചെയ്യേണ്ടതായ 338  നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പ്ലാനിംഗ് ഓഫിസില്‍  നിന്നും അനുമതി ലഭിച്ചതാണ്. എന്നാല്‍ ഒരു വര്‍ഷമായി  പലപല കാരണങ്ങള്‍ പറഞ്ഞ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ടെന്റര്‍ ചെയ്യാതെ താമസിപ്പിക്കുകയായിരുന്നു. മൂന്നുമാസം മുന്‍പ് മുതല്‍ ഭരണ സമിതിയും സെക്രട്ടറിയും ആവശ്യപ്പെട്ടിട്ടും ടെന്‍ഡര്‍ നടപടികള്‍പോലും പൂര്‍ത്തിയായിട്ടില്ല. ജില്ലാ പഞ്ചായത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നുള്ള പരാതിയെ തുടര്‍ന്ന് ഓഫീസിലെ എല്ലാ മുറികളിലുമായി 16 ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതോടെയാണ് ജില്ലാ പഞ്ചായത്തും എന്‍ജിനീയറിങ് വിഭാഗവും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയത്.കാമറ സ്ഥാപിക്കാനെത്തിയപ്പോള്‍ തന്നെ ജീവനക്കാര്‍ തടഞ്ഞിരുന്നു. നാട്ടുകാരും മാധ്യമ പ്രവര്‍ത്തകരും ഇടപെട്ടതിനെ തുടര്‍ന്നാണ് കാമറ സ്ഥാപിക്കാന്‍ കഴിഞ്ഞത്. പിന്നീട് കാമറ കലണ്ടര്‍ ഉപയോഗിച്ച് മറച്ച ശേഷം പണം വാങ്ങിയത് കണ്ടെത്തിയിരുന്നു. ഇതിനെതിരെ ജില്ലാ പഞ്ചായത്ത് കമ്മറ്റിയില്‍ ജീവനക്കാര്‍ പ്രതിഷേധിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ല. അന്നത്തെ ജീവനക്കാര്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്. ജീവനക്കാര്‍ പലരും അവധിയിലുമാണ്. ചീഫ് എന്‍ജിനീയര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും ജീവനക്കാരെ നിയമിക്കുകയോ അഴിമതിക്കാരെ മാറ്റുകയോ ചെയ്തിട്ടില്ല. ചീഫ് എന്‍ജീനിയറുടെ ബന്ധുവിനെ സ്ഥലം മാറ്റിയതിനാലാണ് നടപടി വൈകുന്നതെന്നും ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പഞ്ചവത്സര പദ്ധതിയുടെ കാലാവധി  മാര്‍ച്ച് 30ന് അവസാനിക്കും. ഇതിന് മുമ്പ് നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കി ബില്ലുമാറിയില്ലെങ്കില്‍ തുക നഷ്ടമാകും. ഇതിനായി ടെന്‍ഡര്‍ നടപടികള്‍ വൈകുന്നതുമൂലം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൈമാറാനുള്ള നീക്കവും ഉദ്യോഗസ്ഥര്‍ തടഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നല്‍കിയാല്‍ ബില്ലെഴുതുവാനോ പരിശോധിക്കാനോ കഴിയില്ലെന്ന് ജീവനക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന്  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഭരണ പ്രതിപക്ഷാംഗങ്ങളായ 16 മെമ്പര്‍മാര്‍ ഒപ്പിട്ട് കത്ത് സെക്രട്ടറിക്ക് നല്‍കി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജില്ലാ കലക്ടര്‍ക്കും സര്‍ക്കാരിനും കത്ത് കൈമാറിയിട്ടുണ്ട്. തീരുമാനമാകാത്ത പക്ഷം 27ന് 16 മെംബറുമാരുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് പടിക്കല്‍ സമരം നടത്തുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss