|    Mar 19 Mon, 2018 1:08 am
FLASH NEWS

ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചില്ല; ഇടുക്കി ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകളുടെ പ്രവര്‍ത്തനം താളംതറ്റി

Published : 6th October 2016 | Posted By: Abbasali tf

തൊടുപുഴ: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകളുടെ പ്രവര്‍ത്തനം താളം തെറ്റി. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുമളി ഉള്‍പ്പെടെയുള്ള ഡിപ്പോകളില്‍ നിന്നു നിരവധി ബസ്സുകള്‍ സര്‍വീസ് നടത്താനായില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന സമരം കുമളി ഡിപ്പോയുടെ പ്രവര്‍ത്തനത്തെയാണ് കൂടുതല്‍  ബാധിച്ചു. 53 സര്‍വീസുകളാണ് കുമളി ഡിപ്പോയില്‍ നിന്ന് ഓപറേറ്റ് ചെയ്യുന്നത്. ഇതില്‍ ബുധനാഴ്ച്ച 27 സര്‍വീസുകള്‍ മാത്രമാണ് അയക്കാന്‍ കഴിഞ്ഞത്. രാവിലെ പത്തുമണി വരെയുള്ള എല്ലാ സര്‍വീസുകളും നടത്തിയെങ്കിലും സമരാനുകൂലികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബാക്കിയുള്ളവ നടത്താന്‍ കഴിഞ്ഞില്ല. എഐടി.യുസി, ബിഎംഎസ്, ഐഎന്‍ടിയുസി, ഡ്രൈവേഴ്‌സ് യൂനിയന്‍ തുടങ്ങിയ യൂനിയനുകള്‍ സമരത്തില്‍ പങ്കെടുത്തു. സിഐടി യു മാത്രം സമരത്തില്‍ നിന്നു വിട്ടു നിന്നു. കുമളി ഡിപ്പോയില്‍ 320 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും കുറവ് ഉള്ളതിനാല്‍ പല ദിവസങ്ങളിലും 44 സര്‍വീസുകള്‍ മാത്രമാണ് ഓപറേറ്റ് ചെയ്യുന്നത്. അതിനാല്‍ തന്നെ സമരവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് ശേഷമുള്ള 11 ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമാണ് അയക്കാന്‍ കഴിയാതിരുന്നത് എന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നത്. രാത്രി വൈകിയും സമരം തുടരുകയാണ്. വ്യാഴാഴ്ച ശമ്പളം ലഭിച്ചില്ലെങ്കില്‍ കുമളി ഡിപ്പോയുടെ പ്രവര്‍ത്തനം തടസപ്പെടുത്താനാണ് സമരം ചെയ്യുന്ന യൂനിയനുകളുടെ തീരുമാനം. മൂലമറ്റം ഡിപ്പോയിലും കെ എസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കി. ഇതോടെ യാത്രക്കാര്‍ വലഞ്ഞു. ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മൂലമറ്റം ഡിപ്പോയിലെ ജീവനക്കാര്‍ പണിമുടക്കി. സിഐടിയു ഒഴികയുള്ള എല്ലാ വിഭാഗവും പണിമുടക്കില്‍ പങ്കെടുത്തു. ആശ്രമം, പതിപ്പള്ളി, എടാട് തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലേയ്ക്കുള്ള സര്‍വീസുകളും മറ്റു സര്‍വീസുകളും നിര്‍ത്തിവച്ചതു മൂലം യാത്രക്കാരും, സ്‌കൂള്‍ കുട്ടികളും ദുരിതത്തിലായി. ബസ്സുകള്‍ ഇല്ലാത്തതിനാല്‍ അമിത കൂലി നല്‍കി ടാക്‌സി വിളിച്ചാണ് സ്‌കൂള്‍ കുട്ടികളുള്‍പ്പടെയുള്ള യാത്രക്കാര്‍ പോയത്. ജീവനക്കാര്‍ തൊടുപുഴ ഡിപ്പോയിലും പണിമുടക്കി. രാവിലെ 11 മുതല്‍ ഐഎന്‍ടിയുസി യൂനിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പണിമുടക്കി. ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങിയത് യാത്രക്കാരെ വലച്ചു. മിന്നല്‍ പണിമുടക്കായതിനാല്‍ വിദൂരസ്ഥലങ്ങളില്‍ നിന്നെത്തിയ യാത്രക്കാര്‍ ബസ് സ്റ്റാന്‍ഡില്‍ കുടുങ്ങി. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ പതിവിലുമധികം തിരക്ക് അനുഭവപ്പെട്ടു. കെഎസ്ആര്‍ടിസിയെ ആശ്രയിച്ച് ദൂരസ്ഥലങ്ങളിലേക്ക് പോകാന്‍ എത്തിയവരാണ് ഏറെയും ബുദ്ധിമുട്ടിലായത്. എല്ലാമാസവും അവസാനത്തെ പ്രവര്‍ത്തിദിവസമാണ് സാധാരണ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുക. എന്നാല്‍ മാസം കഴിഞ്ഞിട്ടും ശമ്പളം എത്താതിരുന്നതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്.മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാര്‍ നിരാഹാര സമരം ആരംഭിച്ചു. സിഐറ്റിയു അനുഭാവമുള്ള കെഎസ്ആര്‍റ്റിഇഎയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം ഓര്‍ഗനൈസിങ് സെക്രട്ടറി ടി ആര്‍ സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. വി ജി സന്തോഷ്, എം വി സുരേഷ് എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. സന്തോഷ് യൂനിയന്‍ പ്രസിഡന്റും സുരേഷ് സെക്രട്ടറിയുമാണ്. അനിശ്ചിത കാലത്തേക്കാണ് നിരാഹാര സത്യാഗ്രഹം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss