|    Jul 19 Thu, 2018 8:52 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജീവനക്കാരുടെ യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങള്‍ നടപ്പാക്കാനുള്ള നീക്കം ; മുഖംതിരിച്ചു തൊഴിലാളി യൂനിയനുകള്‍

Published : 6th September 2017 | Posted By: fsq

 

തിരുവനന്തപുരം: ജീവനക്കാരുടെ യോഗ്യത സംബന്ധിച്ച കേന്ദ്ര വൈദ്യുതി റഗുലേറ്ററി അതോറിറ്റി മാനദണ്ഡങ്ങള്‍ നടപ്പാക്കാനുള്ള കെഎസ്ഇബി നീക്കത്തോടു മുഖം തിരിച്ചു തൊഴിലാളി യൂനിയനുകള്‍. നിലവിലുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങളും അവസരങ്ങളും ഇല്ലാതാവുമെന്നാണ് യൂനിയനുകളുടെ ആക്ഷേപം. അതേസമയം, നിശ്ചിത യോഗ്യതയില്ലാത്തവരുടെ നിയമനം കെഎസ്ഇബിയില്‍ നിര്‍ബാധം തുടരുകയാണ്. കെഎസ്ഇബിയിലെ എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും അംഗീകൃത സര്‍വകലാശാല നല്‍കുന്ന എന്‍ജിനീയറിങ് ബിരുദമോ അംഗീകൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള ഡിപ്ലോമയോ വേണമെന്നാണ് കേന്ദ്ര വൈദ്യുതി റഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. എന്നാല്‍, കെഎസ്ഇബിയില്‍ ജോലിചെയ്യുന്ന വലിയൊരു വിഭാഗവും കേന്ദ്രം നിഷ്‌കര്‍ച്ചിട്ടുള്ള യോഗ്യത ഇല്ലാത്തവരാണ്. കേന്ദ്ര വൈദ്യുതിചട്ടം നടപ്പാക്കാന്‍ കെഎസ്ഇബി ആലോചന തുടങ്ങിയെങ്കിലും തൊഴിലാളി യൂനിയനുകള്‍ ശക്തമായി എതിര്‍ക്കുകയാണ്. കെഎസ്ഇബിയുടെ നീക്കം ഏകപക്ഷീയമാണെന്നാണ് യൂനിയനുകളുടെ വാദം. നിലവിലെ ജീവനക്കാരുടെ അവസരവും ആനുകൂല്യങ്ങളും ഇല്ലാതാക്കുന്ന നടപടികള്‍ എന്തുവിലകൊടുത്തും ചെറുക്കുമെന്നാണ് പ്രബല യൂനിയനുകളുടെ നിലപാട്. നിലവിലെ ജീവനക്കാരുടെ കാര്യത്തില്‍ സ്ഥിതി ഇതായിരിക്കെ, പുതിയതായി നിയമിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും കേന്ദ്ര വൈദ്യുതി അതോറിറ്റി മാനദണ്ഡപ്രകാരമുള്ള യോഗ്യത ഇല്ലാത്തവരാണ്. 2017 ജനുവരി പത്തിന് നിയമനം ലഭിച്ച 271 പേരില്‍ 35 പേര്‍ക്കു മാത്രമേ നിശ്ചിത യോഗ്യത ഉള്ളൂ എന്നാണ് ആക്ഷേപം. നിയമനം നേടിയവരില്‍ പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് ഹാജരാക്കിയതെന്നും ആക്ഷേപമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss