|    Oct 16 Tue, 2018 12:35 am
FLASH NEWS

ജീവനക്കാരുടെ പരസ്പര പാരവയ് പ്; പോലിസ് സ്‌റ്റേഷനിലെ രഹസ്യങ്ങള്‍ പുറത്താവുന്നു

Published : 3rd November 2017 | Posted By: fsq

 

പരപ്പനങ്ങാടി: അച്ചടക്കവും അനുസരണ ശീലവും മുഖമുദ്രയായുള്ള പോലിസ് സ്‌റ്റേഷനുകള്‍ പാരവയ്പ്് കേന്ദ്രമായി മാറുന്നതായി ആക്ഷേപമുയരുന്നു. ഈയടുത്ത ദിവസങ്ങളിലായി പരപ്പനങ്ങാടി, താനൂര്‍ പോലിസ് സ്‌റ്റേഷനുകളിലെ ചില രഹസ്യങ്ങള്‍ ചോര്‍ന്നതുമായുണ്ടായ സംഭവങ്ങളാണ് ഇത്തരത്തിലുള്ള ആക്ഷേപങ്ങളുടെ അടിസ്ഥാനം. പരപ്പനങ്ങാടി പോലിസ് പിടികൂടിയ കളവുകേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ കൈവിലങ്ങുവച്ച ഫോട്ടോ സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ച സംഭവം ഏറെ വിവാദം സൃഷ്ട്ടിക്കുകയും വനിതയടക്കമുള്ള രണ്ട് സിവില്‍പോലിസ് ഓഫിസര്‍മാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ നടപടിയുടെ ചൂടാറും മുമ്പാണ് ഇന്നലെ താനൂര്‍ സിഐ ഓഫിസില്‍ മൂന്നുപേരെ അടിവസ്ത്രത്തില്‍ നിര്‍ത്തി കൈകൊട്ടിക്കളിയും പാട്ടുപാടിപ്പിക്കലും നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചത്. ഇത് ജനമധ്യത്തില്‍ എത്തിച്ചതും സ്‌റ്റേഷനകത്തുള്ള പോലിസുകാര്‍ തന്നെയാണ്. പരപ്പനങ്ങാടി എസ്‌ഐ ഷമീറിനോടും താനൂര്‍ സിഐ അലവിയോടും ചില പോലിസുകാര്‍ക്കുള്ള പകയാണ് ഇതിനു പിന്നിലെ കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. പോലിസ് സേനയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന കാര്യങ്ങളും അന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്നാണ് ചില കേന്ദ്രങ്ങളുടെ അഭിപ്രായം. ഇത് ഒരുവിഭാഗം നടത്തുന്ന ആസൂത്രിത നീക്കമാണെന്നാണ് ഈ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. മാത്രമല്ല, സ്‌റ്റേഷനിലെ റെക്കോര്‍ഡ് രേഖയിലുണ്ടായിരുന്ന പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്റെ ഫോട്ടൊ ആര്‍എസ്എസ്സുകാര്‍ക്ക് നല്‍കിയതും വിവാദമായിരിക്കുകയാണ്. പരപ്പനങ്ങാടി സ്‌റ്റേഷനിലെ ഒന്നാംനിലയില്‍ പോലിസുകാര്‍ വിശ്രമിക്കുന്ന മുറിയില്‍നിന്ന് പ്രതിയുടെ ഫോട്ടോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് മറ്റൊരു സ്‌റ്റേഷനിലെ പോലിസുകാരനും കുറ്റക്കാരനാവുന്നത് ഇതിനുദാഹരണമായി ചൂണ്ടികാട്ടുന്നു. കൂടാതെ പരപ്പനങ്ങാടി സംഭവത്തില്‍ പോലിസിലെ രണ്ടുപേര്‍ക്കെതിരേ മേലധികാരികള്‍ നടപടിയെടുത്ത ഉടന്‍ തന്നെ ഇതേകുറ്റം മറ്റൊരു സ്‌റ്റേഷനില്‍ ആവര്‍ത്തിക്കുകയും ചെയ്യുക എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. കുറ്റകൃത്യങ്ങളില്‍പെട്ട പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ പടവും പേരും പ്രസിദ്ധപ്പെടുത്താന്‍ പാടില്ലെന്ന നിയമം നിയമപാലകര്‍ തന്നെ പരസ്യമായി ലംഘിച്ചതും പാരവയ്പിനു വേണ്ടിയാണ്. കൊലപാതകവും കളവും തെളിയിക്കുന്നതിനു പോലിസ് ബലം പ്രയോഗിക്കുക പതിവാണ്. എന്നാല്‍, അത്തരം കാര്യങ്ങളൊന്നും പരസ്യപ്പെടുത്താന്‍ സര്‍വീസില്‍ ഇരിക്കുന്ന കാലത്തോളം പോലിസുകാര്‍ തയാറാവാറില്ല. എന്നാല്‍, ഇപ്പോള്‍ മേലധികാരികള്‍ക്ക് പാരവയ്ക്കുന്നതിനു വേണ്ടി സ്റ്റേഷനകത്തെ കാര്യങ്ങള്‍ പുറത്ത് എത്തിക്കുവോളം സേനയില്‍ വിരോധവും ശത്രുതയും ശക്തമായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss