|    Jul 20 Fri, 2018 4:50 am
FLASH NEWS

ജീവനക്കാരുടെ കുറവ് : ബ്ലഡ് ബാങ്കുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ബ്ലഡ് ബാങ്കുകളില്‍ ആവശ്യത്തിന് സാങ്കേതിക വിദഗ്ദ്ധരെ നിയമിക്കാത്തതുമൂലം ഇവയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു.  മെഡിക്കല്‍ കോളജുകളോടനുബന്ധിച്ചുള്ള വിവിധ ആശുപത്രികളിലെയും പുറത്തുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെയും രോഗികള്‍ ആശ്രയിക്കുന്നത് മെഡിക്കല്‍ കോളജിലെ ഏക ബ്ലഡ് ബാങ്കിനെയാണ്. സര്‍ജറി, മെഡിസിന്‍, ഗൈനക്കോളജി, വിവിധ സ്‌പെഷ്യാലിറ്റികള്‍, തൊറാസിക് സര്‍ജറി, രക്തജന്യരോഗങ്ങള്‍, കാന്‍സര്‍, അപകടങ്ങളില്‍പ്പെട്ട് അത്യാഹിത വിഭാഗത്തിലും പ്രസവസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ഗൈനക്കോളജി അത്യാഹിത വിഭാഗത്തിലുമെത്തുന്ന രോഗികള്‍, പീഡിയാട്രിക്‌സ്, പീഡിയാട്രിക് സര്‍ജറി, നവജാത ശിശുക്കളുടെ നഴ്‌സറി ഉള്‍പ്പെടെയുള്ള യൂനിറ്റുകളിലേക്കും ഡെങ്കിപ്പലിപോലെ രക്തത്തിലെ പ്ലേറ്റ്‌ലറ്റ് താഴ്ന്ന് അപകടാവസ്ഥയിലെത്തുന്ന രോഗികള്‍ക്കുമെല്ലാം രക്തവും രക്ത ഘടകങ്ങളും നല്‍കേണ്ട ഭാരിച്ച ഉത്തരവാദിത്തമുള്ള ബ്ലഡ് ബാങ്കുകളെ അധികൃതര്‍ കാലാകാലങ്ങളായി അവഗണിക്കുകയാണ്. ദിവസേന ശരാശരി ഇരുന്നൂറോളം ദാതാക്കളില്‍ നിന്നും രക്തം ശേഖരിക്കുകയും അവ മുഴുവന്‍ വിവിധ പരിശോധനകള്‍ നടത്തി, രക്ത ഘടകങ്ങളാക്കി മാറ്റി രോഗികള്‍ക്കു നല്‍കുന്നതിനാവശ്യമായ ജീവനക്കാരെ നിയമിക്കാത്തത് മൂലം നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം വര്‍ധിക്കുകയും പരിശോധനാ ഫലങ്ങളുടെ  ഗുണനിലവാരം കുറയാനിടയാവുകയും ചെയ്യുന്നു. ശരാശരി 100 ദാതാക്കളുടെ സാംപിളുകളിലെ  എച്ച്‌ഐവി, ഹെപ്പറ്റെറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി, സിഫിലിസ്, മലേറിയ എന്നീ രോഗാണുപരിശോധന ഒരേ സമയം ഒരു ബ്ലഡ്ബാങ്ക് ടെക്‌നീഷ്യന്‍ മാത്രമായി ചെയ്യുമ്പോള്‍ പിഴവുകള്‍ സംഭവിക്കാമെന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. ബ്ലഡ് ബാങ്കുകളില്‍ ഓട്ടോമേഷനും നാറ്റ് ടെസ്റ്റുമൊക്കെ നിലവില്‍ വന്നിട്ട് കാലങ്ങളേറെയായെങ്കിലും  കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ അവ ലഭ്യമാക്കാത്തതും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതും ഗുരുതരമായ വീഴ്ചയാണ്. ഡോണര്‍ സ്‌ക്രീനിങ്, രക്തശേഖരണം, ഗ്രൂപ്പ് നിര്‍ണയം, രോഗാണുപരിശോധന, രക്ത ഘടകങ്ങള്‍ വേതിരിക്കല്‍, രക്തവും രക്തഘടകവും ക്രോസ്മാച്ച് ചെയ്ത് രോഗികള്‍ക്ക് നല്‍കല്‍, സ്‌പെഷ്യല്‍ പരിശോധനകള്‍ നടത്തല്‍, ഇവയുടെയൊക്കെ നിരവധി രജിസ്റ്ററുകള്‍  എഴുതി സൂക്ഷിക്കല്‍, രക്തഗ്രൂപ്പ് -രക്തദാന ക്യാംപുകള്‍ നടത്തല്‍ തുടങ്ങിയവയൊക്കെ വളരെ സൂക്ഷ്മതയോടെ  ചെയ്യേണ്ടതാണ്.  ബ്ലഡ് ബാങ്കുകളുടെ പ്രവര്‍ത്തനത്തെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ചും ജീവനക്കാരുടെ നിയമനം സംബന്ധിച്ചും വ്യക്തമായ മാര്‍ഗരേഖകള്‍ നിലവിലുള്ളതാണ്. പ്രസ്തുത മാര്‍ഗ്ഗരേഖ നിലവില്‍ വന്നിട്ട് കാല്‍നൂറ്റാണ്ടു പിന്നിടുകയും രക്തബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ വലിയ മാറ്റം സംഭവിക്കുകയും രോഗികളുടെ എണ്ണം പതിന്മടങ്ങാകുകയും ചെയ്തിട്ടും അന്നത്തെ നിര്‍ദ്ദേശമനുസരിച്ചുള്ള ജീവനക്കാരെ പോലും ഇപ്പോഴും നിയമിച്ചിട്ടില്ല. 2010 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കിനെ മോഡല്‍ ബ്ലഡ്ബാങ്കായി ഉയര്‍ത്തിയപ്പോള്‍ അനുവദിക്കാമെന്ന് വാഗ്ദാനം നല്‍കിയ പതിനൊന്നു ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ തസ്തികകളില്‍ ഒന്നുപോലും നാളിതുവരെ അനുവദിച്ചിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ ആരംഭിച്ചപ്പോഴും ബ്ലഡ് ബാങ്കില്‍ ഒരു തസ്തിക പോലും അനുവദിച്ചില്ല.  ഈയിടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ബ്ലഡ് ബാങ്ക് തുടങ്ങുന്നതിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് രണ്ട് ടെക്‌നീഷ്യന്മാരെ അങ്ങോട്ട് മാറ്റുകയാണുണ്ടായത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധപതിയണമെന്നും കേരളത്തിലെ സര്‍ക്കാര്‍  മെഡിക്കല്‍ കോളജുകളിലെ ബ്ലഡ്ബാങ്കുകളില്‍ ബ്ലഡ്ബാങ്ക് ടെക്‌നീഷ്യന്മാര്‍ ഉള്‍പ്പെടെയുള്ള വിവിധ വിഭാഗം തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടിയെടുക്കണമെന്നും ചെയര്‍മാന്‍ ജി മോട്ടിലാലും ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായരും ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss