|    Oct 20 Fri, 2017 1:54 am

ജീവനക്കാരുടെ കുറവ് : താലൂക്ക് സപ്ലൈ ഓഫിസിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു

Published : 3rd August 2017 | Posted By: fsq

 

വടകര: വടകര താലൂക്ക് സപ്ലൈ ഓഫിസില്‍ നിലവിലുണ്ടായിരുന്ന സ്റ്റാഫ് പാറ്റേണ്‍ ഇല്ലാത്തത് ഓഫിസ് പ്രവര്‍ത്തനം താളം തെറ്റുന്നു. ടിഎസ്ഒ അടക്കം 18 ജീവനക്കാര്‍ വേണ്ടിടത്ത് 15 പേര്‍ മാത്രമാണ് നിലവിലുള്ളത്. ഓഫിസ് നിയന്ത്രിക്കേണ്ട ടിഎസ്ഒ, എടിഎസ്ഒ, രണ്ട് ക്ലാര്‍ക്ക് എന്നീ തസ്തികകള്‍ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസര്‍ക്കാണ് വടകരയുടെ ചുമതല.  റേഷന്‍ കാര്‍ഡ് വിതരണവും  മുന്‍ഗണനാ ലിസ്റ്റില്‍ പെട്ട അനര്‍ഹരെ ഒഴിവാക്കുന്നതിനുള്ള അപേക്ഷയും ഒരേ സമയം നടക്കുന്നതിനാല്‍ ഓഫിസ് പ്രവര്‍ത്തനം താളം തെറ്റിയ നിലയിലാണ്. ഓഫിസില്‍ എത്തിച്ചേരുന്നവര്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പോലും ജീവനക്കാര്‍ക്ക് കഴിയാത്ത അവസ്ഥയാണ്. അതേസമയം നിലവില്‍ വിതരണം ചെയ്ത റേഷന്‍ കാര്‍ഡുകള്‍ സംബന്ധിച്ച് ദിവസനേ നൂറുകണക്കിന് പരാതികളാണ് വടകര സപ്ലൈ ഓഫിസില്‍ എത്തിച്ചേരുന്നത്. പുതുക്കിയ റേഷന്‍ കാര്‍ഡ് വിതരണം നടത്തിയപ്പോള്‍ കടന്ന് കൂടിയ അപാകതള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞ മാസം അവസാന ദിവസങ്ങളില്‍ ആയിരക്കണക്കിന് പരാതികളാണ് സപ്ലൈ ഓഫിസില്‍ എത്തിയത്. ഇതിന് പലതിനും പരിഹാരം കാണാന്‍ കഴിയാത്തത് ഉദ്യോഗസ്ഥരെ വലച്ചിരിക്കുകയാണ്. സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ വഴി രേഖകള്‍ ശേഖരിച്ചത് മൂലമാണ് കാര്‍ഡുകളില്‍ തെറ്റ് കൂടുതലായതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുന്‍ഗണനാ പട്ടികയില്‍ എന്തുകൊണ്ടും എത്തേണ്ടവര്‍ അതില്‍ നിന്ന് പുറത്തും അര്‍ഹതയില്ലാത്തവര്‍ പട്ടികയില്‍പ്പെട്ടതുമടക്കമുള്ള പരാതികളുമായി ഇന്നലെയും സപ്ലൈ ഓഫിസില്‍ ജനം എത്തിയിരുന്നു. ആറ് സെന്റ് ഭൂമിയും വീടുമുള്ള ഒരു കുടുംബം ഇന്നലെ ഓഫിസില്‍ എത്തി പരാതി അറിയിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തിയത് കാരണം കണ്ണീരോടെയാണ് അവര്‍ ഓഫിസില്‍ നിന്ന് ഇറങ്ങിയത്. നിരവധി തവണ ഓഫിസില്‍ എത്തി പരാതി പറഞ്ഞെന്നും ഇനി ഓഫിസില്‍ വരാന്‍ കഴിയില്ലെന്നും അതിനുള്ള സാമ്പത്തിക ശേഷിയും ശാരീരിക പ്രയാസവും നേരിടുന്നതായും അവര്‍ തേജസിനോട് പറഞ്ഞു. പുതിയ റേഷന്‍ കാര്‍ഡില്‍ കടന്നു കൂടിയ അനര്‍ഹരെ കണ്ടെത്താന്‍ വീടുകള്‍ കയറി പ്രത്യേക പരിശോധന നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ ടിഎസ്ഒ അടക്കമുള്ളവരുടെ തസ്തികയില്‍ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ നിര്‍ദേശം നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വടകരയിലുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക