|    Nov 16 Fri, 2018 6:34 am
FLASH NEWS

ജീവനക്കാരി വെടിയേറ്റു മരിച്ച സംഭവം: ഉത്തരവാദിത്തമില്ലെന്ന് ബാങ്ക് അധികൃതര്‍

Published : 5th August 2016 | Posted By: SMR

തലശേരി: നഗരമധ്യത്തിലെ ബാങ്ക് ജീവനക്കാരി ഓഫിസിനുള്ളില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് ബാങ്ക് അധികൃതര്‍ കോടതിയില്‍ ബോധിപ്പിച്ചു. ലോഗന്‍സ് റോഡിലെ റാണിപ്ലാസ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ഐഡിബിഐ ബാങ്ക് ശാഖയിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരിയായ പുന്നോലിലെ വില്‍ന വിനോദ്(31) വെടിയേറ്റു മരിച്ച കേസിലാണ് ബാങ്ക് അധികൃതര്‍ കോടതിയില്‍ ഉത്തരവാദിത്തം ഒഴിവാകാന്‍ ശ്രമം നടത്തുന്നത്. 68,62,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വില്‍നയുടെ മാതാവ് മേലൂരിലെ പുതിയാണ്ടി വീട്ടില്‍ സുധയും വില്‍നയുടെ ഭര്‍ത്താവ് പുന്നോല്‍ കൊമ്മല്‍വയല്‍ പൂജ ഹൗസില്‍ സംഗീതും അഡ്വ. ഒ ജി പ്രേമരാജന്‍ മുഖാന്തിരം ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കിയ ഹരജി പരിഗണിച്ചപ്പോഴാണ് ബാങ്ക് അധികൃതര്‍ നിലപാടറിയിച്ചത്.
സെക്യൂരിറ്റി ജീവനക്കാരനേയും വില്‍നയേയും നിയമിച്ചത് ഏജന്‍സിയാണ്. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും ബാങ്കിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ബാങ്ക് അധികൃതരുടെ നിലപാടിനെ വിമര്‍ശിച്ച ജഡ്ജി മറുപടി രേഖാമൂലം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ജൂണ്‍ 2ന് രാവിലെ 9.50നാണ് വില്‍ന വിനോദ് ബാങ്കിനുള്ളില്‍ വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ അഞ്ചരക്കണ്ടി ഓടക്കടവ് കിനാലൂര്‍ ഹരിശ്രീയില്‍ ഹരീന്ദ്ര(51)നെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം പിന്നീട് ജാമ്യത്തിലിറങ്ങി. സംഭവത്തിന് ഒരു മാസം മുമ്പാണു വില്‍ന ബാങ്കില്‍ താല്‍ക്കാലിക ജീവനക്കാരിയായി ജോലിയില്‍ പ്രവേശിച്ചത്.
ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ വെടിയേറ്റ് വില്‍നയുടെ തല ചിതറിയതില്‍ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. പരിയാരം  മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ തലവനും പോലിസ് സര്‍ജനുമായ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് പരിശോധന നടത്തിയിരുന്നത്. ഒരു മീറ്ററിനപ്പുറത്തു നിന്നാണ് വെടിയേറ്റതെന്നാണ് പരിശോധനയില്‍ വ്യക്തമായത്. എന്നാല്‍ ഈ അകലത്തില്‍ വെടിയേറ്റാല്‍ തലയോട്ടിയും തലച്ചോറും ചിതറിപ്പോവുന്ന പരിക്കേല്‍ക്കില്ലെന്നാണ് ഫോറന്‍സിക് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇത്രയം ദൂരത്തില്‍ നിന്നു
വെടിയേറ്റാല്‍ പെല്ലറ്റ് തുളച്ചുകയറുകയും തലക്കുള്ളില്‍ പരിക്കേല്‍ക്കുകയുമാണ് ചെയ്യുക. എന്നാല്‍ തല ചിതറിപ്പോയതില്‍ അസ്വാഭാവികതയുണ്ടെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ ടെസ്റ്റ് ഫയര്‍ നടത്തണമെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ ടെസ്റ്റ് ഫയര്‍ നടത്താന്‍ അന്വേഷണ സംഘം തീരുമാനിക്കുകയും അനുമതി തേടി കോടതിയെ സമീപിക്കുകയും ചെയ്തു. കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ ടെസ്റ്റ് ഫയര്‍ നടത്താനാണു പോലിസ് തീരുമാനം.
സെക്യൂരിറ്റി ജീവനക്കാരന്‍ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ത്തതാണെന്നാണ് പോലിസിന്റെ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍. എന്നാല്‍ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വാഷണം നടത്തണമെന്നും ആവശ്യപ്പട്ട് വില്‍നയുടെ മാതാവ് സുധ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നല്‍കിയിരുന്നു. വില്‍നയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയതോടെ ബാങ്കിനെതിരേ പ്രക്ഷോഭത്തിനിറങ്ങാന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss