|    Aug 16 Wed, 2017 6:45 pm
FLASH NEWS

ജീവനക്കാരില്ല; കാസര്‍കോട് നഗരസഭ ഭരണം പ്രതിസന്ധിയില്‍

Published : 1st August 2016 | Posted By: SMR

കാസര്‍കോട്: സെക്രട്ടറി അടക്കമുള്ള നിര്‍വഹണ ഉദ്യോഗസ്ഥരില്ലാത്തത് കാസര്‍കോട് നഗരസഭയെ ഭരണപ്രതിസന്ധിയിലാക്കി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നുണ്ടായ സ്ഥലംമാറ്റത്തോടെ പ്രധാനപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഇല്ലാത്ത സ്ഥിതിയാണ്.
നഗരസഭയുടെ പ്രധാനപ്പെട്ട പല തീരുമാനങ്ങളും കൈകൊള്ളേണ്ട സമയത്താണ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയത്.  നഗരസഭയിലെ സെക്രട്ടറി, അസി.സെക്രട്ടറി, സുപ്രണ്ടുമാര്‍, എച്ച്എസ്, എച്ച്‌ഐ, അഞ്ച് സീനിയര്‍ ക്ലര്‍ക്ക് തുടങ്ങി 15 ലധികം ഉദ്യോഗസ്ഥന്‍മാരെയാണ് ഒന്നിച്ച് സ്ഥലംമാറ്റിയത്. പകരം നിയമനം നടത്താത്ത സാഹചര്യത്തില്‍ നഗരസഭയിലെ ദൈനംദിന കാര്യങ്ങള്‍ നടക്കാത്ത അവസ്ഥയാണ്. സെക്രട്ടറിയെ നിയമിക്കാത്തതിനാല്‍ ശമ്പളബില്‍, ചെക്ക്, ഇന്‍ഷുറന്‍സ് തുക, വൈദ്യുതി ചാര്‍ജ്, മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ് പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിനെ തുടര്‍ന്ന് കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്ക് പോലും ശമ്പളം നല്‍കാനാവുന്നില്ല.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും നഗരസഭയില്‍ മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. കാസര്‍കോട് നഗരസഭയില്‍ ഇപ്പോഴത്തെ പ്രവര്‍ത്തനം നാഥനില്ലാത്ത കളരിപോലെയാണ്. സാധാരണക്കാര്‍ ഒരു ആവശ്യത്തിന് ഓഫിസിലെത്തിയാല്‍ ഒരു കാര്യവും നടക്കാത്ത സ്ഥിതിയാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിരവധി പദ്ധതികള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാല്‍ പദ്ധതികളൊന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. യുഡിഎഫ് ഭരണം നടത്തുന്ന നഗരസഭയോടുള്ള സര്‍ക്കാറിന്റെ അനാസ്ഥയാണ് കൂട്ടസ്ഥലംമാറ്റത്തിന് പിന്നിലെന്ന്  ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക