|    Mar 22 Thu, 2018 3:50 pm
FLASH NEWS

ജീവനക്കാരന്‍ ഷോക്കേറ്റ്് മരിച്ച സംഭവം:ഉത്തരവാദികള്‍ക്കെതിരേ നടപടി വേണം

Published : 1st October 2016 | Posted By: Abbasali tf

കോട്ടയം: ഷോക്കേറ്റ് മരിച്ച നഗരസഭാ ജീവനക്കാരന്‍ മുരുകേശന്റെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന തീരുമാനത്തിന് നഗരസഭാ കൗണ്‍സില്‍ യോഗത്തിന്റെ ഏകകണ്ഠമായ പിന്തുണ. അടിയന്തര ദുരിതാശ്വാസമെന്ന നിലയില്‍ നഗരസഭാ കൗണ്‍സിലര്‍മാരുടെ വിഹിതവും ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും ശേഖരിച്ച് കുടുംബത്തിന് കൈമാറും.സംഭവത്തിന് ഉത്തരവാദികളായവരെ അന്വേഷണത്തിലൂടെ കണ്ടെത്തി അവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന കാര്യത്തിലും ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ക്ക് ഏകാഭിപ്രായമായിരുന്നു. ആരോഗ്യ വിഭാഗം സെക്രട്ടറി ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അപകടത്തെ സംബന്ധിച്ച വിശദമായ റിപോര്‍ട് അധ്യക്ഷക്ക് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.നഗരസഭയിലെ ഉദ്യോഗസ്ഥര്‍ വാങ്ങുന്ന ശമ്പളത്തിനുള്ള കൂറെങ്കിലും ജോലിയോട് കാണിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന വ്യക്തമാക്കി. ഒഴിവാക്കാമായിരുന്ന  ദുരന്തമാണ് സംഭവിച്ചത്. ജീവനക്കാരുടെ പിന്നാലെ നോക്കി നടക്കാന്‍ നഗരസഭ ഭരണകൂടത്തിന് കഴിയില്ല. വര്‍ക്ക് റിപോര്‍ട്ട്, ഹാജര്‍, നൈറ്റ് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ഡെയ്‌ലി റിപോര്‍ട്ടും നല്‍കണം. ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അവധിയെടുത്ത് പോവാമെന്നും അവര്‍ രൂക്ഷമായി പ്രതികരിച്ചു. ഷോക്കേറ്റ് മരിച്ച മുരുകേശന് ആദരാഞ്ജലിയര്‍പ്പിച്ച് യോഗം അജണ്ടയിലേക്ക് കടക്കാനൊരുങ്ങിയപ്പോള്‍ ഭരണപക്ഷ അംഗവും മുന്‍ ചെയര്‍മാനുമായ എം പി സന്തോഷ് കുമാറാണ് വിഷയം ഉന്നയിച്ചത്. നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഒരാളുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയതെന്ന് സന്തോഷ് കുറ്റപ്പെടുത്തി. അപകടം നടന്ന കെട്ടിടത്തിലെ വിശ്രമമുറിയില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചിരുന്നു.ഇതേത്തുടര്‍ന്ന് വൈദ്യുതി ബന്ധം തകരാറായതാണ് മുരുകേശന് ഷോക്കേല്‍ക്കാനിടയായത്. ഷോക്കേല്‍ക്കാനിടയുണ്ടെന്ന് നേരത്തെ അറിയാമായിരുന്നിട്ടും മേലുദ്യോഗസ്ഥര്‍ ആളെ അവിടേക്ക് നിയോഗിച്ചത് ഗുരുതരമായ വീഴ്ചയാണ്. അതിനുത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണം. കൂടാതെ സംഭവമുണ്ടായ ശേഷവും കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചിട്ടില്ലെന്നും സന്തോഷ് ആരോപിച്ചു. ജീവനക്കാരന്‍ മരിച്ചിട്ടും അയാളുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ നഗരസഭയില്‍ നിന്ന് ബന്ധപ്പെട്ട ആരും പോകാതിരുന്നത് ഏറെ ഖേദകരമാണെന്നും കുറ്റപ്പെടുത്തി. എന്നാല്‍ അപകടത്തിന് ഉദ്യോഗസ്ഥരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് സി എന്‍ സത്യനേശന്‍, അംഗങ്ങളായ അരുണ്‍ ഷാജി ,വി വി ഷൈല ചൂണ്ടിക്കാട്ടി. അതേസമയം വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss