|    Jan 24 Tue, 2017 5:03 pm
FLASH NEWS

ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 71 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Published : 31st July 2016 | Posted By: SMR

നെടുമങ്ങാട് (തിരുവനന്തപുരം): മൈലം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. 71 വിദ്യാര്‍ഥികള്‍ക്കു വിഷബാധയേറ്റു. 26 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19 പെണ്‍കുട്ടികളും ഏഴ് ആണ്‍കുട്ടികളുമാണു ചികില്‍സതേടിയത്. ഇവരില്‍ ഒരാളെ എസ്എടി ആശുപത്രിയിലേക്കു മാറ്റി. കടുത്ത വയറിളക്കവും ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 13 പെണ്‍കുട്ടികളെ ഇന്നലെ പുലര്‍ച്ചെയും ബാക്കിയുള്ളവരെ ഉച്ചയ്ക്കും വൈകീട്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ജ്യോതിലക്ഷ്മി(15), ആന്‍സി സാറ(15), പാര്‍വതി(15), അശ്വതി(16), വിന്‍സമോള്‍(15), അനുനന്ദന(15), ആരതി(15), നീലിമ(15), ദേവിക മുരളി(15), പഞ്ചമി(15), ഫിമിന(15), അതുല്യ (15), ജിബി(15) എന്നിവരാണ് ആദ്യം ചികില്‍സതേടിയത്. അമന്‍ (13), ആസിഫ്(13) ശ്യാം(15), ജലീല്‍(16), വിഷ്ണു(14), സഞ്ജു (12), സിമി(15), നിവ്യ(14), ദീപക്(17), ഹരിത (14), ബിനിത(15), അഭിന(15), ആന്‍സി(13), സീനാമോള്‍ (17), എന്നിവര്‍ പിന്നീടും ചികില്‍സതേടി. ഇതില്‍ സഞ്ജുവിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രക്തസാംപിളുകള്‍ വിശദപരിശോധനയ്ക്കായി മൈക്രോ ബയോളജി ലാബിലേക്ക് അയച്ചു.
പേരൂര്‍ക്കടയിലെ ആശുപത്രിയിലും നിരവധി കുട്ടികള്‍ ചികില്‍സതേടി. 8, 9, 10 ക്ലാസിലെ വിദ്യാര്‍ഥികളാണു വിഷബാധയേറ്റവരില്‍ ഏറെയും. ഹോസ്റ്റലില്‍ നിന്നു കഴിച്ച മീന്‍കറി, ബീഫ് തുടങ്ങിയവയാണ് പ്രശ്‌നമുണ്ടാക്കിയത്. വ്യാഴാഴ്ച രാവിലെ ഉണ്ടാക്കിയ സാമ്പാര്‍ പിറ്റേന്നു രാവിലെ നല്‍കിയതായി കുട്ടികള്‍ പറഞ്ഞു. സ്‌കൂള്‍ മെസ്സില്‍ പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ഭക്ഷണപദാര്‍ഥങ്ങളുടെ സാംപിളുകള്‍ ശേഖരിച്ചു.
കുട്ടികള്‍ ചികില്‍സയിലുള്ള ആശുപത്രികള്‍ സന്ദര്‍ശിച്ച സംഘം ഡോക്ടര്‍മാരില്‍നിന്നു വിവരങ്ങള്‍ ആരാഞ്ഞു. കുട്ടികളില്‍നിന്നും മൊഴിയെടുത്തു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഡെസിഗ്നേറ്റഡ് ഓഫിസറുടെ നിര്‍ദേശപ്രകാരം സ്‌കൂളിലെ മെസ് താല്‍ക്കാലികമായി അടച്ചുപൂട്ടി.
അതേസമയം, മെസ് അടച്ചുപൂട്ടിയതിനാല്‍ സ്‌കൂളിന് ആഗസ്ത് മൂന്നുവരെ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ അവധി പ്രഖ്യാപിച്ചു. ഈ സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷവും നിരവധി കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക