|    Jan 20 Fri, 2017 5:41 pm
FLASH NEWS

ജി വി രാജ സ്‌കൂള്‍ അവഗണനയുടെ ട്രാക്കില്‍

Published : 1st August 2016 | Posted By: SMR

കെ മുഹമ്മദ് റാഫി

നെടുമങ്ങാട്: സംസ്ഥാനത്തിന് അഭിമാനമായ കായികതാരങ്ങളെ വാര്‍ത്തെടുത്ത ജി വി രാജ സ്‌കൂള്‍ അവഗണനയുടെ ട്രാക്കില്‍. ഹോക്കിയിലെ ഇന്ത്യയുടെ അഭിമാനമായ പി ആര്‍ ശ്രീജേഷ് 2006ല്‍ പഠിച്ചിറങ്ങിയത് ഇവിടെയാണ്. മാത്രമല്ല, പി ടി ഉഷയും ഷൈനി വില്‍സനും ബീനാമോളും ഉള്‍െപ്പടെ നൂറുകണക്കിനു പ്രതിഭകളെ വാര്‍ത്തെടുത്തതും ഈ സ്ഥാപനമാണ്. എന്നാല്‍, അധികൃതരുടെ അവഗണന കാരണം ഇപ്പോള്‍ ഇവിടെ നിന്ന് ഒരു കായികതാരം പോലും ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ഏറ്റവുമൊടുവില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയടക്കം അധികൃതരുടെ അനാസ്ഥയുടെ തെളിവായി നില്‍ക്കുമ്പോഴാണ് ഹെഡ്മിസ്ട്രസിനെ സസ്‌പെ ന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നത്. 1971ല്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 1974ല്‍ ഗോദവര്‍മ രാജയുടെ പേരില്‍ ശംഖുമുഖത്ത് കേരളത്തിലെ ഏക സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആരംഭിച്ചത്. വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ് സ്‌കൂളെങ്കിലും 1997 വരെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുവദിച്ചുനല്‍കിയിരുന്ന 18 കായിക പരിശീലകരായിരുന്നു കുട്ടികള്‍ക്ക് കായിക വിദ്യാഭ്യാസം നല്‍കിയിരുന്നത്. ഇപ്പോള്‍ നാലു പരിശീലകരെ മാത്രമാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇവിടേക്ക് അയക്കുന്നത്. എന്നാല്‍, നാളിതുവരെ ഒരു പരിശീലക തസ്തിക പോലും ഈ സ്‌കൂളില്‍ അനുവദിച്ചിട്ടില്ല. അതിനാല്‍, ദിവസവേതനത്തിനു പോലും ഒരാളെയും ഇവിടെ നിയമിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കഴിയുന്നുമില്ല. ഇപ്പോള്‍ നിലവില്‍ നാലിനങ്ങളില്‍ മാത്രമാണ് പരിശീലനം. ശ്രീജേഷ് വിജയം കൊയ്ത ഹോക്കി ഇപ്പോള്‍ ഇവിടെ പഠിപ്പിക്കുന്നില്ല.
സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ ഘടനയിലല്ല ജി വി രാജ സ്‌കൂളിന്റെ പ്രവര്‍ത്തനമെന്ന് നേരത്തെ പരാതിയുണ്ട്. വൈകീട്ട് 5നു ശേഷം വാര്‍ഡന്‍ മാത്രമാകും സ്‌കൂളില്‍ ഉണ്ടാവുക. വാര്‍ഡന്‍ ലീവെടുത്താല്‍ പകരം ഒരാളിനെ ചുമതല കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.
പരിശീലനത്തിനിടെ വിദ്യാര്‍ഥികള്‍ക്ക് അപകടം പറ്റാറുണ്ടെങ്കിലും ഇവിടെ ആംബുലന്‍സ് സംവിധാനമില്ല. കുട്ടികളുടെ ഭക്ഷണക്കാര്യത്തെക്കുറിച്ച് അധികൃതര്‍ മുറയ്ക്ക് പ്രഖ്യാപനങ്ങള്‍ നടത്താറുണ്ടെങ്കിലും സ്‌കൂള്‍ തുറന്നു രണ്ടു മാസം പിന്നിടുമ്പോഴും ഭക്ഷണത്തിനു ചെലവായ തുകയിനത്തില്‍ ഒരു രൂപ പോലും ഇതുവരെയും അനുവദിച്ചിട്ടില്ല. ഒരു കുട്ടിക്ക് ദിവസം 150 രൂപ ക്രമത്തിലാണ് അനുവദിക്കുന്നത്. രണ്ടു മാസത്തെ തുകയായ പത്തു ലക്ഷത്തിലധികം രൂപ മെസ് നടത്തിപ്പുകാരാണ് ഇനിയും നല്‍കിയിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ സ്‌കൂള്‍ കായികവകുപ്പിനു കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സ്‌കൂളിന്റെ നിലവാരം ഉയര്‍ത്തുന്നതിനായിരുന്നു നടപടിയെങ്കിലും ഇതുകൊണ്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക