|    May 30 Tue, 2017 7:04 am
FLASH NEWS

ജിസിസി ഭക്ഷ്യ സുരക്ഷാ നിയമം അടുത്ത മാസം മുതല്‍

Published : 21st March 2017 | Posted By: fsq

 

ദോഹ: ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അന്താരാഷ്ട്ര ഭക്ഷ്യവ്യാപാരം എളുപ്പത്തിലാക്കുന്നതിനും വേണ്ടിയുള്ള ജിസിസി ഭക്ഷ്യ നിയമാവലി അടുത്തമാസം മുതല്‍ ഖത്തറില്‍ പ്രാബല്യത്തിലാവും. ഭക്ഷ്യസാധനങ്ങള്‍ കൊണ്ട് ഉണ്ടായേക്കാവുന്ന രോഗങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഭക്ഷ്യവസ്തുക്കളെ തരംതിരിച്ച് ഒക്ടോബര്‍ മുതല്‍ നിയമാവലിയിലെ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമാക്കുമെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മനുഷ്യാരോഗ്യത്തെ അപകടപ്പെടുത്തുന്ന ഭക്ഷ്യവസ്തുക്കളെ നിയന്ത്രിക്കാന്‍ മേഖലയില്‍ വിപുലവും സൗഹൃദവുമായ ഇറക്കുമതി പരിശോധനകളാണ് ജിസിസി ഭക്ഷ്യനിയമാവലി ലക്ഷ്യമിടുന്നത്. ഇറച്ചി, ഇറച്ചി ഉല്‍പ്പന്നങ്ങള്‍, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, കടല്‍ ഭക്ഷ്യ വിഭവങ്ങള്‍, മുട്ടകള്‍, മുട്ട ഉല്‍പ്പന്നങ്ങള്‍, പ്രോസസ്ഡ് ഫുഡ്, പലതരം വസ്തുക്കള്‍ ഇടകലര്‍ത്തിയ ഭക്ഷ്യസാധനങ്ങള്‍, തേന്‍, തുടങ്ങി മനുഷ്യന്‍ ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളാണ് നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളെല്ലാം ജിസിസി ഭക്ഷ്യ നിയമാവലിയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിധേയമായിരിക്കണം. ഇറക്കുമതി ചെയ്യുന്ന ആദ്യ സ്ഥലത്ത് നിന്ന് തന്നെ ഇവ ഉറപ്പ് വരുത്തും. കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ ആവശ്യമായ രേഖാ പത്രങ്ങള്‍ ഉറപ്പുവരുത്തുകയും വേണം. ഭക്ഷണ സാധനങ്ങള്‍ക്ക് മതപരമായ മാനദണ്ഡങ്ങള്‍(ഹലാല്‍) പാലിക്കുന്നതായുള്ള സര്‍ട്ടിഫിക്കറ്റ് വേണം. എന്നാല്‍, വ്യക്തിപര ആവശ്യത്തിനുള്ള വസ്തുക്കള്‍ക്ക് ഈ നിബന്ധന ബാധകമല്ല. നിര്‍മാണ സംബന്ധമായ എല്ലാവിവരങ്ങളും ഉള്‍പ്പെടുത്തി നന്നായി പാക്ക് ചെയ്തവയായിരിക്കണം അവ. കസ്റ്റംസ് ഡിക്ലറേഷന്‍, കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍, ആരോഗ്യ സുരക്ഷാ സര്‍ട്ടിഫിക്കറ്റ്, ഹലാല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഇറക്കുമതി ചെയ്യുന്ന ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ക്കുണ്ടായിരിക്കണം.  ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് തുറമുഖങ്ങളില്‍ ശക്തമായ പരിശോധന ഉണ്ടാകുമെന്നും നിയമാവലികള്‍ പാലിക്കപ്പെട്ടുവെന്ന് ഉറപ്പ് വരുത്തിയാലേ പ്രാദേശിക മാര്‍ക്കറ്റിലേക്ക് വിടുകയുള്ളൂവെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ എന്‍വയേണ്‍മെന്റല്‍ ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റ്  ഡയറക്ടര്‍ വസ്സാന്‍ അബ്ദുല്ല അല്‍ബക്കര്‍ പറഞ്ഞു. എല്ലാ ജിസിസി രാജ്യങ്ങളിലും ഒരു പോലെ നിയമാവലി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന പുതിയ അപകടങ്ങള്‍ തിരിച്ചറിയാനും അവ കൈകാര്യം ചെയ്യാനും ജിസിസി രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഇത് സഹായകമാവും. ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ സംബന്ധിച്ച പരിശോധന, അനുമതി എന്നിവ സംബന്ധിച്ച് പുതിയ സംവിധാനത്തിലൂടെ വിവരങ്ങള്‍ അറിയാം. വ്യാപാര ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ക്കും പുതിയ നിയമാവലിയില്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  അടുത്തിടെ റിയാദില്‍ ചേര്‍ന്ന ജിസിസി ഭക്ഷ്യ സുരക്ഷാ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമാവലി തയാറാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day