|    Oct 18 Thu, 2018 2:36 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ജിസിസി ഉച്ചകോടി: ഏകീകൃത കസ്റ്റംസ്പൊതു ഗള്‍ഫ് വിപണി യാഥാര്‍ഥ്യമാക്കും

Published : 12th December 2015 | Posted By: TK

riyad dhariya palace

റഷീദ് ഖാസിമി

റിയാദ്: സൈനിക, സാമ്പത്തിക, സാമൂഹിക, സുരക്ഷാ മേഖലയില്‍ ഒറ്റക്കെട്ടായി സഹകരിക്കുന്നതോടൊപ്പം സഹോദര രാഷ്ട്രങ്ങള്‍ക്കുള്ള സഹായം തുടരുമെന്ന പ്രഖ്യാപനത്തോടെ 36ാമത് ജിസിസി ഉച്ചകോടിക്കു സമാപനം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉച്ചകോടി എല്ലാ തരത്തിലുള്ള തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങളെയും ശക്തമായ ഭാഷയില്‍ അപലപിച്ചു.

യമന്‍ വിഷയത്തില്‍ ഗള്‍ഫ് താല്‍പര്യത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഹാരത്തിന് പിന്തുണയറിയിച്ച ഉച്ചകോടി യമന്റെ പുനനിര്‍മാണത്തിനായി അന്താരാഷ്ട്ര കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ദുരിതം അനുഭവിക്കുന്ന ഫലസ്തീന്‍ ജനതയ്്ക്ക് കൗണ്‍സില്‍ നിര്‍ദേശത്തിനു കീഴില്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി ഉച്ചകോടി വ്യക്തമാക്കി.

അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഭാഗമായ ജിസിസി രാജ്യങ്ങളുടെ ചരിത്രപരമായ ദൗത്യവും ഉത്തരവാദിത്തവും ഉള്‍കൊണ്ട് രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക മേഖലയില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് ജിസിസി രാഷ്ട്രത്തലവന്‍മാര്‍ പ്രഖ്യാപിച്ചതായി ഉച്ചകോടിക്കു പരിസമാപ്തി കുറിച്ച് നടന്ന റിയാദ് പ്രഖ്യപനം വിശദീകരിച്ച് ജിസിസി സെക്രട്ടറി ജനറനല്‍ ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനി വ്യക്തമാക്കി.

ജിസിസി രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏകീകൃത കസ്റ്റംസ് സംവിധാനം നടപ്പാക്കുക എന്നത് 2003ല്‍ കൗണ്‍സില്‍ കൈക്കൊണ്ട നിര്‍ണായക തീരുമാനമായിരുന്നു. 13 വര്‍ഷം പൂര്‍ത്തിയാകുന്ന 2016ല്‍ ഏകീകൃത കസ്റ്റംസ്സംവിധാനം പൂര്‍ണമായി നടപ്പാക്കും. ജിസിസി രാഷ്ട്രങ്ങളിലെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അംഗരാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതോടൊപ്പം നിയമക്കുരുക്കുകളും മാനദണ്ഡങ്ങളും ഒഴിവാക്കി സുഗമമായ യാത്രാസൗകര്യം ഉറപ്പാക്കലും ഇതില്‍ പ്രധാനമാണ്. പൊതു ഗള്‍ഫ് വിപണി ആരംഭിക്കുകയെന്ന ലക്ഷ്യവും 2002ലെ തീരുമാനവും പൂര്‍ണമായി നടപ്പാക്കാന്‍ ഉച്ചകോടിയില്‍ തീരുമാനമായി. വ്യാപാര മേഖലയില്‍ പൗരന്‍മാര്‍ക്ക് പരമാവധി പ്രയോജനം ലഭ്യക്കുന്നതോടൊപ്പം വാണിജ്യ-വ്യാപാര മേഖലകളില്‍ ഏകീകൃത സാമ്പത്തിക നിയമവും 2016ല്‍ പൂര്‍ത്തീകരിക്കും.

സാംക്രമിക രോഗങ്ങള്‍ക്കെതിരേ സംയുക്ത പ്രതിരോധ നടപടികള്‍ കൈക്കൊള്ളാനും ഉപഭോക്തൃ സംരക്ഷണത്തിനായി ബന്ധപ്പെട്ട ഏജന്‍സികളുമായി സഹകരിച്ച് ഏകീകൃത സംവിധാനം നടപ്പാക്കാനും തീരുമാനിച്ചു. ജിസിസി രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക പാഠ്യപദ്ധതി നടപ്പാക്കാനും എല്ലാ സ്ഥാപനങ്ങളും സംഘടനകളും ജിസിസി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന നിര്‍ദേശത്തെയും സഖ്യരാഷ്ട്രങ്ങള്‍ അംഗീകരിച്ചു. ജിസിസി രാജ്യങ്ങള്‍ക്കു നേരെയും അതിര്‍ത്തിപ്രദേശങ്ങളിലും ഭീഷണിയുയര്‍ത്തുന്ന വിദേശ ശക്തികള്‍ക്കെതിരേ സൈനിക, സുരക്ഷാ മേഖലയിലെ പരസ്പര സഹകരണം ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. 37 ാമത് ജിസിസി ഉച്ചകോടിക്ക്് ബഹ്‌റയ്ന്‍ ആണ് ആതിഥ്യമരുളുന്നത്. അംഗരാഷ്ട്രത്തലവന്‍മാരെ ബഹ്‌റയ്ന്‍ രാജാവ് ഹമദ് ബിന്‍ ഈസ ബഹ്‌റയ്‌നിലേക്കു സ്വാഗതം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss