|    Jan 24 Tue, 2017 6:37 am

ജിസമോളുടെ മരണം: 10 വര്‍ഷം പിന്നിട്ടിട്ടും ദുരൂഹത നീങ്ങിയില്ല

Published : 9th January 2016 | Posted By: SMR

കെ സനൂപ്

പാലക്കാട്: തൃശൂര്‍ പാവറട്ടി സാന്‍ജോസ് പാരിഷ് ആശുപത്രിയിലെ മൂന്നാംവര്‍ഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ഥിനി ജിസമോളുടെ ദുരൂഹമരണത്തെക്കുറിച്ച് കൊച്ചിയിലെ സിബിഐ സംഘം നടത്തുന്ന അന്വേഷണം വൈകിപ്പിക്കുന്നതായി ആരോപണമുയരുന്നു. 2014ലാണ് ജിസമോളുടെ മരണം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ സിബിഐ സംഘം അന്വേഷണമാരംഭിച്ചതെങ്കിലും ഇതേവരെ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നറിയുന്നു. കൊച്ചി സിബിഐ സംഘത്തിലെ ഡിവൈഎസ്പിമാരായ സെന്റ് ലാലും മാധവന്‍കുട്ടിയുമാണ് അന്വേഷണം നടത്തുന്നതെന്ന് ജിസമോളുടെ മാതാവ് ബിന്നി ദേവസ്യ തേജസിനോടു പറഞ്ഞു.
സംഭവം നടന്ന് 10 വര്‍ഷം പിന്നിടുമ്പോഴും സിബിഐ അന്വേഷണം വൈകിപ്പിക്കുന്നത് കേസിലെ പ്രധാന ആരോപണ വിധേയനായ ഫാ. പോള്‍ പയ്യപ്പിള്ളിയെയും മറ്റു പ്രതികളെയും സംരക്ഷിക്കാനാണെന്ന ആരോപണം ശക്തമാവുകയാണ്. പാവറട്ടി സാന്‍ജോസ് പാരിഷ് ആശുപത്രിയിലെ മൂന്നാം വര്‍ഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ ജിസമോളെ (21) 2005 ഡിസംബര്‍ 5നാണ് ഹോസ്റ്റല്‍ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. മോഡല്‍ പരീക്ഷയില്‍ കോപ്പിയടിച്ചതു പിടിച്ചതില്‍ മനംനൊന്ത് ജിസമോള്‍ കൈയിലെ ഞെരമ്പുമുറിച്ചശേഷം തൂങ്ങിമരിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ മാതാവ് ബിന്നി ദേവസ്യയെ അറിയിച്ചത്.
ചാവക്കാട് പോലിസ് അസ്വാഭാവിക മരണമായി എഴുതിത്തള്ളിയ കേസ് ഫാ. പോള്‍ പയ്യപ്പിള്ളി നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു എന്നു തെളിയിക്കാന്‍ തെളിവുകളേറെയാണെന്ന് ബിന്നിദേവസ്യ പറയുന്നു. ഒരാഴ്ച മുമ്പാണ് മോഡല്‍ പരീക്ഷ നടന്നത്. കൈയിലെ ഞരമ്പിനു പകരം മാംസമാണു മുറിഞ്ഞിട്ടുള്ളത്.
മരണവിവരം അറിഞ്ഞ് ലോക്കല്‍ ഗാര്‍ഡിയനും അമ്മാവനുമായ ആന്റണി ചിറ്റാട്ടുകര ആശുപത്രിയിലെത്തുമ്പോള്‍ ജിസമോളുടെ മൃതദേഹം നൈറ്റി ധരിപ്പിച്ച് ഇറക്കിക്കിടത്തിയ നിലയിലായിരുന്നു.
മുറി മുഴുവന്‍ കഴുകിയിരുന്നു. തൂങ്ങിമരണത്തിന്റേതായ ഒരു അടയാളവും ശരീരത്തിലുണ്ടായിരുന്നില്ല. ജിസയുടെ വസ്ത്രമെന്നു പറഞ്ഞ് ഹാജരാക്കിയ ചുരിദാറും അടിവസ്ത്രങ്ങളുമടക്കം വലിച്ചുകീറിയ നിലയിലായിരുന്നു. എന്നാല്‍, മൃതദേഹത്തില്‍ മറ്റാരുടെയൊ നൈറ്റിയും പുതിയ അടിവസ്ത്രവുമാണ് ഉണ്ടായിരുന്നത്. ചുരിദാര്‍ മാത്രമാണ് ജിസ ധരിക്കാറുണ്ടായിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ജിസമോളുടെ കഴുത്തിലെ ഞരമ്പുകള്‍ക്ക് കേടുപാടു സംഭവിച്ചിട്ടില്ലെന്നും നട്ടെല്ലിനു ക്ഷതമേറ്റിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാണ്.
ജിസമോള്‍ എപ്പോഴും വാച്ച് ധരിക്കുന്ന സ്വഭാവക്കാരിയാണ്. എന്നാല്‍, മൃതദേഹത്തില്‍ വാച്ചുണ്ടായിരുന്നില്ല. പോലിസ് പരിശോധനകള്‍ക്കു ശേഷം വാച്ച് കിട്ടിയപ്പോള്‍ അതിന്റെ ചില്ല് ഉടഞ്ഞിട്ടുണ്ടായിരുന്നു. സ്ട്രാപ്പും പൊട്ടിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെയും പിന്നീടു നടത്തിയ വിദഗ്ധ പരിശോധനയിലെയും കണ്ടെത്തലുകള്‍ ജിസമോളുടെ മരണം മാനഭംഗത്തിനിടയിലെ കൊലപാതകമാണെന്നു വ്യക്തമാക്കുന്നതാണ്. കേസിന്റെ തുടക്കം മുതല്‍ തെളിവുകള്‍ നശിപ്പിക്കുന്ന സമീപനം സ്വീകരിച്ചതിന്റെ ഫലമായി ചാവക്കാട് പോലിസ് ലിംഗേച്ചര്‍ ടെസ്റ്റ് നടത്തിയിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 189 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക