|    Jan 20 Fri, 2017 9:35 am
FLASH NEWS

ജിഷ വധക്കേസ്: പ്രതിയെ പിടികൂടാന്‍ സഹായിച്ചത് തന്റെ നിര്‍ദേശങ്ങള്‍: സെന്‍കുമാര്‍

Published : 2nd July 2016 | Posted By: SMR

കൊച്ചി: ജിഷ കൊലക്കേസില്‍ നിലവിലെ അന്വേഷണ സംഘത്തിന് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് താന്‍ ആദ്യ സംഘത്തിന് നല്‍കിയ നിര്‍ദേശങ്ങള്‍ വഴിയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. പുറ്റിങ്ങല്‍, ജിഷ കേസുകളില്‍ തന്റെ ഭാഗത്ത് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി തന്നെ ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
സംസ്ഥാന പോലിസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയ നടപടി ചോദ്യം ചെയ്ത് സെന്‍കുമാര്‍ നല്‍കിയ ഹരജിയിലാണ് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചത്. സര്‍ക്കാര്‍ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹരജി ഏഴിന് പരിഗണിക്കാന്‍ മാറ്റി. പുറ്റിങ്ങല്‍, ജിഷ കേസുകളില്‍ സംസ്ഥാന പോലിസ് മേധാവി എന്ന നിലയില്‍ സെന്‍കുമാറിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി അഡ്വക്കറ്റ് ജനറല്‍ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സെന്‍കുമാറിന്റെ വിശദീകരണം.
സംസ്ഥാന പോലിസ് മേധാവിയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ പൊലിസിനെക്കുറിച്ച് ജനങ്ങളില്‍ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. പോലിസ് മേധാവി സംസ്ഥാനത്തെ പോലിസുകാരുടെ മുഴുവന്‍ ചുമതലക്കാരനാണ്. ലോക്‌നാഥ് ബെഹ്‌റയെ പുതിയ മേധാവിയാക്കിയതിനെതുടര്‍ന്ന് ജിഷ കേസിലെ പ്രതിയെ പിടികൂടാനായെന്നു എജി അറിയിച്ചിരുന്നു. എന്നാല്‍, ജിഷ കേസില്‍ ആദ്യത്തെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരും പറഞ്ഞിട്ടില്ല. അന്വേഷണം ശരിവച്ചുകൊണ്ട് ചീഫ് സെക്രട്ടറി തന്നെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. പോലിസ് മേധാവിയെന്ന രീതിയില്‍ താന്‍ ഈ കേസില്‍ വളരെയധികം താല്‍പര്യം കാണിച്ചിരുന്നു. ഏത് ദിശയിലാണ് അന്വേഷണം പോവേണ്ടത് എന്നത് സംബന്ധിച്ച നിരവധി നിര്‍ദേശങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. ആദ്യസംഘം എല്ലാ തെളിവുകളും ശേഖരിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാനായതെന്നും സെന്‍കുമാര്‍ അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷനുമായിട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് ജിഷയുടെ കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി മെയ് ഒന്ന്, രണ്ട് ദിവസങ്ങളില്‍ ചര്‍ച്ചയിലായിരുന്നു. ഇത് മറച്ചുവച്ച് ചില മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു. ചില രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ താല്‍പര്യത്തിനനുസരിച്ച് ജിഷയുടെ കൊലപാതകത്തെ ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ പോലിസിന് വിശദീകരണം നല്‍കാനും അവസരം ലഭിച്ചില്ല.
പുറ്റിങ്ങല്‍ വെടിക്കെട്ടുണ്ടായി പുലര്‍ച്ചെ 4.30ന് സ്ഥലത്തെത്തി. ദുരന്തനിവാരണത്തില്‍ പങ്കെടുക്കുകയും പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് സുരക്ഷ ഒരുക്കുകയും ചെയ്തു. ദുരന്തത്തിന്റെ ആഴം മനസ്സിലാക്കി ക്രൈം എഡിജിപിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി.
സംസ്ഥാന പോലിസ് മേധാവിയായി നിയമിക്കപ്പെടുമ്പോള്‍ താന്‍ ജൂനിയര്‍ ആയിരുന്നുവെന്ന ആരോപണവും ശരിയല്ല. അന്ന് തന്നേക്കാള്‍ സീനിയറായിരുന്ന ദിനേശ്വര്‍ ശര്‍മ കേന്ദ്ര ഡെപ്യൂട്ടഷനില്‍ ഐബി ഡയറക്ടറും മഹേഷ് കുമാര്‍ സിംഗ്ല സ്‌പെഷ്യല്‍ ഡയറക്ടറുമായിരുന്നു. അതായത് അന്ന് പൊലിസ് മേധാവിയായി നിയമിക്കപ്പെടാന്‍ സംസ്ഥാനത്തുണ്ടായിരുന്ന ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥന്‍ താന്‍ തന്നെയായിരുന്നുവെന്നും സത്യാവങ്മൂലത്തില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 210 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക