|    Oct 21 Sun, 2018 3:30 pm
FLASH NEWS
Home   >  News now   >  

ജിഷ വധക്കേസ്: പ്രതിക്ക് വധശിക്ഷ

Published : 14th December 2017 | Posted By: Jesla

കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ . ശിക്ഷയുടെ കാര്യത്തില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കോടതി ഇന്നലെ കേട്ടിരുന്നു.

ദല്‍ഹിയിലെ നിര്‍ഭയകേസിന് സമാനമായ സംഭവമാണിതെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിക്ക് കുറ്റത്തില്‍ പശ്ചാത്താപമില്ലെന്നും ഇങ്ങനെയൊരാളെ സമൂഹത്തിലേക്ക് വിടാന്‍ പറ്റില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.


അതേസമയം ശിക്ഷാ വിധിയുടെ വാദത്തിനിടെ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തിരുന്നു. അമീറിന് അസമീസ് ഭാഷ മാത്രമെ അറിയുവെന്നും ആ ഭാഷ അറിയുന്നവര്‍ കേസന്വേഷിക്കണമെന്നും അമീറുല്ലിന്റെ അഭിഭാഷകന്‍ ബി.എ ആളൂര്‍ ആവശ്യപ്പെട്ടു. പ്രതി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്നും ആളൂര്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ അമീറിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. നിലവില്‍ ശിക്ഷ സംബന്ധിച്ച വാദമാണ് നടക്കുന്നതെന്നും അത് സംബന്ധിച്ച വാദമാണ് നടത്തേണ്ടതെന്നും കോടതി ഓര്‍മിപ്പിക്കുകയായിരുന്നു.

കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറല്‍, അന്യായമായി തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രോസിക്യൂഷന്‍ ആരോപിച്ച തെളിവുനശിപ്പിക്കല്‍, പട്ടികവര്‍ഗ പീഡനനിരോധന നിയമം എന്നിവ കണ്ടെത്തിയിട്ടില്ല. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഒരുവര്‍ഷം നീണ്ട വിസ്താരത്തിനൊടുവിലാണ് കേസില്‍ വിധി പറഞ്ഞത്.

എട്ട് മാസം കൊണ്ടാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയായത്. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുല്‍ ഇസ്ലാം ആണ് കേസിലെ ഏക പ്രതി.

അമീര്‍ പൊലീസിന്റെ ഡമ്മി പ്രതിയാണെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗം കോടതിയില്‍ ശ്രമിച്ചത്. ശാസ്ത്രീയതെളിവുകള്‍ പൊലീസ് തന്നെ സൃഷ്ടിച്ചതാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ മാസങ്ങളായി രഹസ്യവിസ്താരം തുടരുകയായിരുന്നു. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും അന്തിമവാദം കേള്‍ക്കാന്‍ ജിഷയുടെ അമ്മ രാജേശ്വരിയും കോടതിയില്‍ എത്തിയിരുന്നു.

അതിക്രമിച്ചു കയറല്‍, വീടിനുള്ളില്‍ അന്യായമായി തടഞ്ഞുവയ്ക്കല്‍, കൊലയ്ക്കു ശേഷം തെളിവു നശിപ്പിക്കല്‍, ദളിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

മാര്‍ച്ച് 13 നാണു കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു. 292 രേഖകളും തെളിവായി കൊണ്ടുവന്നിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് അമീറിനെതിരെ പ്രോസിക്യൂഷന്‍ പ്രധാനമായും അവതരിപ്പിച്ചത്.

2016 ഏപ്രില്‍ 28 നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി, ജിഷയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്.

ജിഷയുടെ വീട്ടിലെ വാതിലില്‍ കണ്ട രക്തക്കറ, യുവതിയുടേതല്ലാത്ത തലമുടി, ജിഷയുടെ നഖങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ച തൊലിയുടെ ഭാഗം, വസ്ത്രത്തില്‍പറ്റിപ്പിടിച്ചിരുന്ന ഉമിനീര്‍, വീടിന് പുറത്ത് നിന്ന്‌ലഭിച്ച ചെരിപ്പ് തുടങ്ങിയവയായിരുന്നു അന്വേഷണ സംഘത്തിന് കിട്ടിയ തെളിവുകള്‍.

മുന്‍ഭാഗത്തെ പല്ലിന് വിടവുളളയാളാണ് പ്രതിയെന്ന ഫൊറന്‍സിക് നിഗമനത്തിന്റെ അടിസ്ഥാനത്തിലും പല്ലിനു വിടവുളള അമ്പതിലേറെ പേര്‍ പൊലീസ് ചോദ്യം ചെയ്തത്.

ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍, ജിഷയുടെ ശരീരത്തിലും വസ്ത്രങ്ങളിലും നിന്ന് ലഭിച്ച പ്രതിയുടെ രക്തക്കറയുടെയും ഉമിനീരിന്റെയും സാമ്പിളുപയോഗിച്ച് കണ്ടെത്തിയ ഡിഎന്‍എ സാമ്പിളാണ് മുഖ്യതെളിവായത്.

ഇരുപത്തിയേഴ് ലക്ഷം ഫോണ്‍ വിളികളാണ് അന്വേഷണ കാലയളവില്‍ പൊലീസിന് പരിശോധിക്കേണ്ടി വന്നത്. അയ്യായിരത്തിലേറെ വിരലടയാളങ്ങളും പരിശോധിച്ചു. രണ്ടായിരത്തിലേറെ പേരെയാണ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്.

ലോക്കല്‍ പൊലീസ് അന്വേഷണം എങ്ങുമെത്താതായതോടെ ആദ്യം ഐ.ജിയുടെ നേതൃത്വത്തിലും പിന്നീട് സര്‍ക്കാരു മാറിയപ്പോള്‍ എ.ഡി.ജി.പിയുടെ നേതൃത്വത്തിലുമായി അന്വേഷണ സംഘം എത്തുകയായിരുന്നു.

അഞ്ചു സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനിടെ ഇന്ത്യയിലെ പത്തിലേറെ സംസ്ഥാനങ്ങളില്‍ പൊലീസ് സംഘം പോയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss