|    Oct 23 Mon, 2017 4:32 am
Home   >  Todays Paper  >  Page 4  >  

ജിഷ വധം: സാങ്കേതികപ്പിഴവുകള്‍ ചൂണ്ടിക്കാട്ടി പോലിസ് അപേക്ഷ

Published : 26th September 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി ദലിത് നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ എഫ്‌ഐആറിലെയും പോസ്റ്റുമാര്‍ട്ടം റിപോര്‍ട്ടിലെയും സാങ്കേതികപ്പിഴവുകള്‍ ചൂണ്ടിക്കാട്ടി പോലിസ് കോടതിയില്‍ അപേക്ഷ നല്‍കി.
ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടതെങ്കിലും 29നെന്നാണ് എഫ്‌ഐആറില്‍ ഉണ്ടായിരുന്നത്. ജിഷയുടെ മരണം സംഭവിച്ചത് വൈകീട്ട് മൂന്നരയ്ക്കും രാത്രി ഏഴരയ്ക്കും ഇടയിലാണെന്നായിരുന്നു കേസെടുക്കുന്ന സമയം പോലിസ് കണക്കൂകൂട്ടിയത്. ഇതനുസരിച്ചാണ് 28ന് വൈകീട്ട് 3.30ന് എന്ന ഉദ്ദേശ സമയം പോലിസ് തയ്യാറാക്കിയത്.
എന്നാല്‍, ഓണ്‍ലൈനില്‍ പകര്‍പ്പ് ലഭിച്ചപ്പോഴാണ് ഒരു ദിവസം വൈകി 29 എന്നാണ് തീയതി രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമായാത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സാങ്കിതകപ്പിഴവ് ചൂണ്ടിക്കാട്ടി പോലിസ് അപേക്ഷ നല്‍കിയത്. കുറുപ്പുംപടി കോടതിയില്‍ ഉണ്ടായിരുന്ന അപേക്ഷ കഴിഞ്ഞ ദിവസമാണ് കേസ് പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കൈമാറിയത്.
അതുപോലെ തന്നെ ജിഷയുടെ വലത് തോളെല്ലിലേറ്റ മുറിവ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ചേര്‍ക്കാന്‍ വിട്ടതായും ഇത് ടൈപ്പ് ചെയ്യുമ്പോഴുണ്ടായ പിശകാണെന്നും പോലിസ് കോടതിയില്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഡോക്ടര്‍മാരുടെ കത്തും നല്‍കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ജിഷയുടെ ശരീരത്തിലെ മുറിവിന്റെ ഭാഗം രേഖപ്പെടുത്തുന്നതില്‍ തെറ്റു കടന്നുകൂടിയെന്നും പോലിസ് കോടതിയെ അറിയിച്ചു. സാങ്കേതികപ്പിഴവ് മൂലമാണ് ഇങ്ങനെ തെറ്റ് കടന്നൂകൂടാന്‍ കാരണമായതെന്നാണ് പോലിസ് നല്‍കിയ വിശദീകരണം.
വിചാരണ വേളയില്‍ ഇതു തിരിച്ചടിയാവാതിരിക്കാന്‍ തെറ്റുകള്‍ തിരുത്തി വായിക്കണമെന്നും പോലിസ് കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. തെറ്റ് കണ്ടെത്തിയത് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നുവെന്നും ഓണ്‍ലൈന്‍ വഴി എഫ്‌ഐആര്‍ തയ്യാറാക്കിയപ്പോഴുണ്ടായ പിഴവാണ് ഇങ്ങനെ തെറ്റ് വരാന്‍ കാരണമെന്നും പോലിസ് കോടതിയില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക