|    Oct 21 Sat, 2017 5:05 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജിഷ വധം: മുഖ്യമന്ത്രി അസത്യപ്രചാരണം നടത്തുന്നു- ചെന്നിത്തല

Published : 11th July 2016 | Posted By: SMR

തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അസത്യം പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആദ്യത്തെ അന്വേഷണസംഘം കണ്ടെത്തിയതിനെക്കാള്‍ എന്ത് തെളിവാണ് പുതിയ അന്വേഷണസംഘം കണ്ടെത്തിയതെന്ന് അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലിസ് തെളിവുകള്‍ നശിപ്പിച്ചെന്നാണ് അദ്ദേഹം പറയുന്നത്. ഏത് തെളിവുകളാണ് പോലിസ് നശിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറയണം. മാത്രമല്ല, പോലിസ് ബോധമില്ലാതെ പെരുമാറിയെന്നും അദ്ദഹം പറയുന്നു. ആദ്യത്തെ സംഘം കണ്ടെത്തിയതിനെക്കാള്‍ തെളിവുകളൊന്നും പുതിയ അന്വേഷണസംഘം കണ്ടെത്തിയിട്ടില്ല. ആ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണസംഘം പ്രതിയെ കണ്ടെത്തിയത്. ഡിഎന്‍എ പരിശോധന, സിഡിആര്‍ പരിശോധന, ചെരിപ്പ്, ഉള്‍പ്പെടെയുള്ള തെളിവുകളെല്ലാം കഴിഞ്ഞ അന്വേഷണസംഘം കണ്ടെത്തിയതാണ്. ഇത്ഉപയോഗിച്ചാണ് പുതിയ അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. വസ്തുതകള്‍ ഇതായിരിക്കെ വളരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി കൊച്ചിയില്‍ നടത്തിയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
ഏത് തെളിവാണ് പോലിസ് മറച്ചുവച്ചതെന്ന് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. മൃതദേഹം ദഹിപ്പിച്ചെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജിഷയുടെ സഹോദരി ദീപയും അമ്മാവന്‍ സുരേശും പറഞ്ഞതനുസരിച്ചാണ് മൃതദേഹം ദഹിപ്പിച്ചത്. അതിനുള്ള എന്‍ഒസി കൊടുക്കുക മാത്രമാണ് പോലിസിന് ചെയ്യാനുള്ളത്. പോസ്റ്റുമാര്‍ട്ടം കഴിഞ്ഞാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നിട്ടും പ്രമാദമായ കേസില്‍ വസ്തുതകള്‍ അറിയാതെ അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഏത് പുതിയ തെളിവാണ് പുതിയ അന്വേഷണസംഘം കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പറയണം. ഇനിയും തെളിയാനുള്ള ഒട്ടേറെ കാര്യങ്ങളുണ്ട്. അവിടെ കണ്ടെത്തിയ മുടി, വിരലടയാളം തുടങ്ങിയവയെ—ക്കുറിച്ച് ഇനിയും വളരെ കാര്യങ്ങള്‍ തെളിയാനുണ്ട്. വസ്തുതകള്‍ മറച്ചുവച്ച് ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി അസത്യപ്രചാരണം നടത്തുന്നത് അംഗീകരിക്കാനാവിെല്ലന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക