|    Mar 21 Wed, 2018 12:57 pm
Home   >  Todays Paper  >  Page 5  >  

ജിഷ വധം: പ്രചരിപ്പിച്ചത് പലതും കെട്ടുകഥകള്‍

Published : 18th September 2016 | Posted By: mi.ptk

sp

ആലുവ:  ജിഷ വധക്കേസിലെ കുറ്റപത്രം കുറ്റമറ്റതെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ചത് പലതും കെട്ടുകഥകളാണെന്നും അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ ആലുവ റൂറല്‍ എസ്പി പി എന്‍ ഉണ്ണിരാജന്‍. ആദ്യം അന്വഷിച്ച സംഘത്തിന്റെ നിഗമനങ്ങള്‍ പലതും അസംബന്ധമായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രചരിച്ചതില്‍ പലതും കെട്ടുകഥകളായിരുന്നു. ജിഷയും അമ്മയും കുളിക്കടവില്‍ വച്ച് പ്രതിയുമായി വാക്കുതര്‍ക്കമുണ്ടായെന്ന് പറയുന്നത് വാസ്തവവിരുദ്ധമാണ്. പോലിസ് വിശദമായി അന്വേഷിച്ചെങ്കിലും ഇത്തരമൊരു സംഭവം ഉണ്ടായതായി ആരും പറഞ്ഞിട്ടില്ല. “ഇതാണ് നിങ്ങളെയൊന്നും വീട്ടില്‍ കയറ്റാത്ത’തെന്ന് കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പ് വാക്കു തര്‍ക്കത്തിനിടെ ജിഷ പറയുന്നത് കേട്ടതായി സാക്ഷിമൊഴിയുണ്ടെന്നതും മറ്റൊരു കെട്ടുകഥയാണ്. ഇത്തരമൊരു മൊഴി ആരും നല്‍കിയിട്ടില്ല. ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച പെന്‍ക്യാമറയില്‍ ദൃശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജിഷയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ അപരിചിതന്റെ വിരലടയാളത്തിന് കൊലപാതകവുമായി ബന്ധമില്ലെന്നും ഇത് നേരത്തേ എപ്പഴോ പതിഞ്ഞതാണെന്ന് പോലിസ് നടത്തിയ വിശദമായ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. ജിഷയുടെ ദേഹത്തെ കടിയേറ്റ പാട് വിലയിരുത്തി പ്രതിയുടെ പല്ലിന് വിടവുണ്ടെന്ന് വാദിക്കുന്നതില്‍ കഴമ്പില്ല. തുണിചേര്‍ത്ത് കടിച്ചാല്‍ യഥാര്‍ഥ പല്ലിന്റെ അടയാളമല്ല ദേഹത്ത് പതിയുക. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കടിയേറ്റ പാടിന്റെ സ്വഭാവം വിവരിക്കുന്നതല്ലാതെ കടിച്ചയാളുടെ പല്ലിന് വിടവുണ്ടെന്ന് പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിടവുള്ള പല്ലിന്റെ ഉടമയെ കണ്ടെത്താന്‍ ആപ്പിള്‍ കടിപ്പിച്ച് ആദ്യ അന്വേഷണസംഘം നടത്തിയ പരിശോധനകളെ തള്ളിപ്പറയുന്നതാണ് എസ്പിയുടെ പരാമര്‍ശങ്ങള്‍.കൊലപാതകത്തിന് പ്രേരിപ്പിച്ചത് അമീറിന്റെ സുഹൃത്തായ അനാറുല്‍ ഇസ്‌ലാമാണെന്നത് അടിസ്ഥാനമില്ലാത്തതാണ്. അനാറുല്‍ എന്ന പേരില്‍ ഇയാള്‍ക്ക് ഒരു സുഹൃത്ത് ഉള്ളതായി അന്വേഷണത്തില്‍ കണ്ടെത്താനായില്ല. പെരുമ്പാവൂരില്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നവരുടെ കൂട്ടത്തിലൊന്നും അനാറുല്‍ ഇസ്‌ലാം എന്ന പേരില്‍ ഒരാളില്ല. ഇങ്ങനെ പേരുള്ള ഒരാള്‍ പെരുമ്പാവൂരില്‍ താമസിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് ജിഷ ബലാല്‍സംഗത്തിനിരയായിരുന്നു. എന്നാല്‍, ബലാല്‍സംഗം പൂര്‍ത്തീകരിക്കാന്‍ പ്രതിക്ക് കഴിഞ്ഞില്ല. ഇതിന്റെ പ്രകോപനത്തിലാണ് ആയുധം ഉപയോഗിച്ച് പ്രതി ജിഷയുടെ ജനനേന്ദ്രിയത്തില്‍ കുത്തി മുറിവേല്‍പിച്ചത്.കൊലപാതകം നടന്ന ദിവസം ജിഷ സുഹൃത്തിനൊപ്പം പുറത്തുപോയിരുന്നുവെന്നും ഭക്ഷണം കഴിച്ചിരുന്നുവെന്നുമുള്ള പ്രചാരണവും തെറ്റാണ്. കൊലപാതകം നടന്ന ദിവസം ജിഷയുടെ നീക്കങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിച്ചു. ജിഷ പുറത്തുപോയിട്ടില്ലെന്നാണ് വ്യക്തമായത്. ജിഷ പുറത്തുപോയി തിരിച്ചുവരുന്നതിന്റെ ക്യാമറാ ദൃശ്യം ഉണ്ടെന്നത് തെറ്റായ പ്രചാരണമാണ്. ഇത്തരമൊരു ക്യാമറാ ദൃശ്യം ഇല്ല. ജിഷയുടെ അമാശയത്തിലുണ്ടായിരുന്ന ഭക്ഷണം വീട്ടില്‍ നിന്ന് തന്നെ കഴിച്ചതാണ്. കൊലപാതകത്തിനിടെ പ്രതി വായില്‍ ഒഴിച്ചു നല്‍കിയ മദ്യമാണ് ആമാശയത്തില്‍ കണ്ടെത്തിയത്. മരണ വെപ്രാളത്തിനിടെ വെള്ളം ചോദിച്ച ജിഷയ്ക്ക് പ്രതി അയാളുടെ കൈയിലുണ്ടായിരുന്ന മദ്യം വായിലൊഴിച്ചു നല്‍കുകയായിരുന്നു. ഈ സമയത്ത് ജിഷ അര്‍ധബോധാവസ്ഥയിലായിരുന്നു. ജിഷയെ കുത്താനുപയോഗിച്ച കത്തി നേരത്തേ തന്നെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് ഡിഎന്‍എ പരിശോധനയിലാണ് കത്തിയിലെ രക്തക്കറയില്‍നിന്ന് ജിഷയുടെ ഡിഎന്‍എ ലഭിച്ചത്. ജിഷയെ ബലാല്‍സംഗത്തിനിരയാക്കണമെന്ന ഉദ്ദേശ്യത്തോടെ മദ്യലഹരിയില്‍ എത്തിയ പ്രതി ധൈര്യത്തിന് വേണ്ടിയാണ് കത്തി കൈയില്‍ കരുതിയത്. അതേസമയം കൊലപാതകം നടത്തുമ്പോള്‍ പ്രതി ധരിച്ചിരുന്ന വസ്ത്രം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആലുവയില്‍ നിന്നും അസമിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഇത് പുറത്തേക്കെറിഞ്ഞു കളയുകയായിരുന്നു. തെളിവ് നശിപ്പിച്ചതിനുള്ള കുറ്റം അമീറുള്ളിനെതിരേ ചുമത്തിയിട്ടുണ്ടെന്നും എസ്പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss