|    May 27 Sun, 2018 1:32 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ജിഷ വധം ചര്‍ച്ചചെയ്യുമ്പോള്‍

Published : 12th May 2016 | Posted By: SMR

മുസ്വദ്ദിഖ് കൊട്ടപറമ്പന്‍

ജിഷ എന്ന ദലിത് പെണ്‍കുട്ടിയുടെ കൊലപാതകം ഉയര്‍ത്തുന്ന രാഷ്ട്രീയം കേവലം ഒരു സ്ത്രീ എന്ന നിലയ്ക്കല്ല. ഡല്‍ഹിയില്‍ സമാനമായ രീതിയില്‍ കൊലചെയ്യപ്പെട്ട നിര്‍ഭയ എന്ന വിദ്യാര്‍ഥിയുമായോ കേരളത്തിലെ സൗമ്യ സംഭവവുമായോ ജിഷയുടെ കൊലപാതകത്തിന് സാമ്യമില്ല. ഈ കൊലപാതകങ്ങളില്‍ രണ്ടിലും വളരെ പ്രത്യക്ഷമായി കാണപ്പെട്ട വ്യത്യസ്ത രാഷ്ട്രീയത്തെ വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടതുണ്ട്.
ജിഷയുടെ കൊലപാതകം ദേശീയ-അന്തര്‍ദേശീയ വിഷയമാക്കി മാറ്റിയത് സാമൂഹിക മാധ്യമങ്ങള്‍ തന്നെയാണ്. എന്നാല്‍, ഈ സാമൂഹിക മാധ്യമങ്ങളില്‍ വലിയൊരു ശതമാനം ജിഷ സംഭവത്തെ അഭിമുഖീകരിച്ചത് കേരളം എന്ന ‘മഹത്തായ സംസ്ഥാനത്ത്’ സംഭവിക്കാന്‍ പാടില്ലാത്ത ഒരു സംഭവം എന്ന നിലയ്‌ക്കോ സംരക്ഷിക്കപ്പെടേണ്ട സ്ത്രീ എന്ന നിലയ്‌ക്കോ ആണ്.
കൊല്ലപ്പെടുന്നതിനു മുമ്പുള്ള ജിഷയുടെ ജീവിതവും ഭീകരമായി ഭേദ്യംചെയ്യപ്പെട്ടതിനു ശേഷമുള്ള ആ ദിവസങ്ങളും അവളിലെ ദലിത് എന്ന സ്വത്വത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. പ്രതികൂലമായ സാഹചര്യങ്ങളില്‍ എറണാകുളം ലോ കോളജില്‍ നിയമം പോലെയുള്ള ഒരു കോഴ്‌സില്‍ പഠനം നടത്തിയിരുന്ന ജിഷയോടും അമ്മയോടും വളരെ കിരാതമായായിരുന്നു അയല്‍വാസികള്‍ പെരുമാറിയിരുന്നതെന്ന് പത്രവാര്‍ത്തകള്‍ പറയുന്നു. ദലിത് ഉന്നമനത്തില്‍ അസഹിഷ്ണുതപ്പെടുന്ന ഒരു വരേണ്യത, ഏതൊരു ദലിത് ജീവിതത്തെയുംപോലെ ജിഷയുടെ കാര്യത്തിലും ഉണ്ടായിട്ടുണ്ട്.
പ്രാഥമികാവശ്യത്തിനുള്ള സൗകര്യംപോലും ജിഷയ്ക്കും അമ്മയ്ക്കും നിഷേധിക്കപ്പെട്ടു. ഒരു വീടും ചില്ലറ സൗകര്യവുമൊരുക്കാന്‍ മുന്നിട്ടിറങ്ങിയ സന്നദ്ധസംഘടനകളെ അതില്‍നിന്നു മുടക്കാനും ‘പാരവയ്ക്കാനും’ അയല്‍വാസികള്‍ മുന്നിട്ടിറങ്ങിയതും വാര്‍ത്തയായിരുന്നു. ഇങ്ങനെ തികച്ചും ഒരു പുറമ്പോക്കില്‍ ജീവിക്കുകയും ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുകയും ചെയ്യുന്ന ഒരു പകല്‍സമയത്താണ് ജിഷ വീട്ടിനുള്ളില്‍ കൊലചെയ്യപ്പെട്ടത്. ഒന്ന് അലറിവിളിച്ചാല്‍ തീര്‍ച്ചയായും നിലവിളികേള്‍ക്കുന്നത്രയും അകലത്തിലായിട്ടുപോലും ആരും അറിയാതെ, പട്ടാപ്പകല്‍ ജിഷ കൊലചെയ്യപ്പെട്ടത് ശ്രദ്ധിക്കപ്പെടാതെപോയത് നടേ പറഞ്ഞ ഈ മനോഭാവം തന്നെയാണ്. ദലിത് ജീവിതങ്ങള്‍ ഉയര്‍ന്നുവരേണ്ടതല്ലെന്നും അത് ഭര്‍ത്‌സിക്കപ്പെടാനും വികൃതമാക്കപ്പെടാനുമുള്ളതാണെന്ന മേലാളചിന്തതന്നെയാണ് ഇവിടെ പ്രവര്‍ത്തിച്ചത്.
ഇനി മരണം സംഭവിച്ചശേഷമോ? ഒരു സാധാരണ ‘മനോരോഗിയായ’ അമ്മയുടെ മകള്‍ കൊലചെയ്യപ്പെട്ടെന്ന രീതിയിലുള്ള വാര്‍ത്ത ഒന്നോ രണ്ടോ പത്രങ്ങളില്‍ പ്രാദേശിക പേജില്‍ അച്ചടിച്ചുവന്നു. മരണം നടന്ന് അഞ്ചുദിവസമായിട്ടും അതൊരു വിഷയമായതേയില്ല. കേരളത്തിലെ വരേണ്യവര്‍ഗം താരതമ്യേന സുരക്ഷിതരാണ്. അതിനാല്‍ത്തന്നെ ജിഷയുടെ മരണം അവരെ സംബന്ധിച്ചിടത്തോളം ‘ഞെട്ടാനുള്ള’ ഒരു വാര്‍ത്തയായിരുന്നില്ല. സമൂഹത്തിനാവശ്യമുള്ളതല്ലേ മാധ്യമങ്ങളും ചിന്തിക്കൂ. ഈ അര്‍ഥത്തിലാണ് ജിഷയുടെ മരണം അവര്‍ക്ക് ഒരു ‘ഷോക്കിങ് ന്യൂസ്’ ആവാതിരുന്നത്. അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദലിതനും സമൂഹത്തില്‍ വളരെ ദുര്‍ബലമായ ഒരു ഇടം മാത്രമേയുള്ളൂ. ഒരു കൊലയാളിക്കോ അയല്‍ക്കാരനോ പോലിസിനു തന്നെയും അന്യായമായി കടന്നുവരാന്‍ കഴിയുന്ന ആ ചെറിയ ഇടത്തിലേക്ക് ഓരോ സമയങ്ങളില്‍ ഓരോരുത്തരായി കടന്നുവരുന്നു. സമൂഹം കല്‍പിച്ചുനല്‍കിയ ഈ ഇടത്തില്‍നിന്ന് ഒരിഞ്ചു വ്യതിചലിച്ചാല്‍ ഏതൊരു ദലിതനും ഇതുതന്നെയാണ് അവസ്ഥ എന്നാണു ജിഷ സംഭവം വീണ്ടും തെളിയിക്കുന്നത്. നിര്‍ഭയ സംഭവത്തില്‍ പോലിസും മാധ്യമങ്ങളും പാലിച്ച സൂക്ഷ്മത ജിഷയുടെ കാര്യത്തിലെത്തുമ്പോള്‍ തീരെ പാലിക്കപ്പെടുന്നില്ല. ഡല്‍ഹിയില്‍ ബലാല്‍സംഗം ചെയ്ത് കൊലചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് ‘നിര്‍ഭയ’ എന്ന ഒരു ഓമനപ്പേരിട്ടു. ഡല്‍ഹിയിലെ ഓരോ സ്ത്രീയും താന്‍ ‘നിര്‍ഭയ’യാണെന്നും ഏതുനേരവും താന്‍ ആക്രമിക്കപ്പെട്ട് കൊലചെയ്യപ്പെടാമെന്നും പേടിക്കാന്‍ തുടങ്ങി. അവരുടെ സുരക്ഷയെക്കുറിച്ചുള്ള ഭീതി മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. ഭരണകൂടം നിര്‍ഭയ ആക്റ്റ് എന്ന പേരില്‍ ഒരു നിയമം തന്നെ കൊണ്ടുവന്നു. എന്നാല്‍, ജിഷയുടെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ലെന്നു മാത്രമല്ല, ഓരോരുത്തരും അവര്‍ക്ക് ആവുംവിധം അവരുടെ സ്വകാര്യ ഇടത്തിലേക്ക് അന്യായമായി കയറിച്ചെന്നു. ആ അമ്മയുടെ കരച്ചില്‍ മാധ്യമങ്ങള്‍ക്കു ഒരു കാഴ്ചവസ്തുവായി. അതിനപ്പുറം നിര്‍ഭയ കേസിലെന്നപോലെയുള്ള ഒരുതരം അറ്റാച്ച്‌മെന്റ് ജിഷയോടും ആ അമ്മയോടും മധ്യവരേണ്യവര്‍ഗത്തിന് ഉണ്ടായതുമില്ല.
ഇക്കഴിഞ്ഞ മാര്‍ച്ച് 29നു രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഡെല്റ്റ് മെഗവാള്‍ എന്ന ദലിത് പെണ്‍കുട്ടിക്ക് ജിഷയുടെ കൊലപാതകത്തോട് നല്ല സാമ്യമുണ്ട്. അധ്യാപികയാവാന്‍ പഠിച്ചിരുന്ന 17 വയസ്സുള്ള ഈ മിടുക്കി പ്ലസ്‌വണ്ണിനു പഠിക്കുമ്പോള്‍ ചിത്രകലാമല്‍സരത്തില്‍ സംസ്ഥാനതല വിജയിയായിരുന്നു. മാര്‍ച്ച് 21ന് അവള്‍ പഠിച്ചിരുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഹോസ്റ്റലിലെ വെള്ളടാങ്കില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു. മുനിസിപ്പാലിറ്റി വക മാലിന്യം കൊണ്ടുപോവാറുള്ള ട്രാക്ടറിലാണ് ഈ ദലിത് വിദ്യാര്‍ഥിനിയുടെ മൃതശരീരം പോലിസ് കൊണ്ടുപോയത്. ദുരൂഹമരണമായിട്ടുകൂടി ഒരു വീഡിയോപോലും എടുത്തില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നേരത്തേ കഴിഞ്ഞതിനാല്‍ ഒരു പ്രാധാന്യവുമില്ലാത്ത പ്രാദേശിക പേജില്‍ ചുരുങ്ങി. അവിടെയും ആ മരണം ആ ദലിത് കുടുംബത്തിന്റെ നഷ്ടം മാത്രമായി അവസാനിച്ചു.
ജിഷയുടെ മരണവും അതിന് ഇപ്പോള്‍ ലഭിച്ച മാധ്യമശ്രദ്ധയും ചിലര്‍ക്കെങ്കിലും അസ്വസ്ഥതയുണ്ടാക്കുന്നുവെന്നതിന്റെ തെളിവാണ് സോഷ്യല്‍ മീഡിയകളില്‍ ചിലയിടങ്ങളില്‍ കാണപ്പെടുന്നത്. തീരെ വിലയില്ലാത്ത ഈ കറുത്ത ദലിത് ശരീരങ്ങള്‍ എന്താണിങ്ങനെ വീണ്ടും കാണിച്ചുകൊണ്ടിരിക്കുന്നതെന്നാണ് വ്യംഗ്യമായ ചോദ്യം. സ്വന്തം മകളെ നഷ്ടപ്പെട്ടതിന്റെ ദുഃഖം വരുന്നവരോടു മുഴുവന്‍ കരളലിയിക്കുന്ന രൂപത്തില്‍ പങ്കുവയ്ക്കുന്നതിനെ ‘ഓവര്‍ ആക്റ്റിങ്’ എന്നു ചിലര്‍ക്കു തോന്നുന്നത് ഈ ദലിത് വിരുദ്ധ മനോഭാവം അറിയാതെ പുറത്തുചാടുമ്പോഴാണ്.
മകള്‍ നഷ്ടപ്പെട്ട ഒരമ്മയുടെ വൈകാരികപ്രകടനങ്ങളെപ്പോലും അസഹിഷ്ണുതയോടെ കാണുകയും അതില്‍ അശ്ലീലം കണ്ടെത്തുകയും ചെയ്യുന്നത് ദലിത് വിരുദ്ധ മനോഭാവമല്ലെങ്കില്‍ മറ്റെന്താണ്? ദലിത് എന്നത് ഒരു ജാതിപ്പേരല്ലെന്നും അതൊരു ജന്മാനുഭവത്തിന്റെ പേരാണെന്നുമുള്ള ബാലപാഠമാണ് നാം ഇനിയും ആര്‍ജിക്കേണ്ടത്. കേവലമൊരു സ്ത്രീഅനുഭവം എന്നതില്‍നിന്നു മാറി ഒരു ദലിത് അനുഭവമായിജിഷ സംഭവത്തെ മനസ്സിലാക്കേണ്ടതുണ്ട്. സ്ത്രീ ആയതുകൊണ്ടല്ല, മറിച്ച് ദലിത് സ്വത്വം പേറുന്നതുകൊണ്ടാണ് ജാതീയമായ മതിലുകള്‍ പൊളിച്ചുമാറ്റാന്‍ കഴിയാത്തതെന്നും തനിക്കു സ്വന്തമായ ഒരു ഇടം ഇന്ത്യന്‍ ജാതിബോധത്തില്‍ അനുവദിക്കപ്പെട്ടില്ലെന്നും എന്നാല്‍, അനുവദിക്കപ്പെട്ട പരിമിതമായ ഇടമാവട്ടെ ആര്‍ക്കും എപ്പോഴും കൈയേറ്റം ചെയ്യാന്‍ പാകത്തില്‍ ദുര്‍ബലമാണെന്നും ദലിത് തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. ഈ അതീവ ദുര്‍ബലമായ ഇടവും അതിലെ ദലിത് ജീവിതവുമാണ് ജിഷ സംഭവവുമായി പിന്നാക്ക-ദലിത്-ആദിവാസി സംഘടനകള്‍ പ്രശ്‌നവല്‍ക്കരിക്കുന്നത്. ഒരു ദലിത് കുടുംബത്തിനുണ്ടായ ഈ ദുരനുഭവത്തെ ‘ദലിത്’ എന്ന് അഭിസംബോധന ചെയ്യുന്നതില്‍ അസ്വസ്ഥതയുണ്ടാവുന്നവര്‍ക്ക് കേരളീയ ജാതിബോധത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള അജ്ഞതയാണ്. സമൂഹം കല്‍പിച്ചുതന്ന പരിമിതമായ ഇടത്തില്‍നിന്നു വളരാനുള്ള ഒരു ദലിത് പെണ്‍കുട്ടിയുടെ ശ്രമത്തെയാണ് ജാതീയത അറുകൊല ചെയ്തത്.

(ഹൈദരാബാദ് ഇഫ്‌ലുവില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss