|    Oct 20 Fri, 2017 6:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജിഷ വധം: കുറ്റപത്രം സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചു

Published : 24th August 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമ വിദ്യാര്‍ഥിനി ജിഷ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പിക്കാന്‍ സമയമാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പിച്ച പ്രത്യേക അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതിനു ശേഷം കുറ്റപത്രം സമര്‍പിക്കാന്‍ 90 ദിവസം സമയം കൊലക്കേസുകളില്‍ പ്രോസിക്യൂഷനു കിട്ടും. ഈ പരിധിക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലേല്‍ പ്രതിക്ക് സോപാധികജാമ്യം അനുവദിക്കണമെന്നാണ് നിയമം. എന്നാല്‍, ജിഷ വധക്കേസില്‍ ദലിത് പീഡനനിരോധന നിയമം കൂടി ഉള്‍പ്പെടുത്തിയതിനാല്‍ 60 ദിവസത്തിനകം കുറ്റപത്രം സമര്‍പിക്കേണ്ടതിനാലാണ് പോലിസ് കാലാവധി നീട്ടിച്ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചത്.
ഈ 60 ദിവസത്തെ സമയം പാലിക്കണമെന്നത് അന്വേഷണ ഉദ്യോഗസ്ഥനുള്ള നിയമപരമായ ബാധ്യതയാണ്. അല്ലാത്തപക്ഷം അതിനുള്ള കാരണം കോടതിയെ അറിയിക്കണമെന്ന് നിയമമുണ്ട്. തുടര്‍ന്ന് കൊലപാതകക്കുറ്റം അന്വേഷിക്കേണ്ടതിനാല്‍ കോടതി സമയപരിധി 90 ദിവസമായി നീട്ടുകയായിരുന്നു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ വീണ്ടും ഹാജരാക്കിയ പ്രതിയെ കോടതി സപ്തംബര്‍ ആറു വരെ റിമാന്‍ഡ് ചെയ്തു.
പ്രതിക്കുവേണ്ടി അഡ്വ. പി രാജന്‍ ഹാജരായി. എന്നാല്‍, അമീറിന്റെ ബന്ധുക്കള്‍ കേസ് നടത്തിപ്പിനായി തന്നെ സമീപിച്ചെന്നും അതിനാല്‍ പ്രതിയെ ജയിലില്‍ പോയിക്കണ്ട് വക്കാലത്ത് ഒപ്പിടീക്കാന്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട്  മറ്റൊരു അഭിഭാഷകനായ ആളൂര്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍കുമാര്‍ ഇത് തള്ളി. മറ്റൊരു അഭിഭാഷകനെ വേണമെങ്കില്‍ പ്രതിക്ക് കോടതിയില്‍ നേരിട്ട് ആവശ്യപ്പെട്ട് പ്രത്യേക അനുമതിവാങ്ങാവുന്നതാണ്. എന്നാല്‍, അമീറുല്‍ ഇസ്‌ലാമിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയ സമയത്ത് നിലവിലെ അഭിഭാഷകനെ മാറ്റുന്ന കാര്യം കോടതിയില്‍ ആവശ്യപ്പെടുകയുമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് അപേക്ഷ തള്ളിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക