|    Jan 21 Sat, 2017 10:09 am
FLASH NEWS

ജിഷ വധം: കുറ്റപത്രം നാളെ സമര്‍പ്പിക്കും

Published : 16th September 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ഥിനി ജിഷയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം നാളെ കുറ്റപത്രം സമര്‍പ്പിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിക്കുന്നത്. ലൈംഗികവൈകൃത സ്വഭാവമുള്ള പ്രതി ജിഷയെ മാനഭംഗപ്പെടുത്താനുള്ള ശ്രമത്തിനിടെ കൊലപ്പെടുത്തുകയായിരുന്നുവെന്നു കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നതായാണു വിവരം.
പ്രതി അമീറുല്‍ ഇസ്‌ലാമിനെതിരേ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള 90 ദിവസത്തെ സമയപരിധി കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍ അന്നേ ദിവസം പൊതു അവധിയായതിനാലാണ് നാളെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ട്.
സംഭവദിവസം വീട്ടില്‍ ആരുമില്ലെന്നു മനസ്സിലാക്കി വീട്ടിലേക്കു ചെന്ന പ്രതി ജിഷയെ കടന്നുപിടിക്കുകയും ജിഷ ചെറുത്തതോടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിലും അടിവയറ്റിലും കുത്തുകയുമായിരുന്നു. മരണവെപ്രാളത്തില്‍ വെള്ളം ചോദിച്ചപ്പോള്‍ മദ്യം വായിലേക്ക് ഒഴിച്ചുകൊടുത്തു. ജിഷ മരിച്ചെന്ന് ഉറപ്പിച്ചശേഷം പ്രതി മടങ്ങിപ്പോകവെ സമീപത്തെ കനാലില്‍ പ്രതിയുടെ ചെരിപ്പ് പതിഞ്ഞുപോയെന്നും കുറ്റപത്രത്തിലുണ്ട്.
അമീര്‍ ഒറ്റയ്ക്കാണു കൃത്യം നടത്തിയതെന്നും സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതിക്ക് എതിരാണെന്നും റിപോര്‍ട്ടിലുണ്ട്.
അതേസമയം അമീറിന്റെ സുഹൃത്തായ അനാറുല്‍ അടക്കമുള്ളവരെക്കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശങ്ങളില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ ഏപ്രില്‍ 28ന് വൈകീട്ടാണ് ജിഷയെ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൂലിപ്പണിക്കു പോയിരുന്ന അമ്മ രാജേശ്വരി വൈകീട്ടോടെ തിരികെ വീട്ടിലെത്തിയപ്പോഴാണു കൊലപാതകവിവരം പുറത്തറിയുന്നത്. ആദ്യം കാര്യമായ രീതിയില്‍ സംഭവം ചര്‍ച്ച ചെയ്യാതെ പോയെങ്കിലും പിന്നീട് ജിഷ ക്രൂര പീഡനത്തിനിരയായാണു കൊല്ലപ്പെട്ടതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതോടെ മാധ്യമങ്ങള്‍ സംഭവം ഏറ്റെടുക്കുകയായിരുന്നു.
മുന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കേരളത്തെ ആകെ ഇളക്കിമറിച്ച കൊലപാതകക്കേസില്‍ കേരളം ഇന്നേവരെ കാണാത്ത രീതിയിലുള്ള അന്വേഷണമാണു തുടര്‍ന്നു നടന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 16നാണു പ്രതി അമീറിനെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനു ദൃക്‌സാക്ഷികളില്ലെങ്കിലും ശാസ്ത്രീയ തെളിവുകള്‍ പ്രതിക്കു പരമാവധി ശിക്ഷലഭിക്കാന്‍ സഹായിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.ക

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക