|    Apr 22 Sun, 2018 9:59 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജിഷ കൊല്ലപ്പെടുന്നതിന് തലേന്ന് വീടിനു നേരെ ആക്രമണം നടന്നിരുന്നതായി മാതാവ്

Published : 27th September 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമ വിദ്യാര്‍ഥിനി ജിഷ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രിയില്‍ വീടിനു നേരെ ആക്രമണം നടന്നിരുന്നതായി മാതാവ് രാജശ്വേരിയുടെ മൊഴി. ജിഷയുടെ കൊലപാതകത്തിന് ശേഷം പോലിസ് മുമ്പാകെ രാജേശ്വരി നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 18 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിനുശേഷം താന്‍ വളരെ ബുദ്ധിമുട്ടിയാണ് ജിഷയെ വളര്‍ത്തിയിരുന്നതെന്ന് രാജേശ്വരി നല്‍കിയ മൊഴിയില്‍ പറയുന്നു. കനാല്‍ പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു താനും മകളും താമസിച്ചിരുന്നത്. ജിഷയെ എല്‍എല്‍ബി വരെ പഠിപ്പിച്ചു. സല്‍സ്വഭാവിയായിരുന്നു ജിഷ. ജിഷ കൊല്ലപ്പെടുന്നതിന് തലേദിവസമായ ഏപ്രില്‍ 27ന് രാത്രിയില്‍ ആരോ വീടിന്റെ പുരപ്പുറത്തേക്ക് ചരലും കല്ലും എറിഞ്ഞിരുന്നുവെന്ന് രാജേശ്വരി മൊഴിയില്‍ പറയുന്നു. പിറ്റേദിവസം രാവിലെ നോക്കിയപ്പോള്‍ വീടിന്റെ പുറക് വശത്ത് അടുക്കിവച്ചിരുന്ന ഓടിന് മുകളില്‍ ബീഡിയും ലൈറ്ററും കണ്ടിരുന്നു. തുടര്‍ന്ന് ഇത് എടുത്ത് ഹോളോബ്രിക്‌സിനുള്ളില്‍ സൂക്ഷിച്ചു വച്ചിരുന്നുവെന്നും രാജേശ്വരി മൊഴിയില്‍ പറയുന്നു. ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28ന് രാവിലെ താന്‍ വീട്ടില്‍ നിന്നും പോവുന്ന സമയത്ത് ജിഷ വീട്ടില്‍ ഉണ്ടായിരുന്നു. വൈകീട്ട് ആറിന് ശേഷം അല്ലപ്രയിലുള്ള മോളി എന്ന സ്ത്രീയുടെ വീട്ടിലെത്തിയ താന്‍ അവരുടെ വീട്ടില്‍ നിന്നും  മൂന്നു നാല് പ്രാവശ്യം അവരെക്കൊണ്ട് ജിഷയെ വിളിപ്പിച്ചുവെങ്കിലും ജിഷ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് രാത്രി 8.30ഓടെ വീട്ടില്‍ എത്തി വിളിച്ചെങ്കിലും ജിഷ വാതില്‍ തുറന്നില്ല. തുടര്‍ന്ന് താന്‍ നിലവിളിച്ച് അയല്‍വക്കത്തുള്ളവരെയും മറ്റും അറിയിച്ചു. പിന്നീട് പോലിസ് എത്തി തന്നെ ആശുപത്രിയില്‍ ആക്കി. അതിനു ശേഷമാണ് മകള്‍ കൊല്ലപ്പെട്ട വിവരം താന്‍ അറിഞ്ഞതെന്നും രാജേശ്വരി മൊഴിയില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss