|    Sep 20 Thu, 2018 11:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജിഷ്ണു പ്രണോയ് കേസ് : പ്രതികള്‍ക്കു ജാമ്യം അനുവദിച്ചത് ശരിയായ രീതിയിലല്ല- സുപ്രിംകോടതി

Published : 6th May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി ശരിയായ രീതിയിലായിരുന്നില്ലന്ന് സുപ്രിംകോടതി. ജിഷ്ണു പ്രണോയ് കേസ് ഗൗരവമേറിയതാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ഹൈക്കോടതിയുടെ നിരീക്ഷണങ്ങളോടു യോജിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കെ കൃഷ്ണദാസിന്റെയും കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേലിന്റെയും ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ഹരജി പരിഗണിക്കവെയാണു കോടതിയുടെ നിരീക്ഷണം. സര്‍ക്കാരിന്റെ ഹരജിയില്‍ ഇരുവര്‍ക്കും കോടതി നോട്ടീസ് അയച്ചു. ജിഷ്ണു പ്രണോയ് കേസില്‍ ശക്തിവേലിനു നല്‍കിയ ജാമ്യവും ലക്കിടി കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്ത് അലിയെ മര്‍ദിച്ച കേസില്‍ കൃഷ്ണ ദാസിനു നല്‍കിയ ജാമ്യവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംസ്ഥാനസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ജിഷ്ണു കേസില്‍ പ്രതികളെ ചോദ്യംചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്നും സര്‍ക്കാരിനെതിരേ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇരുവര്‍ക്കും നല്‍കിയ ജാമ്യം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം കേസിന്റെ അന്വേഷണത്തെ അതു ബാധിക്കുമെന്നും ഇരുവരും സാക്ഷികളെ സ്വാധീനിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷനല്‍ സൊളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹന്‍ കോടതിയില്‍ വ്യക്തമാക്കി. ഹരജി മധ്യവേനലവധിക്കു ശേഷം കോടതി വീണ്ടും പരിഗണിക്കും. ലക്കിടിയിലെ നെഹ്‌റു അക്കാദമി ലോ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ചെന്നാണ് പി കെ കൃഷ്ണദാസിനെതിരായ കേസ്. ഷഹീറിന്റെ പരാതിയില്‍ കൃഷ്ണദാസ് അടക്കം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഈ കേസില്‍ ഹൈക്കോടതി കൃഷ്ണദാസിന് ജാമ്യം നല്‍കി—യിരുന്നു. ജിഷ്ണു പ്രണോയിയുടെ കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനും ഹൈക്കോടതി ജാമ്യംനല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss