|    Jan 24 Tue, 2017 12:43 pm
FLASH NEWS

ജിഷയുടെ മാതാവിനെയും സഹോദരിയെയും കാണാന്‍ പോലിസ് അനുവദിക്കുന്നില്ലെന്ന് ബന്ധു

Published : 15th May 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് വിധേയമായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ മാതാവിനെയും സഹോദരിയെയും ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ പോലിസ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി ജിഷയുടെ അമ്മയുടെ സഹോദരന്റെ ഭാര്യ ലൈല ബിജു. കേസില്‍ പോലിസും ആരോഗ്യവകുപ്പും ഒത്തുകളിക്കുകയാണെന്ന് ലൈല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണെ ന്നും അവരോട് സംസാരിക്കാനോ കൂട്ടിരിക്കാനോ ബന്ധുക്കള്‍ക്ക് അനുമതിയില്ലെന്നും ലൈല പറഞ്ഞു. ആരും അങ്ങോട്ടേയ്ക്ക് എത്തിനോക്കുന്നതിന് മുമ്പ് രാജേശ്വരിക്ക് കൂട്ടിരുന്നതും ശുശ്രൂഷിച്ചതും താനാണ്. എന്നാല്‍ ഇപ്പോള്‍ ആശുപത്രിയിലുള്ള വനിതാ പോലിസ് രജനിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിപിനും ചേര്‍ന്നാണ് ബന്ധുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം ജിഷയുടെ അമ്മായികൂടിയായ തനിക്ക് ഏത് സമയവും ജിഷയുടെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ആശുപത്രിയില്‍ ചെലവഴിക്കാന്‍ അനുമതി നല്‍കിയതാണെന്ന് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സന്ദര്‍ശിക്കാന്‍ പാടില്ലെന്ന പുതിയ ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്നായിരുന്നു ഇവരുടെ മറുപടി.
ജിഷയുടെ അയല്‍വാസിയായ സാബുവിന് ജിഷയുടെ കുടുംബത്തോട് മുന്‍വൈരാഗ്യമുണ്ടായിരുന്നതായും ലൈല ആരോപിച്ചു. പെയിന്റുപണിക്കാരനായിരുന്ന സാബുവിന്റെ വീട്ടില്‍ നിരവധി ചെറുപ്പക്കാര്‍ വരുമായിരുന്നു. ഇവര്‍ നിരന്തരം ശല്യം ചെയ്തതായി ജിഷ തന്നോട് പറഞ്ഞിരുന്നു. ദീപ തന്റെ വീട്ടിലാണ് ഒന്നരവര്‍ഷത്തോളം കഴിഞ്ഞിരുന്നത്. കടയിലെ ജോലികഴിഞ്ഞ് പലപ്പോഴും വൈകി വന്നിരുന്ന ദീപയെ തന്റെ അയല്‍ക്കാരായ കോളനി നിവാസികളുടെ പരാതിയെ തുടര്‍ന്ന് ഒരുദിവസം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ജോലിതിരക്കുള്ളതിനാലാണ് വൈകി എത്തുന്നതെന്നായിരുന്നു മറുപടി.
വൈകിവരുന്നത് തുടര്‍ക്കഥയായപ്പോള്‍ വിവരം ആരാഞ്ഞ തന്നോട് ഒരുദിവസം ദീപ ദേഷ്യത്തോടെ പെരുമാറിയെന്നും ലൈല പറഞ്ഞു. ദീപയ്ക്ക് ഹിന്ദി അറിയാമായിരുന്നു എന്നത് ഇപ്പോഴാണ് അറിയുന്നത്. എന്നാല്‍ ദീപയ്ക്ക് അന്യസംസ്ഥാനക്കാരനായ സുഹൃത്തുണ്ടോ എന്ന് തനിക്കറിയില്ല. തന്റെ ഭര്‍ത്താവ് മദ്യപിച്ച് വീട്ടിലെത്തുന്നത് ദീപയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഇതേതുടര്‍ന്ന് മൂന്ന് തവണ ഭര്‍ത്താവിനെതിരെ ദീപ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ലൈല പറഞ്ഞു .
ജിഷ കൊല്ലപ്പെട്ട് നാല് ദിവസത്തിന് ശേഷമാണ് പോലിസ് അന്വേഷണം ആരംഭിച്ചത്.ഇത് തെളിവുകള്‍ നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്. ജിഷയോട് കടുത്തവൈരാഗ്യമുള്ള ആരെങ്കിലുമായിരിക്കും കൊലനടത്തിയത്. മൃദേഹം ദഹിപ്പിക്കരുതെന്ന് അറിയില്ലായിരുന്നു. ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുമ്പോള്‍ ആംബുലന്‍സില്‍ കയറാന്‍ പോലും അയല്‍വാസികള്‍ തയ്യാറായില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാത്രി 8.45 ഓടെ മൃതദേഹം സംസ്‌കരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തത് വാര്‍ഡ് മെംമ്പറും കൂട്ടരുമാണ്. മകളുടെ ശരീരം കത്തിക്കരുതെന്ന് ജിഷയുടെ അമ്മ കരഞ്ഞ് പറഞ്ഞിരുന്നു.
മൃതദേഹം കുഴിച്ചിടാന്‍ സ്ഥലംസ്ഥലമില്ലാത്തതിനാല്‍ താനുള്‍പ്പെടെയുള്ളവര്‍ അത് അത്രകാര്യമാക്കിയെടുത്തില്ല. വാര്‍ഡ് മെമ്പറും കൂട്ടരും മുന്‍കൈ എടുത്താണ് മൃതദേഹം രാത്രി തന്നെ കത്തിച്ചത്. ആസമയത്ത് അവിടെ പോലിസ് ഇല്ലായിരുന്നുവെന്നും ലൈല ബിജു പറഞ്ഞു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 110 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക