|    Apr 20 Fri, 2018 8:27 pm
FLASH NEWS
Home   >  News now   >  

ജിഷയുടെ കൊലയാളി : പോലിസ് സ്‌റ്റോറിയിലെ ഒന്‍പത് അവിശ്വസനീയതകള്‍

Published : 17th June 2016 | Posted By: G.A.G

അജയമോഹന്‍ ജി എ ജി
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നില്‍ അസം സ്വദേശിയായ ഇരുപത്തിമൂന്നുകാരനാണെന്ന പോലിസിന്റെ കണ്ടെത്തല്‍ മലയാളികള്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. യാഥാര്‍ഥ്യം കെട്ടുകഥയേക്കാള്‍ വിചിത്രമാണെന്നാണ് പഴമൊഴിയെങ്കിലും അതിലേക്കാളൊക്കെ വിചിത്രമായൊരു ‘സ്റ്റോറി’യാണ് പോലീസ് ഇക്കാര്യത്തില്‍ മുന്നോട്ടു വെച്ചിട്ടുള്ളതെന്ന് പലര്‍ക്കും അനുഭവപ്പെടുന്നു.

ഇപ്പോള്‍ പിടിയിലായ പ്രതിയെക്കുറിച്ച് പോലിസ് പറയുന്നതായി മാധ്യമങ്ങളില്‍ വന്നിട്ടുള്ള കഥകളൊന്നും തന്നെ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടതല്ല. ഒരു പോക്കറ്റടിക്കാരനെപ്പിടിച്ചാല്‍പ്പോലും വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കുന്ന പോലിസ് ഇത്രയേറെ പ്രമാദമായ ഒരു കേസില്‍ ഔദ്യോഗികമായി വാര്‍ത്താസമ്മേളനം നടത്തിയിട്ടില്ലെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. വാര്‍ത്താസമ്മേളനം നടത്തി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം പോലിസ് ചെയ്തത് ഒരു വാര്‍ത്താക്കുറിപ്പ് പുറത്തുവിടുക മാത്രമാണ്. ഈ വാര്‍ത്താക്കുറിപ്പിലും പ്രതിയിലേക്ക് എത്തിച്ചേരാനിടയായ യുക്തിപൂര്‍വമായ നിഗമനങ്ങള്‍ വിശദീകരിച്ചിട്ടില്ല.

പോലീസ് പുറത്തു വിട്ട വാര്‍ത്താക്കുറിപ്പ് ഇതാ:Jisha-case1

Jisha-case2

ഈ വാര്‍ത്താക്കുറിപ്പിന് രണ്ട് ഭാഗങ്ങളാണുള്ളതെന്ന് കാണാം. ആദ്യഭാഗത്ത് പോലീസ് നടത്തിയ വിപുലമായ അന്വേഷണനടപടികളെക്കുറിച്ചാണ് പറയുന്നത്. ഇത് മാധ്യമങ്ങളിലൂടെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. രണ്ടാംഭാഗമാണ് അന്വേഷണത്തെക്കുറിച്ച് വിവരിക്കുന്നത്. ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ളതും ജനങ്ങളോട് പോലീസ് പറഞ്ഞുമനസിലാക്കേണ്ടതുമായ ഈ ഭാഗമാകട്ടെ വളരെ ശുഷ്‌കമായാണ് അവതരിപ്പിച്ചിട്ടുള്ളത്.

ആകെ പറയുന്നത് ഇതാണ്:

‘അന്വേഷണത്തിനിടയില്‍ സംഭവസ്ഥലത്ത് കനാലില്‍ കാണപ്പെട്ട ചെരുപ്പില്‍ നിന്നും ലഭ്യമായ രക്തം മരണപ്പെട്ട ജിഷയുടെതാണന്ന് തിരിച്ചറിഞ്ഞു. ജിഷയുടെ മുതുകില്‍ കാണപ്പെട്ട ബൈറ്റ് മാര്‍ക്കില്‍ നിന്നും ലഭ്യമായ ഉമിനീരും, ചെരിപ്പില്‍ കാണപ്പെട്ട രക്തവും, വാതിലിന്റെ കട്ടളയില്‍ നിന്നും കാണപ്പെട്ട രക്തവും ഒരാളുടെതാണ് എന്ന് ഡി.എന്‍.എ പരിശോധനയിലൂടെ മനസ്സിലായതിനാല്‍ പോലീസിന് പ്രതിയിലേക്ക് കൂടുതല്‍ അടുക്കാനായി. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് കിട്ടിയ ചെരിപ്പിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ ചെരുപ്പ് ഉപയോഗിക്കുന്നത് അസ്സാം കാരാനായ ഒരാളാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അയാളെ കേന്ദ്രീകരിച്ച് അന്വേഷിച്ചതില്‍ ജിഷയുടെ വീടിനു സമീപം താമസ്സിച്ചിരുന്ന അസ്സാം കാരനായ പ്രതി സംഭവ ദിവസം രാത്രി സ്ഥലം വിട്ടു പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. ആയാള്‍ അത്യന്തം ഗോപ്യമായി പല സ്ഥലങ്ങളില്‍ താമസിക്കുന്നതായും സംഭവസ്ഥലത്ത് പരിഭ്രാന്തിയോടെ നീക്കങ്ങള്‍ അന്വേഷിക്കുന്നതായും കണ്ടെത്തി.തുടര്‍ന്ന് അസ്സാമിലും ബംഗാളിലും തമിഴ്‌നാട്ടിലും ക്യാമ്പ് ചെയ്ത് അന്വേഷിച്ച് വരവെ അയാളെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിന് അടുത്ത് വച്ച് പോലീസ് വലയിലാക്കി’

പോലിസ് പറയുന്നത് വിശ്വസിച്ചാല്‍, ജിഷയുടെ രക്തം പുരണ്ടുവെന്ന് പരിശോധനയില്‍ കണ്ടെത്തിയ ചെരുപ്പാണ് കേസില്‍ നിര്‍ണായക തെളിവ്. കൊലപാതകം നടന്ന് പത്തു ദിവസത്തിന് ശേഷം കണ്ടെത്തിയ ചെരുപ്പില്‍ നിന്ന് രക്തം കണ്ടെടുത്തതിനെ ക്കുറിച്ച് സംശയം ഉന്നയിക്കുന്നവരുണ്ടെങ്കിലും ആധുനിക ഫോറന്‍സിക് പരിശോധനകള്‍്ക്ക് അതിന് സാധിക്കുമെന്നത് വസ്തുത തന്നെയാണെന്ന് സമ്മതിക്കുന്നു.എന്നാല്‍ ഉത്തരം കിട്ടാത്ത പൊരുത്തക്കേടുകള്‍ വേറെയുണ്ട്. അസം സ്വദേശിയായ ഒരു ഇരുപത്തിമൂന്നുകാരനെ മുന്നില്‍ നിറുത്തി കേസ് തെളിയിച്ചുവെന്ന് പോലിസ് പറയുമ്പോഴും വെള്ളം തൊടാതെ വിഴുങ്ങാന്‍ സാധിക്കാത്ത പലതും ഈ കഥകളിലുണ്ട്.

അവയില്‍ പ്രധാനപ്പെട്ടവ ചൂ്ണ്ടിക്കാണിക്കുന്നു:

1) കൊലയാളിയുടെ ലക്ഷ്യം:
കൊലപാതകം നടത്തുന്നതിന് എതൊരു കുറ്റകൃത്യത്തിനുമെന്നത് പോലെ ഒരു ഉദ്ദേശ്യം ഉണ്ടാകും. നിയമത്തിന്റെ ഭാഷയില്‍ ഇതിന് മോട്ടിവ് എന്നു പറയും. ആരോപിക്കപ്പെട്ട ആരോപണങ്ങള്‍ ഒരാള്‍ക്കുമേല്‍ തെളിയിക്കണമെങ്കില്‍ ഈ മോട്ടീവ് എന്തെന്ന് തെളിയിക്കേണ്ടതുണ്ട്. പോലിസ് ഈ കേസില്‍ ആരോപിച്ചിരിക്കുന്ന മോട്ടിവ് വളരെ ദുര്‍ബലമാണെന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ അനുഭവപ്പെടും. ഒരു ബലാല്‍സംഗം ചെയ്യാന്‍ വേണ്ടി മാത്രം ഒരാള്‍ ഇത്തരമൊരു കടുംകൈ ചെയ്യുമോ?  അതും ജീവിക്കാന്‍ നിവൃത്തിയില്ലാതെ മറ്റൊരു സംസ്ഥാനത്ത് ജോലിതേടി വന്ന ഒരു തൊഴിലാളി? ചെയ്ത കുറ്റത്തിന്റെ തീവ്രത അറിയാതെയാണെന്ന് പറയാനാവില്ല. പോലീസ് കഥയനുസരിച്ച് ഇയാള്‍ രായ്ക്ക്ു രാമാനം നാടുവിട്ടിരുന്നു.

ബലാല്‍സംഗം ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ അവയവങ്ങള്‍ വികൃതമാക്കിയെന്നാണ് പറയുന്നത്. തീരാത്ത ലൈംഗികദാഹവുമായി മാരകായുധങ്ങളുമായി ബലാല്‍സംഗത്തിന് പോയയാള്‍ അത് ചെയ്യാതെ മടങ്ങുമോ ? പോലിസിന് പ്രതി നല്‍കിയതായി പ്രചരിക്കുന്ന കഥ ഇതാണെങ്കിലും ബലാല്‍സംഗം ചെയ്തു കൊന്നു എന്നു തന്നെയാണ് പോലിസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നതും. ബലാല്‍സംഗം നടന്നുവെന്ന് പറയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനു പോലും സാധി്ച്ചി്ട്ടുമില്ല. ബലാല്‍സംഗം നടന്നിട്ടുണ്ടെങ്കില്‍ ഒരു തെളിവുപോലും ബാക്കിവെക്കാതെ അത് മറച്ചുവെക്കാന്‍ പ്രതിക്ക് സാധിച്ചതെങ്ങിനെ?

2) ചെരുപ്പ് :

chappel jisha

കേരളാ പോലിസിന്റെ ചരിത്രത്തിലെ മറ്റൊരു പൊന്‍തൂവലായി ചരിത്രം രേഖപ്പെടുത്തിയ എസ് കത്തിയെ കടത്തിവിടുന്ന തെളിവാണോ പ്രതിയുടേതായി പോലിസ് പറയുന്ന ചെരുപ്പ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കടയില്‍ നിന്നും ചെരുപ്പുവാങ്ങിയ ഓരോ ആളെയും ചെരിപ്പുകടക്കാരന് ഓര്‍മയുണ്ടാകുമോ? അതും സിമന്റ് തൊഴിലാളികള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വര്‍ഷങ്ങളോളം ഈടു നില്‍ക്കുന്ന തരത്തിലുള്ള ചെരുപ്പ് എന്നുവാങ്ങിയതാവും എന്നു പോലും പറയാനാവാത്ത സാഹചര്യത്തില്‍. ഒരു പക്ഷേ, ഒരു ബലാല്‍സംഗം ചെയ്യാനുള്ളതല്ലേ, പുതിയ ചെരുപ്പു വാങ്ങിക്കളയാം എന്ന് പ്രതി കരുതിയിട്ടുണ്ടാകും.

എസ് കത്തിയുടെ കാര്യം പോട്ടെ, കോഴിക്കോട്ടെ പ്രമാദമായ സുന്ദരിയമ്മ വധക്കേസിന്‍ പോലിസ് ഹാജരാക്കിയ കൊടുവാളി്‌ന്റെ ഗതിയാവില്ല ഈ ചെരുപ്പിന് എന്ന് കരുതാം.

( സുന്ദരിയമ്മ കേസിനെപ്പറ്റി അല്‍പ്പം :2012 ജൂലായ് 21നാണ് കോഴിക്കോട്ട് ഇഡ്ഡലി വില്‍പന നടത്തി ജീവിച്ച സുന്ദരിയമ്മ ശരീരത്തില്‍ 26 മുറിവുകളേറ്റ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഹോട്ടല്‍ ജോലിക്കാരനായ ഒരു യുവാവിനെയാണ് കേസില്‍ പോലിസ് പ്രതിയാക്കിയത്. 52 രേഖകളും 16 തൊണ്ടിമുതലുകളും പോലിസിന് ലഭിച്ചു. കൊലയ്ക്കുപയോഗിച്ചതെന്ന് പറയുന്ന കത്തി തൊട്ടടുത്ത ക്ഷേത്രക്കുളത്തില്‍ നിന്ന് കണ്ടെത്തി എന്നാണ് പോലിസ് അവകാശപ്പെട്ടത്. രാസപരിശോധന നടത്തിയപ്പോള്‍ അതില്‍ രക്തക്കറ കണ്ടെത്താന്‍ കഴിഞ്ഞില്ല. കുറേനാള്‍ വെള്ളത്തില്‍ കിടന്നാലും രക്താംശമുണ്ടെങ്കില്‍ അറിയാനാകുമെന്ന് വിദഗ്ധര്‍ മൊഴിനല്‍കിയതോടെ പോലിസ് വെട്ടിലായി. പ്രതിയെ വെറുതെ വിട്ട കോടതി തെളിവ് കൃത്രിമമായി ഉണ്ടാക്കിയതിന് സാധ്യത കാണുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രതിക്കെതിരായ തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് പറഞ്ഞ കോടതി സാക്ഷിമൊഴികളും വിശ്വാസത്തിലെടുത്തതുമില്ല. ഇതിനെല്ലാം പുറമെ പോലിസുദ്യോഗസ്ഥര്‍ ഒരുലക്ഷംരൂപ നഷ്ടപരിഹാരം നല്‍കുവാനും കോടതി വിധിച്ചിരുന്നു)

3)  ചെരുപ്പില്‍ കണ്ടത് ജിഷയുടെ രക്തമാണ്, പ്രതിയുടേതല്ല.

ഇതുയര്‍ത്തുന്ന നിരവധി ചോദ്യങ്ങള്‍ എസ് കത്തിയെക്കുറിച്ച് വല്ലാതെ ഓര്‍മപ്പെടുത്തുന്നു.

4) ഇത്ര സമര്‍ഥനോ ഈ അസം പണിക്കാരന്‍?
മലപോലെ വന്നത് എലി പോലെ പോയി എന്ന സ്ഥിതിയിലാണ് കേസിന്റെ ഗതി. ദേശീയമാധ്യമങ്ങള്‍ പോലും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ജിഷ വധക്കേസ്. സിസിടിവിയെ പല്ലിളിച്ചു കാട്ടി പോലിസിനെ വെല്ലുവിളിച്ചു കടന്നുകളഞ്ഞ അഖിലേന്ത്യാ ചോരന്‍ ബണ്ടിചോറിനെ സിനിമാസ്‌റ്റൈലില്‍ പിടികൂടിയ, സൂര്യനെല്ലിക്കേസിലെ ധര്‍മരാജനും സോളാര്‍കേസിലെ ബിജുവിനെയും നിരവധിയനവധി പ്രതികളെയും അല്‍പം ബുദ്ധിമുട്ടിയാണെങ്കിലും പിടികൂടാനായ കേരളാപോലിസ് ഇന്ത്യയിലെ തന്നെ മികച്ച കുറ്റാന്വേഷകരായാണ് അറിയപ്പെടുന്നത്. അതിന്റെ തലപ്പത്ത് ഇപ്പോഴുള്ളതാകട്ടെ അന്താരാഷ്ട്ര കുറ്റവാളി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയടക്കമുള്ളവരെ വിറപ്പിച്ച,എന്‍ഐഎയുടെ സ്ഥാപകരിലൊരാളായിപ്പോലും കണക്കാക്കപ്പെടുന്ന ലോക്‌നാഥ് ബെഹ്‌റ. എന്നിട്ടും ഒരു അസം പണിക്കാരന് ഇത്ര നാള്‍ എങ്ങിനെ പിടിച്ചു നില്‍ക്കാനായി ?

5)  സമര്‍ഥനായ വിഡ്ഢിയോ ?

ഇനി തെളിവ് നശിപ്പിക്കുന്നതിലും പോലിസിനെ വെട്ടിച്ചു കടന്നുകളയുന്നതിലും സമര്‍ഥനാണ് പ്രതിയെങ്കില്‍, കൊലനടത്തി ചോരപുരണ്ട ചെരുപ്പ് ചെളിപറ്റിയെന്നതിന്റെ പേരില്‍ നാലാള്‍ കാണുന്നിടത്ത് ഉപേക്ഷിച്ചിട്ടു പോകാന്‍ മാത്രം വിഡ്ഢിത്തം അയാള്‍ കാണിക്കുമോ ?

6) ആസൂത്രിതമായ വിഡ്ഢിത്തമോ?
ദേഹത്ത് രഹസ്യക്യാമറയുമായി നടക്കുന്ന ഒരു നിയമ വിദ്യാര്‍ഥിനിയെ, ഒന്നുറക്കെ സംസാരിച്ചാല്‍പ്പോലും അയല്‍ക്കാര്‍ കേള്‍ക്കുന്നിടത്തുവെച്ച് കൊലപ്പെടുത്തി ചെരുപ്പുപേക്ഷിച്ച് കടന്നുകളയാന്‍ മാത്രം ബൂദ്ധിമോശം ഇത്രയും പ്ലാനിങോടെ കൊല നടത്തിയ ഒരാള്‍ക്ക് സാധിക്കുമോ?

7) ഒരു വിഡ്ഢിയെ പിടിക്കാന്‍ ഇത്ര ബുദ്ധിമുട്ടോ ?

ഇനി ഇതേ ചോദ്യം തിരിച്ചിട്ടു ചോദിക്കുകയാണെങ്കില്‍ കൊലനടത്തി ചോരപുരണ്ട ചെരുപ്പ് ചെളിപറ്റിയെന്നതിന്റെ പേരില്‍ നാലാള്‍ കാണുന്നിടത്ത് ഉപേക്ഷിച്ചിട്ടു പോകാന്‍ മാത്രം വിഡ്ഢിയായ ഇയാളെ പിടികൂടാന്‍ അതിസമര്‍ഥരായ കേരളാ പോലിസിന് ഇത്രയധികം നാള്‍ വേണ്ടി വന്നതെന്തുകൊണ്ട് ?

8 ) ഇത്ര പ്രബലനോ ഈ ആസാമി?
ജിഷ മരിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് വിവരങ്ങള്‍ വാര്‍്ത്തയാകുന്നതും വിവാദങ്ങള്‍ കത്തിപ്പടരുന്നതും. ആദ്യം അന്വേഷിച്ച പോലിസ് സംഘം തെളിവുകള്‍ നശിപ്പിച്ചു എന്നാണ് പുതിയ സര്‍ക്കാര്‍ പറയുന്നത്. കേസ് എറ്റെടുത്ത പുതിയ പോലിസ്സംഘവും ഇത് ശരിവെക്കുന്നു. ജിഷയുടെ മൃതദേഹം നടപടിക്രമങ്ങള്‍ ലംഘിച്ചു പോലും, ദഹിപ്പിക്കപ്പെട്ടതും ഈ തെളിവു നശിപ്പിക്കലിന്റെ ഭാഗമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. തെളിവു നശിപ്പിക്കപ്പെട്ടുവെങ്കില്‍ അത് എന്തിന്, ആര്‍ക്കുവേണ്ടി, ഈ അസം പണിക്കാരന് കേരളത്തില്‍ ഇത്ര സ്വാധീനമോ?

9) ചോദ്യങ്ങള്‍ നേരിടാതെ പോലിസ്

പോലിസ് സ്‌റ്റോറിയിലെ ഇത്തരം പൊരുത്തക്കേടുകള്‍ ഇനിയുമേറെയുണ്ട്. ഇത്തരം പൊരുത്തക്കേടുകള്‍ക്കൊപ്പം മറ്റൊന്നുകൂടി ഉയര്‍ന്നുവരുന്നു. ഔദ്യോഗികമായി വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കാനും ചോദ്യങ്ങള്‍ക്കു മറുപടി പറയാനും തയ്യാറാകാത്ത പോലിസ് എന്തുകൊണ്ടാണ് അനൗദ്യോഗികമായി ഇത്തരം കഥകള്‍ പുറത്തുവിടുന്നത് ? പോലിസിന് പ്രതി മൊഴി നല്‍കിയതായി പറയപ്പെടുന്നതടക്കമുള്ള ഇത്തരം കഥകള്‍ ഏതുവഴിക്ക്, ആരുവഴിയാണ് മാധ്യമങ്ങള്‍ക്ക്ു ലഭിക്കുന്നത്. അങ്ങിനെ പുറത്തുവരുന്നതില്‍ ബുദ്ധിമുട്ടില്ലാത്ത പോലിസ് എന്തുകൊണ്ടാണ് ഇത് ഔദ്യോഗികമായി വിശദീകരിക്കാത്തത് ?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss