|    Apr 22 Sun, 2018 10:38 am
FLASH NEWS

ജിഷയുടെ കൊലപാതകം: രേഖാചിത്രവും സഹായിച്ചില്ല; ഇരുട്ടില്‍തപ്പി പോലിസ്

Published : 5th May 2016 | Posted By: SMR

കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസ് തയാറാക്കിയ രേഖാചിത്രത്തിനും കുറ്റവാളിയെ കണ്ടെത്താനായില്ല. അക്രമം നടന്ന ദിവസം ജിഷയുടെ വീടിന് പുറത്തുകണ്ട ആളുടെ ചിത്രമാണ് ദൃക്‌സാക്ഷികളുടെ സഹായത്തോടെ പോലിസ് തയാറാക്കിയത്.
അതേസമയം കണ്ണൂരില്‍നിന്ന് കസ്റ്റഡിയിലെടുത്ത അയല്‍വാസിയെ ആലുവ പോലിസ് ക്ലബില്‍ ചോദ്യം ചെയ്തുവരികയാണ്. അക്രമം നടക്കുമ്പോള്‍ ഇയാള്‍ പരിസരത്തുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനു സമീപത്തെ പന്തല്‍ നിര്‍മാണത്തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്.
അക്രമം നടന്ന ദിവസം പെണ്‍കുട്ടിയുടെ വീടിനു പുറത്ത് മഞ്ഞ ഷര്‍ട്ട് ധരിച്ചയാളെ കണ്ടിരുന്നെന്നും കനാല്‍ വഴിയാണ് രക്ഷപ്പെട്ടതെന്നുമാണ് മൊഴി. ഈ വ്യക്തിയെ തന്നെ അയല്‍വാസിയായ സ്ത്രീ കണ്ടതായും മൊഴിയുണ്ട്. ഈ രണ്ടു മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പോലിസ് സംശയിക്കുന്ന മുപ്പത്തഞ്ചുകാരന്‍ ലഹരിമരുന്ന് കേസില്‍ മുന്‍പ് പിടിക്കപ്പെട്ടയാളാണ്. പെരുമ്പാവൂരിലെ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ ജില്ലാഭരണകൂടത്തെ വിവരം ധരിപ്പിക്കുന്നതില്‍ വന്‍വീഴ്ചയാണ് വരുത്തിയത്. ദലിത് പീഡനം തടയുന്നതിനുള്ള നിയമമാണ് ലംഘിക്കപ്പെട്ടതെന്നാണ് ആരോപണം.
ഇക്കാര്യം ഗൗരവമായി പരിഗണിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം എന്നിവയുടെ നടത്തിപ്പിലും വീഴ്ചയുണ്ടായതായാണ് വിലയിരുത്തല്‍. സ്ത്രീകളെ ലക്ഷ്യംവച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടാവുമ്പോള്‍ വേണ്ട ജാഗ്രതയും പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മാനഭംഗം ഉണ്ടായിട്ടില്ലെന്ന പോലിസിന്റെ ആദ്യ നിലപാടും ദുരൂഹമാണ്. സ്വകാര്യഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുന്നത് മാനഭംഗമായി കണക്കാക്കണമെന്ന നിയമഭേദഗതി വന്നത് നിര്‍ഭയകേസിന് ശേഷമാണ്. അതുപോലും പാലിക്കപ്പെട്ടില്ല. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം എന്നിവ നടത്തിയ രീതിയെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss